‘എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര്’; പാകിസ്ഥാനെതിരെ ഇന്ത്യയുടെ തിരിച്ചടിയില്‍ പ്രശംസയുമായി സുരേഷ് ഗോപി

തിരുവനന്തപുരം: പുല്‍വാമ ആക്രമണത്തിന് ഇന്ത്യയുടെ തിരിച്ചടിയില്‍ പ്രശംസിച്ച് രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപി. ധീരന്മാരായ ജവാന്മാരുടെ മരണത്തിനു പകരമായി പാക് അധിനിവേശ കശ്മീരിലെ നാല് ഭീകരതാവളങ്ങളാണ് ഇന്ത്യ തകര്‍ത്തതെന്ന് സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഏകദേശം മുന്നൂറോളം തീവ്രവാദികള്‍ കൊല്ലപ്പെട്ടു. എങ്ങനെയുണ്ട് തങ്ങളുടെ ഉശിരെന്നും സുരേഷ് ഗോപി ചോദിച്ചു.

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടി നടത്തിയത്. ചകോട്ടി, ബാലാകോട്ട്, മുസഫറബാദ് എന്നീ മൂന്ന് മേഖലകളിലാണ് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ 300 ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.

ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്‍റെ കണ്‍ട്രോള്‍ റൂം പൂര്‍ണ്ണമായും തകര്‍ന്നതായും വിവരമുണ്ട്. ജെയ്‌ഷെ മുഹമ്മദിന്‍റെ കൂടാതെ മറ്റ് ചില ഭീകര സംഘടനയുടെ താവളങ്ങളും തകര്‍ന്നു. ചകോട്ടി, മുസഫറബാദ് എന്നിവിടങ്ങളിലെ ജെയ്‌ഷെ മുഹമ്മദ് കേന്ദ്രത്തിലും ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചു.

മിറാഷ് 2000 വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. 12 വിമാനങ്ങളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. 1000 കിലോ ബോംബുകളും ഇന്ത്യ വര്‍ഷിച്ചു. ലേസര്‍ നിയന്ത്രിത ബോംബുകളാണ് ഇന്ത്യ ഉപയോഗിച്ചതെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണം 21 മിനിട്ട് നീണ്ടു നിന്നു. സംഭവം സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ രംഗത്തെത്തി. ജെയ്‌ഷെ മുഹമ്മദ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടത്തിയതെന്നും സിവിലിയന്മാരെ ഒരു വിധത്തിലും ബാധിച്ചിട്ടില്ലെന്നും വിദേശകാര്യ സെക്രട്ടറി വാര്‍ത്താ ലേഖകരോടു പറഞ്ഞു.

പാക്കിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടിച്ച സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പാക്കിസ്ഥാന്‍ തിരിച്ചടിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് എല്ലാ വിധ സ്വാതന്ത്ര്യവും സര്‍ക്കാര്‍ നല്‍കി. ഏത് സാഹചര്യവും നേരിടാന്‍ സൈന്യം തയ്യാറായി ഇരിക്കണമെന്നും നിര്‍ദ്ദേശിച്ചു. പൂര്‍ണ്ണസജ്ജരാണെന്ന് ഇന്ത്യന്‍ കരസേനയും വ്യോമസേനയും കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. എല്ലാ വിമാനത്താവളത്തിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

prp

Related posts

Leave a Reply

*