കൊച്ചി: എറണാകുളം പിറവത്ത് വീട് വാടകയ്ക്കെടുത്ത് കള്ളനോട്ട് നിര്‍മാണം. പത്തനംതിട്ട സ്വദേശികളായ അഞ്ചംഗ സംഘമാണ് സീരിയല്‍ ഷൂട്ടിങ്ങിനാണെന്ന വ്യാജേന വീട് വാടകയ്ക്കെടുത്ത് കള്ളനോട്ടടിച്ചത്. ഇലഞ്ഞിയില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ കള്ളനോട്ടു പിടികൂടിയത്. പ്രതികളും അറസ്റ്റിലായിട്ടുണ്ട്. 500 രൂപയുടെ കറന്‍സി നോട്ടുകളാണ് ഇവര്‍ അച്ചടിച്ചിരുന്നത്.
കഴിഞ്ഞ ഒന്‍പത് മാസത്തോളമായി ഇവര്‍ ഇവിടെ കള്ളനോട്ട് നിര്‍മാണം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് പോലും അറിയാതെ നടത്തിയ പരിശോധനയിലാണ് പ്രതികളെയും പണവും പിടികൂടിയത്. സംഘം കഴിഞ്ഞ ദിവസം ഇലഞ്ഞിയിലെ ഒരു മാര്‍ക്കറ്റില്‍ നല്കിയ കള്ളനോട്ടാണ് ഇന്റലിജന്‍സ് ബ്യൂറോയിലേക്ക് വിവരമെത്തിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ കൂത്താട്ടുകുളം പൊലീസിനെ പോലും അറിയിക്കാതെ ഇടിച്ചു കയറി പരിശോധന നടത്തുകയായിരുന്നു. രാവിലെയാണ് റെയ്ഡ് നടക്കുന്ന വിവരം ലോക്കല്‍ പൊലീസ് അറിയുന്നത്. ഇന്റലിജന്‍സ് ബ്യൂറോയ്ക്കൊപ്പം എടിഎസ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരും എത്തിയാണ് പരിശോധന നടത്തിയത്.
പ്രതികളുടെ പക്കല്‍ നിന്നും കള്ളനോട്ടു നിര്‍മിക്കുന്നതിന് ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ഇന്റലിജന്‍സ് ബ്യൂറോ അറിയിച്ചു. സംഘത്തിന് പിന്നില്‍ ഉന്നതരുടെ പങ്കുണ്ടോയെന്നും അന്വേഷിക്കും

