ഒരു കമ്മ്യൂണിസ്റ്റു നേതാവും ഇന്നുവരെ രക്തസാക്ഷിയായിട്ടില്ല; പിണറായി വിജയന്റെ രണ്ടു മക്കളും ഒരു സമരത്തിലും പങ്കെടുത്തിട്ടില്ല.

മുഖ്യമന്ത്രി പിണറായി, തെരുവ് ഗുണ്ടയുടെ ഭാഷയില്‍ ഗവര്‍ണറെ ഭീഷണിപ്പെടുത്തുന്നു. പാര്‍ട്ടി അണികളെ തെരുവില്‍ ഇറക്കിവിട്ട് ഗവര്‍ണറെ അധിക്ഷേപിക്കുന്നു.

അദ്ദേഹം വീരകഥകള്‍ ഉരുവിട്ടു താന്‍ ധീരനാണെന്നു സ്ഥാപിക്കുന്നു. ഗവര്‍ണറെ തെരുവില്‍ നേരിടുമെന്ന് അദ്ദേഹം പറയാതെ പറയുന്നു. ഇങ്ങനെയൊക്കെ വീരസ്യം പറയുമ്ബോള്‍ താന്‍ മുഖ്യമന്ത്രിയാണ് എന്ന കാര്യം അദ്ദേഹം മറക്കുന്നു. മുഖ്യമന്ത്രിയും അനുചരന്മാരും ഗവര്‍ണറെ തെരുവില്‍ നേരിട്ടാല്‍ എന്തായിരിക്കും ഫലം എന്ന് ഊഹിക്കാവുന്നതാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ബിന്ദു പുന്നപ്രയും വയലാറും മുതല്‍ കയ്യൂരും കരിവള്ളൂരും വരെ നടന്ന ആയുധ സമരങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ടു ഗവര്‍ണറെ ഭയപ്പെടുത്തുന്നു. വാടിക്കല്‍ രാമകൃഷ്ണനെ സഖാക്കള്‍ കഴുത്തുവെട്ടി കൊല്ലുന്ന കാലത്തു നിന്നും ഒരടിപോലും മുന്നോട്ടു പോകാത്ത കമ്മ്യൂണിസ്റ്റു മനസ്സ് തന്നെയാണ് പിണറായിയെ ഇപ്പോഴും ഭരിക്കുന്നത്. തങ്ങള്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ ഗവര്‍ണര്‍ക്ക് എതിരെ സായുധസമരം നടത്തുമെന്നാണോ ശ്രീമതി ബിന്ദു ഭീഷണിപ്പെടുത്തുന്നത്. ശ്രീമതി മനസ്സിലാക്കേണ്ട കാര്യം ഭീഷണിക്കു വഴങ്ങാന്‍ തയ്യാറാകാത്തവനെ ആയുധം കാണിച്ചു ഭയപ്പെടുത്താനാകില്ല എന്നതാണ് . ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭീഷണിക്കു വഴങ്ങുന്ന ആളാണ് എന്ന് തോന്നുന്നില്ല .

ഭയമാണ് കമ്മ്യൂണിസ്റ്റുകാരുടെ എക്കാലത്തെയും മൂലധനം. കാരണം, ആയുധം കൊണ്ട് എതിരാളിയെ കൊന്നു വിജയം നേടാനാകും എന്നാണ് ഏതു കമ്മ്യൂണിസ്റ്റുകാരനും കരുതുന്നത്. ആയുധം കൊണ്ട് ആത്മരക്ഷ നേടാം എന്ന് കരുതുന്നവര്‍ ഭീരുക്കളാണ്. സ്വയം ഭീരുക്കളായവര്‍ മറ്റുള്ളവരെ ഭയപ്പെടുത്താനാകും എപ്പോഴും ശ്രമിക്കുക. അതുകൊണ്ട്, ഏതു കമ്മ്യൂണിസ്റ്റുകാരന്‍െറയും സ്വാഭാവിക ഭാഷ ഭീഷണിയും പുലഭ്യവുമാണ്. അനിഷ്ടമുള്ളവനെ പുലഭ്യം പറയാത്ത, ഭീഷണി പ്പെടുത്താത്ത ഒരു കമ്മ്യൂണിസ്റ്റു നേതാവിനേയും നമുക്ക് കാണാന്‍ കഴിയില്ല. ലെനിന്‍ തന്റെ എതിരാളികളെ മുഴുവന്‍ ഭീഷണിപ്പെടുത്തി, പുലഭ്യം പറഞ്ഞു. സ്റ്റാലിന്‍ അത് ശാസ്ത്രീയമായി വികസിപ്പിച്ചെടുത്തു പ്രാവര്‍ത്തികമാക്കി. മാവോയും ഹോചിമിനും കാസ്ട്രോയും ചെഷസ്‌കിയും അവസാനം ഷി ജിന്‍പിങ് വരെ അത് തന്നെ തുടര്‍ന്നു. ചൈനയിലെ പഴയ ചെയര്‍മാനെ എങ്ങിനെയാണ് പൂച്ചക്കുഞ്ഞിനെ തൂക്കി എറിയുന്ന പോലെ പാര്‍ട്ടിയില്‍ നിന്നും കഴിഞ്ഞ ദിവസം നീക്കിയത് എന്ന് നാം കണ്ടതാണ്. ഇന്ന് ഇന്ത്യയിലെ ലെനിനും സ്റ്റാലിനും മാവോയും എല്ലാം പിണറായിയാണ്. പിണറായിക്കപ്പുറം ഒരുത്തനും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയില്‍ ഇല്ല. സഖാക്കള്‍ സൂക്ഷിക്കുക! തനിക്കും തന്റെ കുടുംബത്തിനും എതിരെ ഉയര്‍ന്നിരിക്കുന്ന ഗുരുതരമായ ആരോപണങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിന് വേണ്ടി രക്തസാക്ഷികളെ ഉണ്ടാക്കാന്‍ പിണറായിയുടെ ക്രിമിനല്‍ മനസ് ശ്രമിക്കും. അതിനുള്ള പുറപ്പാടാണ് ഗവര്‍ണര്‍ക്കു എതിരെയുള്ള യുദ്ധപ്രഖ്യാപനം.

ഡോ. ബിന്ദു ഗവര്‍ണറെ വെല്ലുവിളിച്ചുകൊണ്ടു പറഞ്ഞത് ഒരുപാട്‌ ലക്ഷ്മണ രേഖകള്‍ ലംഘിച്ചാണ് ഇപ്പോഴത്തെ പദവിയില്‍ താന്‍ എത്തിയത് എന്നാണ്. എസ് എഫ് ഐയില്‍ പദവികള്‍ ലഭിക്കാനും മേയര്‍ പദവി കരസ്ഥമാക്കാനും ചില പാര്‍ട്ടിക്കാരെ കുതികാല്‍ വെട്ടി വീഴ്ത്തിയതല്ലാതെ ഏതെങ്കിലും ഒരു ലക്ഷ്മണ രേഖ ലംഘിച്ചതായി അറിയില്ല. ഇപ്പോഴത്തെ മന്ത്രിപദവിയും ഇതുപോലെ നേടിയതാണ്. എന്നിട്ടാണ് ഈ വീരവാദം പറയുന്നത്. കള്ളുകുടിച്ചു ലക്കുകെട്ട ഒരു പോലീസുകാരന്‍ പേടിച്ചു പുഴയില്‍ ചാടിയപ്പോള്‍ അയാളെ സംഘം ചേര്‍ന്ന് കല്ലെറിഞ്ഞു കൊന്നു. ഈ നാണംകെട്ട പണിയാണ് ഈ കയ്യൂര്‍ സമരം. ഒരു പൊലിസുകാരനെ ഒരു സംഘം ആളുകള്‍ ഒന്നിച്ചു ചേര്‍ന്നു കല്ലെറിഞ്ഞു കൊല്ലുന്നതില്‍ എന്ത് മഹത്വമാണ് ഉള്ളത്? തോക്കേന്തി നില്‍ക്കുന്ന പട്ടാളക്കാരന്റെ നേരെ വാരികുന്തവുമായി നിരപരാധികളായ മനുഷ്യരെ ഇറക്കിവിട്ടു കൊല്ലിച്ചതാണ് വയലാര്‍ – പുന്നപ്ര സമരം. അതും ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനു ശേഷം. യഥാര്‍ത്ഥത്തില്‍ പുന്നപ്ര വയലാര്‍ സമരം രാജ്യദ്രോഹമാണ്.

ഒരു കമ്മ്യൂണിസ്റ്റു നേതാവും ഇന്നുവരെ രക്തസാക്ഷിയായിട്ടില്ല. പിണറായി വിജയന്റെ രണ്ടു മക്കളും ഇന്നുവരെ ഒരു സമരത്തിലും പങ്കെടുത്തിട്ടില്ല. സമരംചെയ്തതും മരിച്ചതുമെല്ലാം നേതാക്കളുടെ മക്കളല്ല സാധാരണക്കാരുടെ മക്കളാണ്. എന്നിട്ടാണ് നേതാവിന്റെ ഭാര്യയായ മന്ത്രി ലക്ഷ്മണരേഖാ ലംഘനത്തെ കുറിച്ച്‌ വീമ്ബു പറയുന്നത്. നേതാക്കളുടെ മക്കള്‍ ബിസിനസുകാരാണ്. അവരുടെ മൂലധനം ഭയമല്ല പണമാണ്. കമ്മ്യൂണിസവും സോഷ്യലിസവും എത്രക്ക് ലാഭമുണ്ടാക്കാവുന്ന കച്ചവടച്ചരക്കാണ് എന്ന് പിണറായിക്കറിയാം. ജയരാജനും ശ്രീമതി ടീച്ചര്‍ക്കും ഷൈലജ ടീച്ചര്‍ക്കും അറിയാം. അതൊന്നും അറിയാത്ത കോരന്റെ മക്കള്‍ ഇവരുടെ വാക്കുകള്‍ കേട്ടു വിദ്യാഭ്യാസം മുടക്കി ഗവര്‍ണര്‍ക്കു എതിരെ സമരം ചെയ്തു തല്ലു കൊള്ളാന്‍ ഇറങ്ങും. തല്ലുകൊള്ളികള്‍ എന്നും തല്ലു കൊള്ളികളായി ഒടുങ്ങും. നേതാക്കന്മാര്‍ സ്വപ്നമാരുടെ പിറകെ പാഞ്ഞു നടക്കും. വീട്ടില്‍ കേറ്റാന്‍ കൊള്ളാത്ത നേതാക്കള്‍ക്ക് വേണ്ടി അണികള്‍ വീണ്ടും തല്ലുകൊള്ളും. പിണറായി വീണ്ടും ഇരട്ട ചങ്കനാകും. വീണ്ടും ‘ഏക്ഷന്‍’ കാണിക്കും. അപ്പോഴേക്കും ഇന്റര്‍വെല്‍ കഴിഞ്ഞിരിക്കും.

prp

Leave a Reply

*