ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം പുരോഗമിക്കുമ്ബോള്‍ രാജസ്ഥാന് റോയല്‍സ് നായകനെന്ന നിലയില്‍ സഞ്ജു സാംസണ് ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെക്കുന്നത്. ബാറ്റുകൊണ്ട് ശ്രദ്ധേയ പ്രകടനം നടത്തുന്ന സഞ്ജു റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുമുണ്ട്. ഐപിഎല്ലില്‍ മികച്ച റെക്കോര്‍ഡുള്ള സഞ്ജുവിന് എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം ഈ പ്രകടനം ആവര്‍ത്തിക്കാനാവുന്നില്ല.
തന്റെ പ്രാഗല്ഭ്യം തെളിയിക്കാന്‍ ലഭിച്ച അവസരങ്ങളിലെല്ലാം നിരാശപ്പെടുത്തിയ സഞ്ജുവിനെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും ഉള്‍പ്പെടുത്തിയിട്ടില്ല. ഇപ്പോഴിതാ അധികനാള്‍ സഞ്ജുവിനെ മാറ്റനിര്‍ത്താനാവില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനും രാജസ്ഥാന് റോയല്‍സിന്റെ ടീം ഡയറക്ടറുമായ കുമാര്‍ സംഗക്കാര. സഞ്ജു സാംസണ് വീണ്ടും ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കുമെന്ന് സംഗക്കാര പറഞ്ഞു.
സഞ്ജു ദേശീയ ടീമിലേക്കുള്ള തിരിച്ചു വരവിന് സജ്ജമാണെന്ന് പറയുന്ന സംഗക്കാര ഈ സീസണില്‍ അസാധാരണമായി കളിക്കുന്ന അദ്ദേഹത്തിന് ഇന്ത്യന്‍ ടീം ഒരു ദീര്‍ഘകാല അവസരം നല്‍കുമെന്നും സ്പോര്ട്സ്കീഡയോട് സംസാരിക്കവെ വ്യക്തമാക്കി.
‘ഞാനും സഞ്ജുവും ഒട്ടേറെ കാര്യങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ സംസാരിച്ചിരുന്നു. ഐപിഎല്‍ പൂര്‍ത്തിയായി കഴിഞ്ഞല്ലേ ഇന്ത്യന്‍ ടീം പ്രവേശനത്തെക്കുറിച്ച് സംസാരിക്കേണ്ടതുള്ളൂ. അതുകൊണ്ട് ഐപിഎലിനെക്കുറിച്ചു മാത്രമേ ഞങ്ങള്‍ സംസാരിക്കാറുള്ളൂ. അതും ബാറ്റിങ്ങിനെക്കുറിച്ചു മാത്രമല്ല, ക്യാപ്റ്റന്‍സിയും ചര്‍ച്ചാ വിഷയമാകാറുണ്ട്. വളരെ മികച്ച താരമാണ് സഞ്ജു. വളരെ നല്ലൊരു പ്രതിഭയുമാണ്. ഈ സീസണില്‍ സഞ്ജുവിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു’- സംഗക്കാര പറഞ്ഞു.
‘തീര്‍ച്ചയായും ഇന്ത്യന്‍ ടീമിലേക്കു തിരികെയെത്താന്‍ സഞ്ജുവിന് ആഗ്രഹം കാണും. എന്തായാലും സഞ്ജു ടീമില്‍ തിരിച്ചെത്തുമെന്ന് എനിക്ക് തീര്‍ച്ചയാണ്. അദ്ദേഹം ദീര്‍ഘകാലം ടീമില്‍ തുടരുകയും ചെയ്യും. ഏതു സമയത്ത് ടീമിലെത്തിയാലും മികച്ച പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിക്കും’- സംഗക്കാര കൂട്ടിച്ചേര്‍ത്തു.
ശ്രീലങ്കന്‍ പര്യടനം സഞ്ജുവിന് മുന്നിലുള്ള സുവര്‍ണ്ണാവസരമായിരുന്നു. എന്നാല്‍ അതിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായില്ല. ഇതോടെ ടി20 ലോകകപ്പിനുള്ള ടീമില്‍ നിന്ന് തഴയപ്പെട്ടു. എന്നാല്‍ നിലവിലെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട പല താരങ്ങളും തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. അതിനാല്‍ത്തന്നെ പകരക്കാരെ കൊണ്ടുവരാനുള്ള സാധ്യതയും കൂടുതലാണ്. അങ്ങനെയാണെങ്കില്‍ പരിഗണിക്കാവുന്ന താരമാണ് സഞ്ജു. യുഎഇയില്‍ മികച്ച റെക്കോഡാണ് സഞ്ജുവിനുള്ളത്.
അതേസമയം ഐപിഎല്ലിന്റെ രണ്ടാം പാദം പുരോഗമിക്കുമ്ബോള്‍ രാജസ്ഥാന് റോയല്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. നിര്‍ണ്ണായകമായ മത്സരത്തില്‍ ആര്‍സിബിയോട് 7 വിക്കറ്റിന് തോറ്റതാണ് സഞ്ജു സാംസണിനും സംഘത്തിനും തിരിച്ചടിയായത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് റോയല്‍സ് ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തപ്പോള്‍ 17.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആര്‍സിബി വിജയം പിടിച്ചെടുത്തു. 11.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന നിലയില്‍ നിന്നാണ് രാജസ്ഥാന് കളി മറന്നത്.
മധ്യനിര തീര്‍ത്തും നിരാശപ്പെടുത്തിയാണ് രാജസ്ഥാന് തിരിച്ചടിയായത്. ഇനിയുള്ള മൂന്ന് മത്സരങ്ങളിലും ജയിക്കുകയും ഭാഗ്യം തുണയ്ക്കുകയും ചെയ്താല്‍ ചിലപ്പോള്‍ നാലാം സ്ഥാനക്കാരായി പ്ലേ ഓഫ് കളിക്കാനുള്ള സാധ്യതയും രാജസ്ഥാന് മുന്നിലുണ്ട്.

