ഇന്ത്യന്‍ ഇതിഹാസമായ രാമായണത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട്, പ്രഭാസിന്‍റെ ത്രീഡി ആക്ഷന്‍ ചിത്രം ‘ആദിപുരുഷ്’

രാജമൗലിയുടെ ‘ബാഹുബലി’ ചിത്രങ്ങളിലൂടെ ഒരു പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ആയി വളര്‍ന്ന തെലുങ്ക് നടന്‍ പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഇതിഹാസമായ രാമായണത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട്, ത്രിഡി ആക്ഷന്‍ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന് ‘ആദിപുരുഷ്’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. തിന്മയുടെ മേല്‍ നന്മയുടെ വിജയം ആഘോഷിക്കുകയാണ് എന്ന അടികുറിപ്പോടെ പ്രഭാസ് പങ്കുവെച്ച പോസ്റ്റര്‍ ഇതിനോടകം ശ്രദ്ധേയമായിരിക്കുകയാണ്.

അജയ് ദേവ്ഗണ്‍, സേഫ് അലി ഖാന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ, സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രം ‘തന്‍ഹാജി’യുടെ സംവിധായകന്‍ ഓം റൗട്ടാണ് സിനിമ ഒരുക്കുന്നത്. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രം ഒരുങ്ങുന്നത്. തമിഴ്, മലയാളം, മറ്റു പല വിദേശ ഭാഷകള്‍ എന്നിവയിലേക്കെല്ലാം ചിത്രം ഡബ് ചെയ്യുന്നുമുണ്ട്.

തന്നെ തേടിയെത്തുന്ന ഓരോ കഥാപാത്രങ്ങളും വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും ‘ആദിപുരുഷി’ലെ കഥാപാത്രം വലിയ ഉത്തരവാദിത്വവും അതിനേക്കാള്‍ ഉപരി അഭിമാനവും ഉള്ളതാണെന്നും, ചിത്രം പ്രഖ്യാപിച്ചുകൊണ്ട് പ്രഭാസ് വ്യക്തമാക്കി. പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന ‘ആദിപുരുഷ്’ പ്രേക്ഷകര്‍ക്ക് ഇതുവരെ ലഭിക്കാത്ത ആസ്വാദന അനുഭവം സമ്മാനിക്കുന്നതായിരിക്കുമെന്ന് സംവിധായകന്‍ ഓം റൗട്ടും അഭിപ്രായപ്പെട്ടു.

2022 ല്‍ തീയറ്ററുകളില്‍ എത്തിക്കാനുദ്ദേശിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്ന മറ്റ് പ്രധാന താരങ്ങള്‍ ആരൊക്കെയെന്നോ, സാങ്കേതിക പ്രവര്‍ത്തകര്‍ ആരൊക്കെയെന്നോ പുറത്തുവിട്ടിട്ടില്ല. ടി- സീരിസും, റെട്രോഫൈല്‍സ് എന്ന ബാനറില്‍ ഭൂഷണ്‍ കുമാറും, കൃഷ്ണകുമാറും, സംവിധായകന്‍ ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ത്യന്‍ ഇതിഹാസ കഥ അതിമനോഹരമായ ദൃശ്യ സമ്ബത്തോടെ അനുഭവിച്ചറിയാന്‍ പ്രേക്ഷകര്‍ക്ക് അവസരമൊരുക്കുകയാണ് ‘ആദിപുരുഷ്’ എന്ന ത്രിഡി ചിത്രമെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.

പൂജ ഹെഗ്‌ഡെ നായികയാകുന്ന ‘രാധേ ശ്യാം’ എന്ന ഒരു റൊമാന്റിക് ചിത്രമാണ് നിലവില്‍ പ്രഭാസ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിന് ശേഷം, ‘മഹാനടി’ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രം കൂടി പൂര്‍ത്തിയാക്കിയ ശേഷമാകും പ്രഭാസ് ‘ആദിപുരുഷ്’ എന്ന ചിത്രത്തില്‍ ജോയിന്‍ ചെയ്യുക.

prp

Leave a Reply

*