എല്ലാം സരിത്തിനുവേണ്ടി..സ്വപ്നയുടെ വെളിപ്പെടുത്തല്‍


തിരുവനന്തപുരം: നയതന്ത്ര ചാനല്‍ പരിരക്ഷ ദുരുപയോഗം ചെയ്ത് തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ പുതിയ വെളിപ്പെടുത്തലുമായി കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷ് രംഗത്ത്. കേസിലെ ഒന്നാം പ്രതിയും യു.എ.ഇ കോണ്‍സുലേറ്റ് മുന്‍ പി.ആര്‍.ഒയുമായ സരിത്തിന് ഭീമമായ സാമ്ബത്തിക പ്രതിസന്ധി ഉണ്ടായിരുന്നെന്നും ഇത് മറികടക്കാനാണ് സ്വര്‍ണക്കടത്തിലേക്ക് തിരിഞ്ഞതെന്നും സ്വപ്‌ന കസ്‌റ്റംസിന് മൊഴി നല്‍കി. എന്നാല്‍ സരിത്തിന് സാമ്ബത്തിക പ്രതിസന്ധി ഉണ്ടായത് എങ്ങനെയാണെന്ന് സ്വപ്‌ന വിശദീകരിച്ചില്ല. ഇന്നലെ നടന്ന ചോദ്യം ചെയ്യലിലാണ് കസ്‌റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥരോട് സ്വപ്‌ന ഇക്കാര്യം വെളിപ്പെടുത്തിയത്.

സ്വപ്‌നയുടെ മൊഴി കസ്‌റ്റംസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. സരിത്തിന് സാമ്ബത്തിക പ്രതിസന്ധി ഉണ്ടാകണമെങ്കില്‍ മറ്റ് തരത്തിലുള്ള ബന്ധങ്ങളോ ബിസിനസോ മറ്റോ ഉണ്ടായിരിക്കണമെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം. എന്നാല്‍ സരിത്തിന് മറ്റ് ബിസിനസുകളോ സാമ്ബത്തിക ഇടപാടുകളോ ഉണ്ടായിരുന്നു എന്നതിന് ഇതുവരെ അന്വേഷണ സംഘത്തിന് തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടുമില്ല.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ വേണ്ടി

​ ജോലിഭാരത്തെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ആശ്വാസം കണ്ടെത്താനുമാണ് താന്‍ സ്വപ്‌നയുടെ ഫ്ലാറ്റിലെ പാര്‍ട്ടികളില്‍ പങ്കെടുത്തതെന്ന് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ എന്‍.ഐ.എയ്ക്ക് മൊഴി നല്‍കി. പലദിവസങ്ങളിലും ജോലി കഴിഞ്ഞ ഇറങ്ങുമ്ബോള്‍ അര്‍ദ്ധരാത്രിയാകും. ഇതുകാരണമാണ് സെക്രട്ടേറിയറ്റിന് സമീപത്ത് ഫ്ളാറ്റ് എടുത്തതെന്നും ശിവശങ്കര്‍ പറഞ്ഞു. ഫ്ളാറ്റില്‍ മിക്കപ്പോഴും സ്വപ്‌നയുടെ ഭര്‍ത്താവും കുട്ടികളും അടുത്ത ബന്ധുക്കളും ഉണ്ടാകും. ബന്ധുവായതിനാലാണ് സെക്രട്ടേറിയറ്റിനടുത്ത് ഫ്ളാറ്റ് എടുത്തു നല്‍കാന്‍ സ്വപ്നയെ സഹായിച്ചത്. ഔദ്യോഗിക ജീവിതത്തില്‍ മറ്റു സഹായങ്ങള്‍ നല്‍കിയിട്ടില്ല. സ്വര്‍ണം പിടികൂടിയ സമയത്ത് കസ്‌റ്റംസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിട്ടില്ലെന്നും ശിവശങ്കര്‍ എന്‍.ഐ.എയോട് പറഞ്ഞു.

ഗണ്‍മാനെ വീണ്ടും ചോദ്യം ചെയ്യും

കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് യു.എ.ഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ മുന്‍ ഗണ്‍മാന്‍ ജയഘോഷിനെ കസ്‌റ്റംസ് വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ കസ്‌റ്റംസ് ഓഫീസില്‍ വിളിച്ചു വരുത്തിയാകും ചോദ്യം ചെയ്യല്‍. ഇതിനായി ഇയാള്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കും. നയതന്ത്ര ബാഗില്‍ കടത്തിയ സ്വര്‍ണം കസ്റ്റംസ് പിടികൂടിയതിനു ശേഷം ജൂലായ് ഒന്നു മുതല്‍ നാലു വരെ പല തവണ ജയഘോഷ് സ്വപ്നയെയും സരിത്തിനെയും ഫോണില്‍ വിളിച്ചിരുന്നു. ഇരുവരെയും കോണ്‍സുലേറ്റില്‍ നിന്ന് ഒഴിവാക്കി എന്നറിയാവുന്ന ജയഘോഷ് ബാഗ് പിടിച്ചുവച്ച ശേഷവും ഇവരെ എന്തിന് വിളിച്ചു എന്നതാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.

അറ്റാഷെയെ ചോദ്യം ചെയ്യാന്‍ അനുമതി തേടി

സ്വര്‍ണക്കടത്ത് അന്വേഷണത്തിനിടെ യു.എ.ഇയിലേക്ക് മടങ്ങിയ കോണ്‍സുലേറ്റിലെ അറ്റാഷെയെ ചോദ്യം ചെയ്യാന്‍ അനുമതി തേടി കസ്റ്റംസ് വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. സ്വപ്‌നയും സന്ദീപ് നായരും നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണിത്. അറ്റാഷെയോട് ചോദിക്കാനായി ഇരുപതോളം ചോദ്യങ്ങള്‍ കസ്റ്റംസ് തയ്യാറാക്കിയിട്ടുണ്ട്. ഓരോ കടത്തിനും 1.12 ലക്ഷം രൂപ അറ്റാഷെയ്ക്ക് നല്‍കിയിരുന്നതായി നേരത്തെ സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു. ഇതോടൊപ്പം യു.എ.ഇ കോണ്‍സുലേറ്റിലേ സി.സി.ടി.വി ദൃശ്യങ്ങളും കസ്‌റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.

prp

Leave a Reply

*