റഷ്യയോടുള്ള അടുപ്പം; ഇന്ത്യയെ ജി 7 ഉച്ചകോടിക്ക് ക്ഷണിക്കാന്‍ മടിച്ച്‌ ജര്‍മ്മനി

ബെര്‍ലിന്‍: ജി 7 ഉച്ചകോടിയിലേക്ക് അതിഥി രാജ്യമായി ഇന്ത്യയെ ക്ഷണിക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കാതെ ജര്‍മ്മനി.

യുക്രെയ്നെതിരായ സൈനികാധിനിവേശത്തില്‍ ഇന്ത്യ റഷ്യയ്ക്കെതിരെ നിലപാടെടുക്കാത്തതാണ് ജര്‍മ്മനി ഇക്കാര്യത്തില്‍ മടി കാണിക്കുന്നതിന് കാരണമെന്നാണ് സൂചന. ജൂണ്‍ മാസത്തില്‍ ജര്‍മനിയില്‍ വെച്ച്‌ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ സെന​ഗള്‍, സൗത്ത് ആഫ്രിക്ക, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ക്ക് ക്ഷണമുണ്ട്. യുക്രെയ്ന്‍ യുദ്ധത്തിന് മുമ്ബ് ഉച്ചകോടിക്ക് പങ്കെടുക്കുന്നതിന് പരി​ഗണിച്ചിരുന്ന അതിഥി രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉണ്ടായിരുന്നെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കിയത്. അതേസമയം അതിഥി രാജ്യങ്ങളുടെ അന്തിമ പട്ടിക ഇതുവരെ പുറത്തു വിട്ടിട്ടില്ല.

യുക്രെയ്നിലേക്കുള്ള റഷ്യന്‍ ആക്രമണത്തില്‍ ഇന്ത്യ ഇതുവരെ റഷ്യക്കെതിരെ രം​ഗത്ത് വന്നിട്ടില്ല. ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തി സമാധാനം പുനസ്ഥാപിക്കണമെന്നാണ് ഇന്ത്യ ആവര്‍ത്തിക്കുന്നത്. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്നും റഷ്യയെ പുറത്താക്കാനുള്ള വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്ന 50 രാജ്യങ്ങളിലൊന്ന് ഇന്ത്യയായിരുന്നു. പാശ്ചാത്യ വിലക്കുകള്‍ക്കിടെ റഷ്യയുമായുള്ള എണ്ണക്കച്ചവടം ഇന്ത്യ ഊര്‍ജിതമാക്കുകയും ചെയ്തു.

റഷ്യക്കെതിരെ ജി 7 അം​ഗരാജ്യങ്ങള്‍ നിരവധി വിലക്കുകള്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ജര്‍മ്മനിയുടെ റഷ്യന്‍ ഉപരോധം വെറും വാക്കാണെന്ന ആരോപണവും നേരത്തെ ഉയര്‍ന്നിരുന്നു. റഷ്യക്ക് മേല്‍ ജര്‍മ്മനി നിരവധി ഉപരോധങ്ങള്‍ പ്രഖ്യാപിച്ചിരിക്കെയും രാജ്യത്തെ കമ്ബനികള്‍ ഇപ്പോഴും പ്രകൃതിവാതക ഇന്ധനത്തിന് റഷ്യയെ വലിയ തോതില്‍ ആശ്രയിക്കുന്നുണ്ടെന്ന് യുക്രെയ്ന്‍, പോളണ്ട് എന്നീ രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ത്യയുടെ എണ്ണ ആവശ്യത്തില്‍ 80 ശതമാനവും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. ഇതില്‍ മൂന്ന് ശതമാനത്തോളം മാത്രമേ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നുള്ളൂ. എന്നാല്‍ ക്രൂഡ് ഓയില്‍ വില കുത്തനെ കൂടിയതിനാല്‍ റഷ്യന്‍ വിപണിയെ കൂടുതല്‍ ആശ്രയിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. റഷ്യന്‍ എണ്ണക്കമ്ബനികള്‍ ഇന്ത്യക്ക് വലിയ ഇളവുകളും നിലവിലെ സാഹചര്യത്തില്‍ നല്‍കുന്നു. യുഎസും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യക്ക് മേല്‍ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ റഷ്യയുമായുള്ള ഇടപാടിന് പല രാജ്യങ്ങളും മടിക്കുന്നുണ്ട്. ഇതിനിടയിലാണ് ഇന്ത്യ-റഷ്യ എണ്ണ ഇടപാട്.

prp

Leave a Reply

*