തൃശ്ശൂര്‍: മുദ്രാ വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം നല്കി സംവിധായകരില്‍ നിന്നും നിര്‍മ്മാതാക്കളില്‍ നിന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളില്‍ നിന്നും പത്തര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സിനിമ സീരിയല്‍ താരം അറസ്റ്റില്‍. തൃശ്ശൂര്‍ കൈപ്പറമ്പ് പഴയങ്ങാടി പാലിയൂര്‍ വിജോ പി. ജോണ്സണ് (33) ആണ് അറസ്റ്റിലായത്.
മൂവാറ്റുപുഴ സൗത്ത് മാറാടിക്കടുത്തുള്ള യുവതിയില്‍ നിന്നാണ് പണം തട്ടിയത്.വായ്പ എടുക്കുന്നതിന് ആവശ്യമായ രേഖകളും അപേക്ഷയും വിജോ തയാറാക്കി. ആദ്യഘട്ടത്തിലാവശ്യമായ പണവും ചെലവാക്കി. എന്നാല്‍ വായ്പ ലഭിച്ച തുക വിജോ തട്ടിയെടുത്തെന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.
മൂവാറ്റുപുഴ ഡിവൈ.എസ്.പിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണസംഘം വീട് വളഞ്ഞാണ് പ്രതിയെ പിടിച്ചത്. നിരവധി കേസുകളില്‍ പ്രതിയായ ഇയാളെ സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്. ഇയാളുടെ നീക്കങ്ങളും പ്രവര്‍ത്തനങ്ങളും വിലയിരുത്തി കുടുക്കുകയായിരുന്നു. സിനിമാ ബന്ധങ്ങള്‍ ഉപയോഗിച്ചും സൗഹൃദം നടിച്ചും അതി വിദഗ്ദ്ധമായി തട്ടിപ്പുകള്‍ നടത്തുന്ന ഇയാള്‍ക്കെതിരേ വേറെയും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
ഭൂമി ഇടപാടില്‍ മൂവാറ്റുപുഴ സ്വദേശി സലാമില്‍ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസില്‍ മൂവാറ്റുപുഴ കോടതി ഇയാള്‍ക്കെതിരേ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നിലനില്‍ക്കെയാണ് യുവതിയെ പറ്റിച്ച കേസില്‍ അറസ്റ്റിലാകുന്നത്. പകല്‍ ആഡംബര കാറുകളില്‍ കറങ്ങി നടന്ന് തട്ടിപ്പ് ആസൂത്രണം ചെയ്യുകയും വാറന്റ് ഉളളതിനാല്‍ രാത്രി വൈകി വീട്ടിലെത്തുകയുമായിരുന്നു രീതി. ടെറസില്‍ ആയിരുന്നു വിജോയുടെ ഉറക്കം. പ്രതി വീട്ടിലുണ്ടെന്ന് അറിഞ്ഞ് വീട് വളഞ്ഞതോടെ ഊര്‍ന്നിറങ്ങി മതില് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു.
തട്ടിപ്പുകേസുകളില്‍ ശിക്ഷിക്കപ്പെട്ട് ഇയാള്‍ വിയ്യൂര്‍ ജയിലിലും കിടന്നിട്ടുണ്ട്. ഇയാളുടെ മറ്റ് പ്രവര്‍ത്തനങ്ങളെക്കുറിച്ചും തട്ടിപ്പുകളെ സംബന്ധിച്ചും അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. ഡിവൈ.എസ്.പി. കെ. ബിജുമോന്റെ നേതൃത്വത്തില്‍ സി.ഐ. സി. ജയകുമാര്‍, എസ്.ഐ. സി.എസ്. ഷാരോണ്‍, എ.എസ്.ഐമാരായ എം.എം. ഷമീര്‍, അനില്‍ കെ.കെ., സിവില്‍ പോലീസ് ഓഫീസര്‍ ജിംമോന്‍ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
