എം. പ്രേംകുമാര്‍
തിരുവനന്തപുരം: അടിക്കടി സര്‍ക്കാരുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളില്‍ സിപിഐക്കു കടുത്ത അതൃപ്തി.സിപിഎം നേതാക്കളെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങള്‍ക്കു പിന്നാലെ ദുരിതാശ്വാസനിധി തട്ടിപ്പും സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്പിച്ചുവെന്ന നിഗമനത്തിലാണു സിപിഐ നേതൃത്വം.
മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ദുരിതാശ്വാസനിധിയിലുണ്ടായ തട്ടിപ്പ് അദ്ദേഹത്തിന്റെ ഓഫീസിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും കാര്യമായ മാറ്റങ്ങള്‍ ഓഫീസില്‍ വരുത്താന്‍ മുഖ്യമന്ത്രി തന്നെ മുന്‍കൈയെടുക്കണമെന്നുമാണ് സിപിഐ നേതൃത്വം ആവശ്യപ്പെടുന്നത്.
സ്വര്‍ണക്കടത്തു കേസിനു പിന്നാലെ ലൈഫ് മിഷന് കോഴ കേസും സര്‍ക്കാരിനു തിരിച്ചടിയാകുകയാണ്. രണ്ടു കേസുകളിലും മുഖ്യമന്ത്രിയുടെ ഓഫീസിലെ വിശ്വസ്തരാണ് ആരോപണവിധേയര്‍. ലൈഫ് മിഷന് കോഴ ആരോപണത്തില്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിട്ടുണ്ട്. ഇഡിയുടെ ചോദ്യങ്ങള്‍ക്കു രവീന്ദ്രന് നല്കുന്ന മറുപടിയും തുടര്‍ന്ന് അവര്‍ സ്വീകരിക്കുന്ന നടപടികളും ഒരുപക്ഷേ സര്‍ക്കാരിനെയും സംസ്ഥാന രാഷ്ട്രീയത്തെയും മാറ്റിമറിച്ചേക്കാം.
സ്വര്‍ണക്കടത്തു കേസു പോലെ തന്നെ ലൈഫ് മിഷന് ആരോപണവും ആവിയായി പോകുമെന്ന കണക്കുകൂട്ടലില്‍ തന്നെയാണു സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും. എന്നാല്‍, സ്വര്‍ണക്കടത്തു കേസുപോലെ ലൈഫ് മിഷന് കോഴ കേസിനെ കാണാന്‍ സിപിഐ നേതൃത്വം തയാറല്ല. ലൈഫ് മിഷന് പദ്ധതിയെ സംബന്ധിച്ചു നേരത്തേ തന്നെ സിപിഐ ആക്ഷേപം ഉന്നയിച്ചിരുന്നതാണ്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാന ജീവനക്കാര്‍ സാന്പത്തിക ആരോപണത്തില്‍ പെടുന്നതു സിപിഎമ്മിലും വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിട്ടുണ്ട്.
ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇ.പി. ജയരാജന് മാറുമെന്നാണു സൂചന. യഥാസമയം ഇടതുമുന്നണി യോഗം വിളിക്കുന്നില്ലെന്ന വിമര്‍ശനം മുന്നണിയിലെ പാര്‍ട്ടികള്‍ക്കുണ്ട്. മുന്നണി യോഗം ചേരാത്തതിനാല്‍ നയപരമായി തീരുമാനമെടുക്കേണ്ട കാര്യങ്ങളില്‍ പോലും കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന പരാതിയാണു സിപിഐ അടക്കമുള്ള പാര്‍ട്ടികള്‍ക്കുള്ളത്. ഈ വിമര്‍ശനം സിപിഎം നേതൃത്വം ഗൗരവമായി എടുത്തിട്ടുണ്ട്.
അനധികൃത സ്വത്തു സന്പാദന ആരോപണത്തില്‍ ഇ.പി. ജയരാജന് പാര്‍ട്ടിക്കുള്ളില്‍ അന്വേഷണം നേരിടുകയാണ്. പാര്‍ട്ടി നിലപാടില്‍ അദ്ദേഹം കടുത്ത നിരാശയിലും അതൃപ്തിയിലുമാണ്. പാര്‍ട്ടി സെക്രട്ടറിയുടെ ജാഥയില്‍ കണ്ണൂരില്‍ പോലും ഇ.പി പങ്കെടുത്തില്ല. ഇ.പിയുടെ ബഹിഷ്കരണം സിപിഎം നേതൃത്വം ലാഘവത്തോടെ കാണാനിടയില്ല. മുന്നണി കണ്‍വീനര്‍ എന്ന നിലയില്‍ ഇ.പി തിരുവനന്തപുരത്തുണ്ടാകേണ്ടതാണ്. എന്നാല്‍, വല്ലപ്പോഴുമാണ് അദ്ദേഹം തലസ്ഥാനത്തെത്തുന്നത്.
ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തു തുടരാന്‍ ബുദ്ധിമുട്ടുണ്ടെന്നു ഇ.പി മുഖ്യമന്ത്രിയോടു പറഞ്ഞതായാണു വിവരം. ജനകീയ പ്രതിരോധ ജാഥയ്ക്കുശേഷം കണ്‍വീനറുടെ കാര്യത്തില്‍ സിപിഎം തീരുമാനമെടുക്കാനാണു സാധ്യത.

