കൊച്ചി: പ്രളയത്തിനു കാരണം അതിവര്‍ഷം തന്നെയാണെന്ന് സംസ്ഥാന സര്‍ക്കാര്‍. പ്രളയത്തെക്കുറിച്ചുള്ള അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളി. അമിക്കസ്ക്യൂറിയുടെ റിപ്പോര്‍ട്ട് ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ അല്ലെന്നും ശാസ്ത്രലോകം തള്ളിയ കണക്കുകള്‍വച്ചാണ് അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
പ്രളയകാലത്ത് ഡാമുകള്‍ തുറന്നു വിട്ടതില്‍ വീഴ്ച ഉണ്ടായതായാണ് ഹൈക്കോടതിയില്‍ അമിക്കസ്ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ട്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ജുഡീഷല്‍ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. കേരളത്തില്‍ പെയ്ത മഴയുടെ അളവ് തിരിച്ചറിയാന്‍ സംസ്ഥാനത്തെ സംവിധാനങ്ങള്‍ക്കും വിദഗ്ധര്‍ക്കും സാധിച്ചില്ലെന്നും ഡാമുകളിലെ ജലനിരപ്പ് തുടര്‍ച്ചയായി നിരീക്ഷിച്ച് അതെപ്പോള്‍ തുറക്കണമെന്ന കാര്യത്തില്‍ മുന്നറിയിപ്പ് പുറപ്പെടുവിക്കണമെന്ന ചട്ടം പാലിക്കപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദേശീയ കാലാവസ്ഥാ നിരീക്ഷകേന്ദ്രത്തില്‍ നിന്നടക്കം മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ഇതൊന്നും പരിഗണിക്കുകയോ മുന്‍കരുതലുകള്‍ സ്വീകരിക്കുകയോ ചെയ്തില്ലെന്നും ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ നല്‍കിയില്ലെന്നും ഇതെല്ലാം മഹാപ്രളയത്തിന് കാരണമായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.