ആലപ്പുഴ: പ്രളയശേഷത്തിന് പിന്നാലെ ആരോഗ്യകേരളത്തെ ആശങ്കപ്പെടുത്തി എലിപ്പനി പടരുന്നു. ആലപ്പുഴ ജില്ലയില്‍ നാലു പേര്‍ക്ക് കൂടി എലിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ, പുന്നപ്ര, കരുവാറ്റ, കഞ്ഞിക്കുഴി എന്നിവിടങ്ങളില്‍ ഉള്ളവര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. മറ്റു നാലു പേര്‍ക്ക് എലിപ്പനിയെന്ന് സംശയം.
പ്രളയജലമിറങ്ങിയ ഇടങ്ങളിലാണ് എലിപ്പനി പടരുന്നത്. വിവിധ ജില്ലകളിലായി ഇരുന്നൂറോളം പേര്‍ക്ക് എലിപ്പനി പകര്‍ന്നതായാണ് റിപ്പോര്‍ട്ട്. ജില്ലാ ആശുപത്രികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ചികിത്സയ്ക്കെത്തുന്ന പനിബാധിതരുടെ എണ്ണത്തിലും വന്‍വര്‍ധനയാണ്. എലിപ്പനി പടരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എലിപ്പനി പ്രതിരോധ മരുന്നുകളുടെ വിതരണം ഊര്‍ജിതമാക്കി.
അതേസമയം, കോഴിക്കോട് ജില്ലയില്‍ എലിപ്പനി ബാധിച്ച് രണ്ട് പേര് കൂടി മരിച്ചു. ഇതോടെ ജില്ലയില്‍ ഓഗസ്റ്റില്‍ മാത്രം എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. നാലുലക്ഷത്തില്‍ അധികം പ്രതിരോധമരുന്നുകളാണ് ഇന്നലെ കോഴിക്കോട് ജില്ലയില്‍ വിതരണം ചെയ്തത്. പലരും എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കാത്തതിനാല്‍ രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യത ഉണ്ടെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.
