ധ്യാനം സര്‍വ്വനാശത്തിന് കാരണമാകുമെന്ന് ഭഗവത്ഗീതയില്‍ പറയുന്നുണ്ടോ?; മോദിയെ ട്രോളി സന്ദീപാനന്ദഗിരി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദര്‍നാഥ് ചിത്രങ്ങളെ ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി രംഗത്ത്. ഭഗവത്ഗീതയില്‍ ധ്യാനത്തെക്കുറിച്ചു പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഉദ്ധരിച്ച്‌ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് സന്ദീപാനന്ദ ഗിരി പ്രധാനമന്ത്രിയെ പരിഹസിക്കുന്നത്. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ഗുരോ!
ധ്യാനം സര്‍വനാശത്തിനു കാരണമാകുമെന്ന് ഭഗവത്ഗീതയില്‍ പറയുന്നുണ്ടോ? അവിടുന്ന് സത്യസന്ധമായി ഉത്തരമരുളിയാലും.
ഗുരു; പ്രിയ മിത്രമേ,ധ്യാനം ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന ഈ സമയത്ത് അങ്ങയുടെ ചോദ്യം പ്രസക്തവും അവസരോചിതവുമാണ്. നിന്നില്‍ നാം പ്രസാദിച്ചിരിക്കുന്നു.
ഭഗവത്ഗീതയിലെ രണ്ടാമദ്ധ്യായം സാംഖ്യയോഗത്തില്‍ ഭഗവാന്‍ വളരെ മനോഹരമായി പറഞ്ഞിട്ടുണ്ട്.
പല പല വിഷയങ്ങളെ ധ്യാനിച്ചുകൊണ്ടിരിക്കുന്ന ഒരുവന് അതില്‍ സംഗമുണ്ടാകുന്നു, ആ സംഗത്തില്‍ നിന്ന് അതിനെ അനുഭവിക്കണമെന്ന തീവ്രമായ ആഗ്രഹമുണ്ടാകുന്നു, തന്‍റെ ആഗ്രഹത്തിന് മുടക്കം വരുമ്പോള്‍ ക്രോധം ഉണ്ടാകുന്നു, ക്രോധത്തില്‍ നിന്ന് അവിവേകമുണ്ടാകുന്നു, അവിവേകം ഹേതുവായി ഓര്‍മ്മ നശിക്കുന്നു, ഓര്‍മ്മനാശത്തിലൂടെ ബുദ്ധിനാശവും ബുദ്ധിനാശത്തിലൂടെ സര്‍വനാശവും സംഭവിക്കുന്നു.

“ധ്യായതോ വിഷയാന്‍ പുംസഃ സംഗസ്തേഷൂപജായതേ
സംഗാത് സംജായതേ കാമഃ കാമാത് ക്രോധോഭിജായതേ
ക്രോധാത് ഭവതി സമ്മോഹഃ സമ്മോഹാത് സ്മൃതിവിഭ്രമഃ
സ്മൃതിഭ്രംശാത് ബുദ്ധിനാശോ ബുദ്ധിനാശാത് പ്രണശ്യതി.”
2-62,63
മഹാത്മജി ഈ ശ്ലോകം ഉദ്ധരിച്ചുകൊണ്ടാണ് പറഞ്ഞത് ഒരു രാഷ്ട്രത്തിന്റെ നാശം ഞാനിതില്‍ കാണുന്നുവെന്ന്.
ഗുരോ അപ്പോള്‍ ശരിയായ ധ്യാനം എന്താണ്?
ഗുരു; മിത്രോം, അത് സ്വരൂപധ്യാനമാണ്,
ആരുമില്ലാത്ത ഏകാന്തതയില്‍ വീട്ടിലെ ഒരുമുറിയാണ് ഉത്തമം ഞാനാര് എന്ന് അന്വേഷിക്കലാണത്.
ഭഗവത് ഗീത ആറാം അദ്ധ്യായം ധ്യാനയോഗം അതെല്ലാം കൃത്യമായി പറയുന്നുണ്ട്.
#ആരോരുമില്ലാത്ത ശുചിയായ സ്ഥലത്ത് അധികം #ഉയരത്തിലല്ലാത്തതും എന്നാല്‍ താഴ്ചയിലുമല്ലാത്ത സമതലമായ ഒരിടത്ത് വസ്ത്രം,മാന്‍തോല്‍,ദര്‍ഭപുല്ല് എന്നിവ മേല്‍ക്കുമേല്‍ ക്രമമായി വിരിച്ച്‌ ഇരിപ്പിടം തയ്യാറാക്കി മനസ്സിനെ ഏകാഗ്രമാക്കി ശരീരം,ശിരസ്സ്,കഴുത്ത്,ഇവയൊന്നും ചലിപ്പിക്കാതെ നേര്‍ രേഖയിലെന്നവണ്ണം നിര്‍ത്തി അങ്ങുമിങ്ങും നോക്കാതെ മൂക്കിന്‍റെ അഗ്രത്തേക്ക് ശ്രദ്ധകേന്ദ്രീകരിച്ച്‌ ഭയം കൂടാതെ ബ്രഹ്മചര്യവ്രതം സ്വീകരിച്ച്‌ സ്വരൂപത്തെ തന്നെ ധ്യാനിച്ചുകൊണ്ടിരിക്കണം.
(രാജാവാണെങ്കിലും നാട്ടുകാരെ അറിയിച്ച്‌ ധ്യാനിക്കരുതെന്ന് സാരം.)
“ശുചൌ ദേശേ പ്രതിഷ്ഠാപ്യ സ്ഥിരമാസനമാത്മന: നാത്യുച്ഛ്രിതം നാതി നീചം ചൈലാജിനകുശോത്തരം
തത്രൈകാഗ്രം മന: കൃത്വാ യതചിത്തേന്ദ്രിയക്രിയ: ഉപവിശ്യാസനേ യുഞ്ജ്യാത് യോഗമാത്മ വിശുദ്ധയേ.
സമം കായശിരോഗ്രീവം ധാരന്നചലം സ്ഥിര: സംപ്രേക്ഷ്യ നാസികാഗ്രം സ്വം ദിശശ്ചാനവലോകയന്‍
പ്രശാന്താത്മാ വിഗതഭീ: ബ്രഹ്മചാരിവ്രതേ സ്ഥിത:മന: സംയമ്യ മച്ചിത്ത: യുക്ത ആസീത മത്പര:”
{6/11,12,13,14}

prp

Leave a Reply

*