തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ പുലര്‍ച്ചെ പെണ്‍കുട്ടിയെ കാണാനെത്തിയ 19 കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി സൈമണ്‍ ലാലന്‍ കുറ്റം സമ്മതിച്ചതായി (Police)പോലീസ്. മുന്‍വൈരാഗ്യമാണ് കൊലക്ക് കാരണമെന്നും കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മകളുടെ മുറിയിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച സൈമണിനോട് മുറിയില്‍ അനീഷാണെന്നും ഉപദ്രവിക്കരുതെന്നും ഭാര്യയും മക്കളും പറഞ്ഞിരുന്നു. എന്നിട്ടും സൈമണ്‍ മുറി ചവിട്ടി തുറന്ന് അനീഷിനെ കുത്തുകയായിരുന്നു. സൈമണിന്റെ മക്കളുടെ അറിവോടും അനുമതിയോടും കൂടിയാണ് അനീഷ് വീട്ടിലേക്ക് പ്രവേശിച്ചതെന്നും പോലീസ് വ്യക്തമാക്കുന്നു.
അതേസമയം അനീഷ് ജോര്‍ജിന്റെ കൊലപാതകത്തില്‍ നിര്‍ണായകമായേക്കാവുന്ന ഫോണ്‍ രേഖകള്‍ പരിശോധിക്കുകയാണ് പോലീസ്. പ്രതി സൈമണ്‍ ലാലന്റെ ഭാര്യ പുലര്‍ച്ചെ വിളിച്ച് അത്യാവശ്യമായി പോലീസ് സ്റ്റേഷനില്‍ പോകണമെന്ന് പറഞ്ഞുവെന്നാണ് അനീഷിന്റെ മാതാപിതാക്കളുടെ വെളിപ്പെടുത്തല്‍. മകന്‍ വീട്ടിലില്ലെന്ന് അറിഞ്ഞത് സൈമണിന്റെ ഭാര്യയുടെ ഫോണ്‍ കോള്‍ വന്നതിന് ശേഷമാണെന്നും അതോടെ തിരികെ വിളിച്ച് മകനെ കുറിച്ച് അന്വേഷിച്ചുവെന്നും അനീഷിന്റെ അമ്മ പറഞ്ഞു. എന്നാല്‍ അനീഷിനെ കുറിച്ച് കൃത്യമായി മറുപടി അവര്‍ നല്‍കിയില്ലെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി.

