ലൈഫ് പദ്ധതി: സര്‍ക്കാരിന്റെ അവകാശവാദം പൊള്ളത്തരമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ലൈഫ് പദ്ധതിയില്‍ 2.14 ലക്ഷം വീടുകള്‍ നിര്‍മിച്ചെന്ന സര്‍ക്കാരിന്റെ അവകാശവാദം പൊള്ളത്തരമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 1,00,618 പേരാണ് ലൈഫ് പദ്ധതിയിലെ വീടുകള്‍ക്ക് അര്‍ഹരെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ 2.14 ലക്ഷം പേര്‍ക്ക് എങ്ങനെ വീടുകൊടുത്തുവെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മുന്‍സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവെച്ചതും പ്രധാനമന്ത്രി ആവാസ്‌യോജന പദ്ധതിപ്രകാരം നിര്‍മിച്ചതും ഉള്‍പ്പെടുത്തിയാലും 1,42,834 വീടുകളേ നിര്‍മിക്കാനാവൂ. രണ്ടുലക്ഷം വീട് നല്‍കിയെങ്കില്‍ ശരാശരി ഒരുപഞ്ചായത്തില്‍ 200 വീടെങ്കിലും പുതുതായി നിര്‍മിച്ചിരിക്കണം. എവിടെയെങ്കിലും അങ്ങനെയുള്ളതായി കാണിച്ചുതരാനാകുമോയെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.

യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് തൊഴില്‍വകുപ്പ് തുടക്കമിട്ട ഭവനപദ്ധതിപ്രകാരം തൊഴിലാളികള്‍ക്കായി അടിമാലിയില്‍ നിര്‍മിച്ച 217 ഫ്ളാറ്റുകളാണ് ലൈഫിന്റെ പരസ്യത്തില്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

2019 ഫെബ്രുവരി അഞ്ചിന് നിയമസഭയില്‍ നല്‍കിയ മറുപടിയുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി പുറത്തുവിട്ട കണക്കുകള്‍

യു.ഡി.എഫ്. കാലത്ത് തുടങ്ങി ഈ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയ വീടുകള്‍ 51,831

പ്രധാനമന്ത്രി ആവാസ് യോജനപ്രകാരം നഗരങ്ങളില്‍ പൂര്‍ത്തിയാക്കിയത് 26,015

പ്രധാനമന്ത്രി ആവാസ് യോജനപ്രകാരം ഗ്രാമങ്ങളില്‍ പൂര്‍ത്തിയാക്കിയത് 16,229

ലൈഫ് മിഷനില്‍ ഇടതുസര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത് 48,759

ആകെ 1,42,834

യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് നല്‍കിയത്

ഇന്ദിര ആവാസ് യോജന പ്രകാരം 2,37,938

പട്ടികജാതി വകുപ്പ് 24,141

പട്ടികവര്‍ഗ വകുപ്പ് 38,309

മത്സ്യത്തൊഴിലാളികള്‍ക്ക് 19,212

പഞ്ചായത്ത് വകുപ്പിന്റെ സ്പില്‍ ഓവര്‍ 91,929

മുനിസിപ്പാലിറ്റി സ്പില്‍ ഓവര്‍ 12,938

കോര്‍പ്പറേഷന്‍ സ്പില്‍ ഓവര്‍ 12,815

ആകെ 4,37,282

നിജസ്ഥിതി പഠിക്കാന്‍ എം.എല്‍.എ.മാരുടെ സമിതി

ലൈഫ് പദ്ധതിയുടെ നിജസ്ഥിതി പഠിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യു.ഡി.എഫ്. എം.എല്‍.എ.മാരുടെ സമിതിയെ നിയോഗിച്ചതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കെ.സി. ജോസഫ് ചെയര്‍മാനായ സമിതിയില്‍ പി.കെ. ബഷീര്‍, അനില്‍ അക്കര, മോന്‍സ് ജോസഫ്, ഡോ. ജയരാജ് എന്നിവരാണ് അംഗങ്ങള്‍.

prp

Leave a Reply

*