ബംഗളൂരു: ”നരേന്ദ്രമോദി ശിവലിംഗത്തിന് മുകളിൽ കയറിയ തേളിനെപ്പോലെയാണ്. കൈ കൊണ്ട് തട്ടിക്കളയാനും പറ്റില്ല, ചെരുപ്പുകൊണ്ട് അടിച്ച് കൊല്ലാനും പറ്റില്ല, എന്നാണ് ആ നേതാവ് പറഞ്ഞത്. എന്തൊരു ‘അസാധ്യ’താരതമ്യമാണത്!”- മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് മോദിയെക്കുറിച്ച് പറഞ്ഞ പരാമര്‍ശമാണിതെന്ന് ശശി തരൂര്‍ എംപി.
ബംഗളൂരുവില്‍ ലിറ്ററേച്ചൽ ഫെസ്റ്റിവലിന്‍റെ ഏഴാം പതിപ്പിന്‍റെ ഭാഗമായി നടന്ന സംവാദത്തിലാണ് തരൂരിന്‍റെ പരാമർശം. നരേന്ദ്രമോദിയെക്കുറിച്ച് തരൂർ എഴുതിയ ‘പാരഡോക്സിക്കൽ പ്രൈം മിനിസ്റ്റർ’ എന്ന പുസ്തകത്തെക്കുറിച്ചായിരുന്നു ചർച്ച.
വ്യക്തിപരമായ ഇമേജ് മാത്രം ലക്ഷ്യമിട്ടുള്ള മോദിയുടെ നീക്കങ്ങളിൽ പലപ്പോഴും ആർഎസ്എസ് അതൃപ്തരായിരുന്നെന്ന് തരൂർ പറയുന്നു. ഇതിനുദാഹരണമായാണ് മോദിയെക്കുറിച്ച് ഒരു ആർഎസ്എസ് നേതാവ് നടത്തിയ പരാമർശത്തെക്കുറിച്ച് തരൂർ വെളിപ്പെടുത്തിയത്.
എന്തായാലും തരൂരിന്‍റെ പ്രസ്താവന വിവാദമായിക്കഴിഞ്ഞു. ശിവഭക്തനെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, തരൂരിന്‍റെ പ്രസ്താവനയ്ക്ക് മറുപടി പറയണമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. ശിവനെ അപമാനിക്കുന്ന പ്രസ്താവന പിൻവലിച്ച് തരൂർ മാപ്പുപറയണമെന്നും രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു.

