കോട്ടയം: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നു. ഇരുവരുടെയും മൊഴികളിലെ വൈരുദ്ധ്യമാണ് അറസ്റ്റ് വൈകാന്‍ കാരണം. ഇരുപതിലേറെ പൊരുത്തക്കേടുകളാണ് കണ്ടെത്തിയത്.
പൊരുത്തക്കേടുകള്‍ സംബന്ധിച്ച അന്വേഷണം ഒരാഴചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിനുള്ള നിര്‍ദേശം. മൊഴികളിലെ വൈരുദ്ധ്യത്തില്‍ വ്യക്തത വരുത്തിയ ശേഷം ബിഷപ്പിനെ ചോദ്യം ചെയ്താല്‍ മതിയെന്നാണ് തീരുമാനം.കൊച്ചിയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ധൃതിപിടിച്ച് അറസ്റ്റ് ചെയ്യേണ്ടെന്ന തീരുമാനമുണ്ടായത്. മൊഴികളില്‍ കണ്ടെത്തിയ പൊരുത്തക്കേടുകള്‍ തന്നെയാണ് മുഖ്യ കാരണം.
ഇതു വരെ ശേഖരിച്ച എല്ലാ മൊഴികളും ഉന്നത ഉദ്യോഗസ്ഥര്‍ വീണ്ടും പരിശോധിച്ചു. കന്യാസ്ത്രീയും ബിഷപ്പും നല്കിയ മൊഴിയില്‍ കാര്യമായ പൊരുത്തക്കേടുകളുണ്ട്. പരാതി നല്കാന് വൈകിയതു സംബന്ധിച്ച് കന്യാസ്ത്രീ നല്കിയ വിശദീകരണത്തില്‍ അന്വേഷണ സംഘം തൃപ്തരല്ലെന്നാണ് സൂചന. 2013-2016 കാലയളവില്‍ പീഡനം നടന്നെങ്കിലും 2016 നു ശേഷമാണ് പരാതി നല്‍കിയത്.
ബിഷപ്പിനെതിരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, പാല ബിഷപ്പ് തുടങ്ങിയവര്‍ക്കു പരാതി നല്‍കിയെന്ന കന്യാസ്ത്രീയുടെ മൊഴി ഇവര്‍ നിഷേധിച്ചതും അന്വേഷണത്തെ ബാധിച്ചു.

