സര്‍ക്കാര്‍ വെബ് ശൃംഖലയില്‍ വൈറസ് സാന്നിധ്യം; ചില വകുപ്പുകളിലെ ഐപി വിലാസങ്ങള്‍ ശൃംഖലയില്‍ നിന്നും താല്‍ക്കാലികമായി വിലക്കി

തിരുവനന്തപുരം: സര്‍ക്കാര്‍ വെബ് ശൃംഖലയായ കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‌വര്‍ക്കില്‍ വൈറസ് സാന്നിധ്യം കണ്ടെത്തി. ഇഥേ തുടര്‍ന്ന് ചില വകുപ്പുകളിലെ ഐപി (ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍) വിലാസങ്ങള്‍ ശൃംഖലയില്‍ നിന്നു താല്‍ക്കാലികമായി വിലക്കി. ഐപി വിലാസങ്ങള്‍ ഓഫിസുകളിലെ കംപ്യൂട്ടറുകളുടേതോ വ്യത്യസ്ത കംപ്യൂട്ടറുകള്‍ ബന്ധിപ്പിക്കുന്ന റൗട്ടറുകളുടേതോ ആകാം.

സര്‍ക്കാരിന്റെ എല്ലാ വിവരങ്ങളും സൂക്ഷിക്കുന്ന സ്റ്റേറ്റ് ഡേറ്റാ സെന്ററിലേക്ക് നിശ്ചിത ഐപി (ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍) വിലാസങ്ങളില്‍നിന്നു മാല്‍വെയര്‍ ട്രാഫിക് കണ്ടെത്തിയെന്നാണ് ഐടി മിഷന്‍ വകുപ്പുകളെ അറിയിച്ചിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായിട്ടാണ് ഐപി വിലാസങ്ങള്‍ മരവിപ്പിച്ചിരിക്കുന്നത്. ഇതുമൂലം ഈ കംപ്യൂട്ടറുകള്‍ വഴിയുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ മുടങ്ങിയേക്കും. ഏതൊക്കെ വകുപ്പുകളെയാണിത് ബാധിച്ചതെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

പുതിയ പതിപ്പ് ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച്‌ ഓഫിസിലെ എല്ലാ കംപ്യൂട്ടറുകളും സ്‌കാന്‍ ചെയ്യണമെന്നാണ് ഐടി വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഉപയോഗിക്കുന്ന കംപ്യൂട്ടറുകള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും ഒറിജിനല്‍ പതിപ്പുതന്നെ ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. ഇവയെല്ലാം പൂര്‍ത്തിയാക്കിയ വിവരം ഇമെയില്‍ വഴി അതതു വകുപ്പുകള്‍ അറിയിച്ചാല്‍ മാത്രമേ ബ്ലോക്ക് ചെയ്ത ഐപി വിലാസങ്ങള്‍ പുനഃസ്ഥാപിക്കൂ.

സംഭവത്തെക്കുറിച്ചു പ്രതികരിക്കാന്‍ ഐടി മിഷന്‍ ഡയറക്ടര്‍ തയാറായില്ല. സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്കു പൂര്‍ണമായും മാറാത്തതാണ് തന്ത്രപ്രധാനമായ സര്‍ക്കാര്‍ ശൃംഖലയില്‍ വൈറസ് എത്താന്‍ കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 3 നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റിങ് സെന്ററുകള്‍, സംസ്ഥാന ഡേറ്റാ സെന്ററുകള്‍ എന്നിവയ്ക്കു പുറമേ 14 ജില്ലാ ആസ്ഥാനങ്ങള്‍, 152 ബ്ലോക്ക് ആസ്ഥാനങ്ങള്‍ എന്നിവയെല്ലാം സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‌വര്‍ക്കിന്റെ ഭാഗമാണ്.

prp

Leave a Reply

*