സമൂഹ മാധ്യമ നിയന്ത്രണം; പുതിയ നിയമം ജനുവരിയിലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമ വിജ്ഞാപനത്തിന്റെ അന്തിമരൂപം ജനുവരി 15 ഓടെ പ്രാബല്യത്തിന് വരുമെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് കേസ് പരിഗണിക്കവേയാണ് അറ്റോര്‍ണി ജനറല്‍ വിവരം ബോധിപ്പിച്ചത്.

പുതിയ നിമയം കൊണ്ടുവരുന്നതിന് മുന്നോടിയായി ആഭ്യന്തര, വാര്‍ത്താവിനിമയ,ആരോഗ്യ വാണിജ്യമന്ത്രാലയങ്ങളും ആയി ചര്‍ച്ച നടത്തി വരികയാണെന്നും കേന്ദ്രം അറിയിച്ചു.

ആരുടെയും സ്വകാര്യതയിലേക്ക് കടന്ന് കയറാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ രാജ്യ സുരക്ഷ ഉള്‍പ്പടെ ഉള്ള കാര്യങ്ങളില്‍ വിട്ടു വീഴ്ച ചെയ്യാന്‍ കഴിയില്ല. സര്‍ക്കാരുമായി സഹകരിക്കില്ലായിരുന്നുവെങ്കില്‍ സാമൂഹിക മാധ്യമങ്ങള്‍ ഇന്ത്യയിലേക്ക് വരരുതായിരുന്നുവെന്നും അറ്റോര്‍ണി ജനറല്‍ അഭിപ്രായപ്പെട്ടു.
സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള വ്യാജവാര്‍ത്താ പ്രചരണം, വ്യക്തിഹത്യ, രാജ്യ വിരുദ്ധ പ്രചാരണം, വിദ്വേഷ പ്രചാരണം എന്നിവ നിയന്ത്രിക്കുന്നതിനായി പുതിയ നിയമങ്ങള്‍ കൊണ്ടു വരുമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രം എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

ഫേസ്ബുക്കിനെ ആധാറുമായി ബന്ധിപ്പിക്കണം എന്നും, സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കണം എന്നും ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി ഉള്‍പ്പടെ വിവിധ ഹൈക്കോടതികളുടെ പരിഗണനയിലിരിക്കുന്ന ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെ ആണ് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ നിലപാട് അറിയിച്ചത്. ഐ ടി ആക്ടിന്റെ 69 ആം വകുപ്പിന്റെ ഭേദഗതിയോടെ സമൂഹ മാധ്യമങ്ങളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിയമപരമായ അധികാരം ഉണ്ട്. അതിനാല്‍ തന്നെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക മാധ്യമങ്ങള്‍ക്ക് സര്‍ക്കാരുമായി വിവരങ്ങള്‍ പങ്ക് വയ്ക്കില്ലെന്ന് പറയാന്‍ കഴിയില്ലെന്ന് അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി.

prp

Leave a Reply

*