ആന ഇന്ത്യൻ പൗരനാണോ എന്ന് സുപ്രീം കോടതി; ഞെട്ടി പാപ്പാൻ

ന്യൂഡൽഹി: തന്‍റെ ആനയ്ക്ക് വേണ്ടി ഹേബിയസ് കോർപസ് ഹർജിയുമായി പാപ്പാൻ സുപ്രീം കോടതിയിൽ. നാൽപ്പത്തിയേഴു വയസുള്ള ലക്ഷ്മി എന്ന പിടിയാനയ്ക്ക് വേണ്ടിയാണ് പാപ്പാൻ സദ്ദാം സുപ്രീം കോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കവേ ആനയ്ക്ക് വേണ്ടി ഹേബിയസ് കോർപസ് ഹർജിയോ? ആന ഇന്ത്യൻ പൗരനാണോ ? എന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ ചോദിച്ചു. ഒരു മൃഗത്തിനു വേണ്ടി ഹേബിയസ് കോർപസ് ഹർജി നൽകുന്നത് രാജ്യത്ത് ആദ്യമാണ്. ലോകത്ത് രണ്ടാമതും.

ഡൽഹിയിലെ യൂസഫ് അലി എന്നയാളുടെ ആനയെ പരിചരിക്കാൻ സദ്ദാമെത്തിയത് 2008 ലായിരുന്നു. എന്നാൽ പെട്ടെന്നു തന്നെ ലക്ഷ്മിയും സദ്ദാമും തമ്മിൽ ഏറെയടുത്തു. സദ്ദാം നൽകിയാലേ ഭക്ഷണവും മരുന്നും കഴിക്കൂവെന്ന അവസ്ഥയിലായി ലക്ഷ്മി. ഭാര്യയും മൂന്നുമക്കളും അച്ഛനുമടങ്ങുന്ന തന്‍റെ കുടുംബത്തിലെ ഒരംഗംപോലെയായി ലക്ഷ്മിയെന്ന് സദ്ദാം പറയുന്നു.

ഇതിനിടെയാണ് യോജിച്ച വാസസ്ഥലത്തല്ലാതെ പാർപ്പിക്കുന്ന ആനകളെ പിടിച്ചെടുത്ത് വനംവകുപ്പ് മറ്റു സംസ്ഥാനങ്ങളിലേക്ക് അയക്കാൻ തുടങ്ങിയത്. ലക്ഷ്മിനഗറിലെ ചേരിപ്രദേശത്താണ് സദ്ദാമിന്‍റെ കുടുംബവും ലക്ഷ്മിയും കഴിഞ്ഞിരുന്നത്. കഴിഞ്ഞ സെപ്റ്റംബർ 17-ന് ലക്ഷ്മിയെ കസ്റ്റഡിയിലെടുത്തു. സദ്ദാമിനെ അറസ്റ്റുചെയ്ത് ജയിലിലടച്ചു. രണ്ടുമാസത്തിലേറെ തിഹാർ ജയിലിൽ കഴിഞ്ഞ സദ്ദാം നവംബർ 25-നാണ് പുറത്തിറങ്ങിയത്.

ഇപ്പോൾ ഹരിയാനയിലെ സംരക്ഷണകേന്ദ്രത്തിൽ കഴിയുന്ന ലക്ഷ്മിയെ പരിചരിക്കാൻ തനിക്ക് അവസരം നൽകണമെന്നാണ് സദ്ദാമിന്‍റെ ആവശ്യം. അയൽക്കാരൻ പശുവിനെ മോഷ്ടിച്ചാലും നാളെ ഹേബിയസ് കോർപസ് വരില്ലേയെന്ന് കോടതി ചോദിച്ചു.

ഇതിനുമുമ്പ് ആനയ്ക്കു വേണ്ടി ഹേബിയസ് കോർപസ് നൽകിയ സംഭവം യുഎസിലുണ്ടായിട്ടുണ്ടെന്ന് സദ്ദാമിന്‍റെ അഭിഭാഷകൻ അറിയിച്ചു. ലക്ഷ്മിയെ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ഉടമ യൂസഫ് അലി നൽകിയ പരാതി ഡൽഹി ഹൈക്കോടതിയിലുണ്ട്. അതിനാൽ ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.

courtsey content - news online
prp

Leave a Reply

*