റഷ്യന്‍ മിസൈല്‍ റൊമേനിയന്‍ വ്യോമാതിര്‍ത്തി ലംഘിച്ചെന്ന് യുക്രെയിന്‍  ഇല്ലെന്ന് റൊമേനിയ

കീവ് : രാജ്യത്തേക്ക് റഷ്യ തൊടുത്ത രണ്ട് മിസൈലുകള്‍ റൊമേനിയയുടെ വ്യോമാതിര്‍ത്തി ലംഘിച്ചെന്ന ആരോപണവുമായി യുക്രെയിന്‍.

എന്നാല്‍ നാറ്റോ അംഗമായ റൊമേനിയ യുക്രെയിന്റെ വാദം നിഷേധിച്ചു. റഷ്യന്‍ മിസൈലുകള്‍ യുക്രെയിനിലേക്കുള്ള വരവിനിടെ മോള്‍ഡോവയുടെ വ്യോമാതിര്‍ത്തിയും ലംഘിച്ചെന്ന് യുക്രെയിന്‍ സൈനിക തലവന്‍ ആരോപിച്ചു.

കരിങ്കടലില്‍ നിന്ന് റഷ്യ കപ്പലില്‍ നിന്ന് ഒരു മിസൈല്‍ വിക്ഷേപിച്ചത് ശ്രദ്ധയില്‍പ്പെട്ടെന്നും എന്നാലിത് തങ്ങളുടെ വ്യോമാതിര്‍ത്തി മുറിച്ചുകടന്ന് പോയിട്ടില്ലെന്നും റൊമേനിയന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. റൊമേനിയന്‍ അതിര്‍ത്തിയും മിസൈലിന്റെ പാതയും തമ്മില്‍ റഡാറില്‍ രേഖപ്പെടുത്തിയ ഏറ്റവും അടുത്ത ദൂരം 35 കിലോമീറ്ററായിരുന്നെന്നും മന്ത്രാലയം വ്യക്തമാക്കി. മിസൈല്‍ വിക്ഷേപണത്തിന് പിന്നാലെ റൊമേനിയയുടെ രണ്ട് മിഗ് – 21 വിമാനങ്ങള്‍ മേഖലയില്‍ നിരീക്ഷണവും നടത്തി.

അതിനിടെ, മിസൈല്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയിലൂടെ പറന്നെന്ന് അറിയിച്ച മോള്‍ഡോവ റഷ്യന്‍ അംബാസഡറെ വിളിച്ചുവരുത്തി. ഒക്ടോബറിലും ഒരു റഷ്യന്‍ മിസൈല്‍ മോള്‍ഡോവയുടെ വ്യോമാതിര്‍ത്തി ലംഘിച്ചിരുന്നു. അതേ സമയം, ഇന്നലെ രാജ്യത്തേക്ക് വന്ന 71 റഷ്യന്‍ ക്രൂസ് മിസൈലുകളില്‍ 61 എണ്ണം വെടിവച്ചു വീഴ്ത്തിയെന്ന് യുക്രെയിന്‍ അറിയിച്ചു.

 മോള്‍ഡോവ പ്രധാനമന്ത്രി രാജിവച്ചു

അയല്‍രാജ്യമായ യുക്രെയിനില്‍ റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ മോള്‍ഡോവയില്‍ പാശ്ചാത്യ അനുകൂല പ്രധാനമന്ത്രി നതാലിയ ഗാവ്രിലിത രാജിവച്ചു. യുക്രെയിനെ ആക്രമിച്ചതിന് പിന്നാലെ മോള്‍ഡോവയ്ക്ക് ഊര്‍ജ വിഭവങ്ങള്‍ നല്‍കുന്നത് റഷ്യ കുറച്ചിരുന്നു. ഇത് രാജ്യത്ത് ഇന്ധന ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമായിയിരുന്നു. 2021ലാണ് നതാലിയ അധികാരമേറ്റത്.

prp

Leave a Reply

*