സ്കൂളുകള്‍ക്ക് 50 മീറ്റര്‍ ചുറ്റളവില്‍ ജങ്ക് ഫുഡ് വില്‍പ്പന പാടില്ല


ന്യൂഡല്‍ഹി: സ്‌കൂള്‍ കുട്ടികള്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സ്കൂളുകളുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പരിസരങ്ങളിലും ക്യാന്റീനിലും ജങ്ക് ഫുഡും മറ്റ് അനാരോഗ്യകരമായ ഭക്ഷണങ്ങളും വില്‍ക്കുന്നത് നിയന്ത്രിച്ചതായി, ഇന്ത്യന്‍ ഭക്ഷ്യസുരക്ഷാ സ്റ്റാന്‍ഡേഡ് അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ.) അറിയിച്ചു. എഫ്.എസ്.എസ്.എ.ഐ മേധാവി അരുണ്‍ സിങ്കാലാണ് ഇക്കാര്യം അറിയിച്ചത്.

കൂടാതെ, സ്കൂള്‍ പരിസരത്ത് 50 മീറ്ററിനുള്ളില്‍ അനാരോഗ്യകരമായ ഭക്ഷണം വില്‍ക്കുന്നതും പരസ്യം ചെയ്യുന്നതും ഫുഡ് റെഗുലേറ്റര്‍ നിരോധിച്ചിട്ടുണ്ട്.

“സ്കൂളുകളിലെ കുട്ടികള്‍ക്ക് സുരക്ഷിതമായ ഭക്ഷണവും സമീകൃതാഹാരവും നല്‍കുക എന്നതാണ് ആശയം. കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലുള്ള ഭക്ഷണങ്ങള്‍ സ്കൂള്‍ കുട്ടികള്‍ക്ക് സ്കൂള്‍ കാന്റീനുകളിലോ മെസ് പരിസരങ്ങളിലോ ഹോസ്റ്റല്‍ അടുക്കളകളിലോ ക്യാംപസിന്റെ 50 മീറ്റര്‍ ചുറ്റളവിലോ വില്‍ക്കാന്‍ കഴിയില്ല.”

“സ്കൂളില്‍ കാന്റീന്‍, മെസ്, കിച്ചന്‍ ഓപ്പറേറ്റിംഗ് എന്നിവയ്ക്ക് എഫ്‌എസ്‌എസ്‌എഐയില്‍ നിന്ന് ലൈസന്‍സ് ഉണ്ടായിരിക്കണം. കൂടാതെ, മിഡ്-ഡേ മീല്‍ സ്കീം നടപ്പാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് കരാര്‍ നല്‍കിയ ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാര്‍ അപ്പെക്സ് ഫുഡ് റെഗുലേറ്റിങ് ഏജന്‍സിയില്‍ നിന്ന് രജിസ്ട്രേഷനോ ലൈസന്‍സോ നേടിയിരിക്കണം. ഭക്ഷ്യ സുരക്ഷ, മാനദണ്ഡ നിയമത്തിലെ ഷെഡ്യൂള്‍ 4 പ്രകാരം ശുചിത്വ നടപടികള്‍ കര്‍ശനമായി പാലിക്കണം.”

സ്കൂളുകളില്‍ ജങ്ക് ഫുഡ് നിരോധിക്കുന്നതുസംബന്ധിച്ച്‌ തീരുമാനമെടുക്കാന്‍ 2015-ല്‍ ഡല്‍ഹി ഹൈക്കോടതി ഇന്ത്യന്‍ ഭക്ഷ്യസുരക്ഷാ സ്റ്റാന്‍ഡേഡ് അതോറിറ്റിയോട് നിര്‍ദേശിച്ചിരുന്നു. സ്കൂളുകളില്‍ വൃത്തിയും പോഷകസമൃദ്ധവുമായ ആഹാരവും കുട്ടികള്‍ക്ക് ഉറപ്പാക്കണമെന്ന് നാഷണന്‍ ഇന്‍സ്റ്റിറ്റ‌്യൂട്ട് ഓഫ് ന്യുട്രീഷന്‍(എന്‍.ഐ.എന്‍.) അധികൃതര്‍ അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതവും ആരോഗ്യകരവും ശുചിത്വവുമുള്ള ഭക്ഷണം നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി മുനിസിപ്പല്‍ അധികാരികളും സംസ്ഥാന ഭരണകൂടവും സ്കൂള്‍ പരിസരത്ത് പതിവായി പരിശോധന നടത്തുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

“നിര്‍ദ്ദിഷ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം, പ്രാദേശികവും കാലാനുസൃതവുമായ ഭക്ഷണം, ആഹാരം പാഴാക്കുന്നത് ഇല്ലാതാക്കുക എന്നിവ കേന്ദ്രീകരിച്ച്‌ സ്കൂള്‍ കാമ്ബസ് ഈറ്റ് റൈറ്റ് സ്കൂളായി പരിവര്‍ത്തനം ചെയ്യുന്നതിനും സമഗ്രമായ ഒരു പദ്ധതി സ്വീകരിക്കണം. ഓരോ സ്കൂളും നാമനിര്‍ദ്ദേശം ചെയ്ത നോഡല്‍ ഓഫീസര്‍ ഇത് നിരീക്ഷിക്കേണ്ടതുണ്ട്,” ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

“നാഷണല്‍ ഇന്‍സ്റ്റിറ്റ‌്യൂട്ട് ഓഫ് ന്യൂട്രീഷന്‍ (എന്‍‌എന്‍) പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ സ്കൂളില്‍ സുരക്ഷിതവും സന്തുലിതവുമായ ഭക്ഷണത്തിന്റെ ഉപയോഗം സ്കൂള്‍ അധികാരികള്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്,” മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

prp

Leave a Reply

*