ശ്രീനിവാസ് കൃഷ്ണനെ എംപിയാക്കാന്‍ നേതൃത്വം, വാദ്രയുടെ നോമിനിയെ കെട്ടിയിറക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന ഘടകം

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സീറ്റ് സ്ഥാനാര്‍ത്ഥിയെ ചൊല്ലി അനിശ്ചിതത്വവും ചര്‍ച്ചയും തുടരുന്നു.

കേരളത്തിലെ, രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ കെപിസിസി നിശ്ചയിക്കുമെന്ന നിലപാടില്‍ തന്നെ കെ സുധാകരന്‍ ഉറച്ചു നില്‍ക്കുമ്ബോള്‍ പിന്തുണയുമായി ഐ ഗ്രൂപ്പും രംഗത്തെത്തി. ഉമ്മന്‍ ചാണ്ടിയും ഇതിനോട് യോജിപ്പിലാണ്. എന്നാല്‍, കെസി വേണുഗോപാല്‍ പക്ഷം പതിവ് പോലെ ‘തീരുമാനം ഹൈക്കമാണ്ട് എടുക്കട്ടേ’ എന്ന നിലപാടിലാണ്. രാജ്യസഭയിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ അറിയിച്ചിട്ടുണ്ട്.

യുവാക്കളെ പരിഗണിക്കണമെന്ന് ദേശീയ നേതൃത്വം പറഞ്ഞിട്ടുണ്ട്. പട്ടികയില്‍ ഹൈക്കമാന്‍ഡ് ശ്രീനിവാസന്‍ കൃഷ്ണന്‍റെ പേര് നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വം സോണിയയോട് നിലപാട് വ്യക്തമാക്കും. തൃശൂര്‍ സ്വദേശിയായ ശ്രീനിവാസന്‍ (57) ‘പ്രിയങ്ക ബ്രിഗേഡി’ലെ അംഗമായാണ് അറിയപ്പെടുന്നത്. എ.ഐ.സി.സി. നേതാക്കളുമായി ഉറ്റബന്ധം പുലര്‍ത്തുന്ന അദ്ദേഹം ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് മുന്‍ ഉദ്യോഗസ്ഥനാണ്. 1995-ല്‍ കെ. കരുണാകരന്‍ കേന്ദ്രമന്ത്രിയായിരിക്കേ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടിയായി പ്രവര്‍ത്തിച്ചു. നിലവില്‍, തെലങ്കാനയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയാണ്.

കേരളത്തില്‍. പാര്‍ട്ടിക്കായി വിയര്‍പ്പൊഴുക്കുന്ന നിരവധി നേതാക്കളുണ്ടായിരിക്കേ ഹൈക്കമാന്‍ഡ് നോമിനിയെ കെട്ടിയിറക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണു സംസ്ഥാനഘടകത്തിന്റെ പൊതുനിലപാട്. അതിനിടെ, പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവിന്റെ മുന്‍ ബിസിനസ് പങ്കാളിയാണ് ശ്രീനിവാസ് കൃഷ്ണനെന്ന് ഉറപ്പായിട്ടുണ്ട്. വാദ്രയുമായി ബന്ധപ്പെട്ട പല എന്‍ഫോഴ്‌സ്‌മെന്റ് കേസിലും സംശയ നിഴലിലാണ്. ഈ സാഹചര്യത്തിലാണ്, ശ്രീനിവാസിന് വേണ്ടി ഹൈക്കമാണ്ടിന്റെ ചരടു വലികള്‍. ഇഡി നടപടികളുണ്ടായാല്‍ രാജ്യസഭാ അംഗമെന്ന പദവി ശ്രീനിവാസിന് അനുഗ്രഹമാകും. അതിന്റെ പരിരക്ഷ കിട്ടും.

ഇതിനൊപ്പം, വിമാനത്താവളത്തിലും മറ്റും വിവിഐപി പരിഗണനയും ഉണ്ടാകും. കാറില്‍ എംപി ബോര്‍ഡുമായി ആരേയും ഭയക്കാതെ നടക്കുകയും ചെയ്യാം. ഇതിന് വേണ്ടിയാണ് ശ്രീനിവാസിനെ മുമ്ബോട്ട് വയ്ക്കുന്നതെന്ന വിലയിരുത്തലും ഉണ്ട്. എം. ലിജുവും സ്ഥാനാര്‍ത്ഥിത്വത്തിന് പരിഗണിക്കപ്പെടുന്ന ആളാണെന്ന് സുധാകരന്‍ പറഞ്ഞു. മുകളില്‍നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ചാകും അന്തിമ പ്രഖ്യാപനം ഉണ്ടാകുക. കെപിസിസി പാനല്‍ തയ്യാറാക്കിയിട്ടില്ല. നിരവധി പേരുടെ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

prp

Leave a Reply

*