ന്യൂഡല്‍ഹി: കൊച്ചി ചിലവന്നൂരിലെ ഡിഎല്‍എഫ് ഫ്ളാറ്റ് സമുച്ചയം പൊളിക്കേണ്ടെന്ന് സുപ്രീം കോടതി. ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കിയാല്‍ മതിയെന്ന ഹൈക്കോടതി വിധി കോടതി ശരിവെച്ചു. പരിസ്ഥിതി വകുപ്പിനാണ് പിഴ നല്‍കേണ്ടത്.
ഫ്ലാറ്റ് പൊളിക്കുന്നത് റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാനസര്‍ക്കാരും തീരദേശപരിപാലന അതോറിറ്റിയും സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രിം കോടതി തള്ളി. കായല്‍ കൈയേറി നിര്‍മിച്ചിരിക്കുന്ന മറ്റ് കെട്ടിടങ്ങള്‍ക്കും നിര്‍ണായകമാകുന്നതാണ് സുപ്രിം കോടതിയുടെ ഇന്നത്തെ വിധി.
കോടികളുടെ നിക്ഷേപവും ജനങ്ങളുടെ ബുദ്ധിമുട്ടും കണക്കിലെടുത്താണ് ഫ്ളാറ്റ് പൊളിച്ചുനീക്കേണ്ടതില്ല എന്ന് കോടതി തീരുമാനിച്ചത്. നിയമം ലംഘിച്ചാണ് ഫ്ളാറ്റ് നിര്‍മ്മിച്ചതെന്ന സിംഗിള്‍ ബഞ്ചിന്‍റെ നിരീക്ഷണങ്ങള്‍ ഡിവിഷന്‍ ബഞ്ച് ശരിവെച്ചു.
2016 ഡിസംബര്‍ 21 നാണ് ഡിഎല്‍എഫ് ഫ്ലാറ്റ് പൊളിച്ച് നീക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വന്നത്. ജനങ്ങളുടെ ബുദ്ധിമുട്ടും കോടികളുടെ നിക്ഷേപവും കണക്കിലെടുത്താണ് ഫ്ലാറ്റ് പൊളിച്ചുനീക്കേണ്ടതില്ലെന്ന് കോടതി നിര്‍ദേശിച്ചത്. എന്നാല്‍ നിയമം ലംഘിച്ച് കെട്ടിടം നിര്‍മിച്ചുവെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ഒരു കോടി രൂപ പരിസ്ഥിതി വകുപ്പിന് പിഴ നല്‍കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിക്കുകയായിരുന്നു.

