തങ്ങളുടെ അധീനതയിലുള്ള ഗ്രേറ്റര്‍ കോക്കസസ് മലനിരകളില്‍ വമ്ബന്‍ ഉപഗ്രഹവേധ ലേസര്‍ പദ്ധതി റഷ്യ ഒരുക്കുന്നതായി റിപ്പോര്‍ട്ട്.
റഷ്യയുടെ മുകളിലൂടെ കടന്നുപോകുന്ന ഉപഗ്രഹങ്ങളെ വേണമെങ്കില്‍ തകരാര്‍ വരുത്തി നിര്‍വീര്യമാക്കാന്‍ അനുവദിക്കുന്ന സ്‌പേസ് ലേസര്‍ പദ്ധതി ഇലക്‌ട്രോ- ഒപ്റ്റിക്കല്‍ വാര്‍ഫെയര്‍ എന്ന നവീനയുദ്ധത്തിനായാകും റഷ്യ ഉപയോഗിക്കുകയെന്നു റിപ്പോര്‍ട്ടുണ്ട്.
ബഹിരാകാശ മേഖലയിലെ പുതിയ ഗവേഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്‌പേസ് റിവ്യൂ എന്ന പോര്‍ട്ടലാണ് ഇക്കാര്യം പുറത്തുവിട്ടത്.
വിവിധ രേഖകളുടെ വെളിച്ചത്തില്‍, റഷ്യയിലെ ക്രോണ ചാപല്‍ പര്‍വതത്തിലെ ക്രോണ സ്‌പേസ് സര്‍വെയ്‌ലന്‍സ് കോംപ്ലക്‌സിലാണു കലീന എന്നു പേരുള്ള ബഹിരാകാശ ലേസര്‍ പദ്ധതി റഷ്യ ഒരുക്കിയിരിക്കുന്നത്.
ലേസറുകള്‍ ഉപയോഗിച്ച് ഉപഗ്രഹത്തിന്റെ വൈദ്യുത, ഒപ്റ്റിക്കല്‍ സംവിധാനങ്ങള്‍ നിര്‍വീര്യമാക്കാന്‍ അനുവദിക്കുന്നതാണു പദ്ധതി.
റഷ്യന്‍ പ്രതിരോധ മന്ത്രാലയം നല്‍കിയ കരാര്‍പ്രകാരം, റഷ്യന്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ കോര്‍പറേഷനാണു പദ്ധതി രൂപീകരിച്ചത്.
2011ല്‍ തുടങ്ങിയ പദ്ധതി വിവിധ കാരണങ്ങളാല്‍ നീണ്ടു പോകുകയായിരുന്നു. ഇതിന്റെ നവീന ഒപ്റ്റിക്‌സ് സിസ്റ്റം വികസിപ്പിക്കാനായി കരാര്‍ ഏറ്റെടുത്ത ഫെംറ്റോയെന്ന കമ്ബനി ഇടയ്ക്കു പാപ്പരായിപ്പോയതും പദ്ധതി താമസിക്കാനിടയാക്കി.
2014ല്‍ ക്രൈമിയ പിടിച്ചെടുത്ത റഷ്യന്‍ സൈനിക നടപടിയെത്തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരെ വലിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതും പദ്ധതിക്കു തിരിച്ചടിയായി.
പ്രത്യേകം നിര്‍മിച്ച ഒരു കെട്ടിടസമുച്ചയത്തിലാണു കലീന സ്‌പേസ് ലേസര്‍ റഷ്യ സ്ഥാപിക്കുന്നത്.

