പാലക്കാട്: എവറസ്റ്റിന്റെ നെറുകയില്‍ എത്തിയ പാലക്കാട് സ്വദേശി കേരളത്തിന്റെ അഭിമാനമാകുന്നു. പട്ടാമ്പി തിരുവേഗപ്പുറ നെടുങ്ങോട്ടൂര്‍ സ്വദേശിയും ഖത്തര്‍ പെട്രോളിയത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ അബ്ദുല്‍ നാസറാണ് എവറസ്റ്റ് കൊടുമുടി കീഴടക്കിയത്. പ്രതികൂല കാലാവസ്ഥ മറികടന്ന് 29,029 അടി താണ്ടിയാണ് അബ്ദുല്‍ നാസറും സംഘവും എവറസ്റ്റിലെത്തിയത്.
ദൗത്യം വിജയിച്ചതായി അബ്ദുല്‍ നാസര്‍ ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു. വിവിധ രാജ്യങ്ങളിലെ 26 പര്വതാരോഹകര്ക്കൊപ്പമാണ് നാസര്‍ ചരിത്രനേട്ടം കൈവരിച്ചത്. ദൗത്യത്തിനിടെ സംഘത്തിലെ രണ്ടുപേര്‍ മരിച്ചതായും അറിയിച്ചു.
നാസര്‍ നേരത്തേ രണ്ടുതവണ എവറസ്റ്റിനടുത്തെത്തിയിട്ടുണ്ട്. ഏപ്രില്‍ 17ന് നേപ്പാളില്‍നിന്ന് തുടക്കം കുറിച്ച ദൗത്യം ഒരുമാസം പിന്നിട്ട് മേയ് 16നാണ് പൂര്‍ത്തീകരിച്ചത്. മാരത്തണ്‍ ഓട്ടക്കാരന് കൂടിയായ നാസര്‍ വിവിധ മാരത്തണുകളില്‍ പങ്കെടുത്തിട്ടുണ്ട്. 2018ല്‍ മലേഷ്യയില്‍ നടന്ന അയേണ്‍മാന്‍ റേസ് മാരത്തണിലാണ് അയേണ്‍മാന്‍ പദവി നേടിയത്.

