
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷ് ഉന്നതരുടെ ബിനാമിയാണെന്ന സംശയത്തെ തുടര്‍ന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ആ വഴിക്കും വ്യാപിപ്പിക്കുന്നതായി സൂചന. സ്വപ്‌നയെ ബിനാമിയാക്കി സാമ്ബത്തിക ഇടപാട് നടത്തുന്ന ഉന്നതനെ കുറിച്ച് എന്‍ഫോഴ്സ്‌മെന്റിന് ചില സൂചനകള്‍ ലഭിച്ചതായാണ് അറിയുന്നത്. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ എന്‍ഫോഴ്സ്‌മെന്റ് വൃത്തങ്ങള്‍ തയ്യാറായിട്ടില്ല.
കമ്മിഷനില്‍ കണ്ണ്, ബിസിനസില്‍ പണമിറക്കി
വിദേശരാജ്യങ്ങളുമായി സഹകരിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളില്‍ ഇടനിലക്കാരിയായാല്‍ മികച്ച കമ്മിഷന്‍ കിട്ടുമെന്ന് സ്വപ്‌ന മനസിലാക്കിയിരുന്നു. ഇതാണ് യു.എ.ഇ സര്‍ക്കാരിന്റെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റിന്റെ കേരളത്തിലെ ഏജന്റ് ആവാന്‍ സ്വപ്‌നയെ പ്രേരിപ്പിച്ചത്. കമ്മിഷനിലൂടെ ലഭിച്ച നല്ലൊരു തുക സ്വപ്‌ന സ്വന്തം നിലയില്‍ ബിസിനസുകള്‍ക്കായി ഉപയോഗിച്ചിരുന്നതായും സൂചനയുണ്ട്. ഓഹരി വിപണിയിലും സ്വപ്‌ന പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് സൂചന. ബിസിനസ് തകരുകയോ ഷെയര്‍ മാര്‍ക്കറ്റില്‍ നഷ്ടം സംഭവിക്കുകയോ ചെയ്തതോടെയാണ് സ്വപ്‌നയ്ക്ക് സാമ്ബത്തിക പ്രതിസന്ധി ഉണ്ടായത്. ഇതോടെയാണ് സ്വപ്‌ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറില്‍ നിന്ന് പണം കടം വാങ്ങിയത്. രണ്ട് വര്‍ഷത്തിനിടെ മൂന്ന് തവണയാണ് ശിവശങ്കര്‍ സ്വന്തം കൈയില്‍ നിന്ന് സ്വപ്‌നയ്ക്ക് പണം നല്‍കിയത്. സ്വപ്‌നയുമായി അടുത്ത് ബന്ധമുണ്ടായിരുന്ന ശിവശങ്കറിന് അവരുടെ ബിസിനസ് സംബന്ധിച്ച് അറിയാമെന്നാണ് സൂചന. ഇല്ലെങ്കില്‍ സ്വപ്‌നയെ സഹായിക്കാന്‍ ശിവശങ്കര്‍ തയ്യാറാവുമായിരുന്നില്ല. എന്നാല്‍, കസ്റ്റംസോ, എന്‍.ഐ.എയോ ഇ.ഡിയോ നടത്തിയ ചോദ്യം ചെയ്യലില്‍ തനിക്ക് വേറെ ബിസിനസ് ഉണ്ടെന്നതിനുള്ള ഒരു സൂചനയും സ്വപ്‌ന നല്‍കിയിട്ടില്ല.
ലോക്കറില്‍ പണം വച്ചിട്ട്
കടം വാങ്ങിയത് എന്തിന്?
ഒരുകോടി രൂപ ബാങ്ക് ലോക്കറില്‍ ഉണ്ടായിട്ടും സ്വപ്ന എന്തുകൊണ്ട് ഈ തുക ഉപയോഗിച്ചില്ലെന്നതാണ് സംശയത്തിന് ഇടയാക്കുന്നത്. വിവാഹസമ്മാനമായി ലഭിച്ചതാണ് തുകയാണെന്നാണ് നേരത്തെ സ്വപ്‌ന എന്‍.ഐ.എയോട് പറഞ്ഞിരുന്നത്. എന്നാല്‍, ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയതിലൂടെ യു.എ.ഇ കോണ്‍സുലേറ്റ് നല്‍കിയ സമ്മാനമാണ് ഈ തുകയെന്നാണ് കഴിഞ്ഞ ദിവസം സ്വപ്‌നയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. ഇതോടെ പണത്തിന്റെ യഥാര്‍ത്ഥ അവകാശി മറ്റൊരാളാണെന്നും സ്വപ്‌ന വെറും ബിനാമി ആണെന്നുമുള്ള സംശയത്തിന് ആക്കം കൂടുകയാണ്. എന്നാല്‍, ലോക്കറിലുണ്ടായിരുന്ന ഒരു കോടിയും ഒരു കിലോ സ്വര്‍ണവും തന്റേതാണെന്ന് സ്വപ്‌ന പറയുന്നത് ഈ ഉന്നതനെ സംരക്ഷിക്കാനാണെന്ന് ഇ.ഡി കരുതുന്നു.
വ്യാജ അക്കൗണ്ടിലൂടെയും
പണം സമാഹരിച്ചു
ജീവകാരുണ്യത്തിനായി യു.എ.ഇ കോണ്‍സുലേറ്റിന്റെ പേരില്‍ വ്യാജമായി അക്കൗണ്ട് തുടങ്ങിയ ശേഷം, രാജ്യാന്തര സംഘടനകളെ തെറ്റിദ്ധരിപ്പിച്ചു സ്വപ്‌ന പണം സമാഹരിച്ചതായും റിപ്പോര്‍ട്ടുണ്ട്. നയതന്ത്ര പരിരക്ഷയ്ക്ക് വേണ്ടിയാണ് കോണ്‍സുലേറ്റ് അറിയാതെ അതേ പേരില്‍ അക്കൗണ്ട് എടുത്തത്. ഇതിന് വ്യാജരേഖകളും സ്വപ്‌ന ഉപയോഗിച്ചെന്ന വിവരമാണ് എന്‍.ഐ.എയ്ക്കും ഇ.ഡിക്കും ലഭിച്ചത്. കോണ്‍സുലേറ്റില്‍ സ്വപ്നയ്ക്ക് ജോലിയുണ്ടായിരുന്ന സമയത്താണ് അക്കൗണ്ട് തുടങ്ങിയത്. 2018 ഒക്ടോബര്‍ മുതല്‍ കോടികളാണ് ഈ അക്കൗണ്ടില്‍എത്തിയതെന്നും ഇതില്‍ ചെറിയൊരു ഭാഗം മാത്രമാണ് സന്നദ്ധ സംഘടനകള്‍ക്കു വിതരണം ചെയ്‌തെന്നുമാണ് സൂചന. ശേഷിച്ച തുക സ്വപ്‌നയും കൂട്ടരും കൈക്കലാക്കിയെന്നും സൂചനയുണ്ട്.
