മീടൂ സ്ത്രീകളുടെ മഹത്തായ നിമിഷം, പക്ഷെ സൂക്ഷിച്ച് ഉപയോഗിക്കണം: രജനീകാന്ത്

ചെന്നൈ: മീടൂ പ്രചരണങ്ങള്‍ ഇപ്പോള്‍ ഇന്ത്യയിലും ചൂടന്‍ വിഷയമാണ്. മാന്യന്‍മാരെന്ന് തെറ്റിദ്ധരിച്ചവരുടെ മുഖംമൂടികള്‍ വലിച്ച് കീറുന്ന ഈ പ്രക്രിയയ്ക്ക് സമ്പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയാണ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്.

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രജനീകാന്ത് ഇതിനെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്. ‘മീടൂ സ്ത്രീകള്‍ക്ക് മഹത്തായ നിമിഷമാണെന്ന് ഉറപ്പാണ്. പക്ഷെ ഇത് ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്നും, ഇത് സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുന്നില്ലെന്നും കൂടി ഉറപ്പാക്കണം’, സൂപ്പര്‍സ്റ്റാര്‍ അഭിപ്രായപ്പെട്ടു.

തന്‍റെ പുരുഷ സഹതാരങ്ങളോട് ഇതേക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയോ സംസാരിക്കുകയോ ചെയ്യാറുണ്ടോയെന്നായിരുന്നു അടുത്ത ചോദ്യം. ഇതിനും തലൈവര്‍ വ്യക്തമായ മറുപടി നല്‍കി. സൗത്ത് ഇന്ത്യന്‍ ഫിലിം ആര്‍ട്ടിസ്റ്റ് അസോസിയേഷനായ നടികര്‍ സംഘം തൊഴിലിടത്തെ പീഡനം തടയാന്‍ ശക്തമായ നടപടികള്‍ കൈക്കൊണ്ടിട്ടുള്ളതായി രജനികാന്ത് ചൂണ്ടിക്കാണിച്ചു. ഇത്തരം പ്രശ്‌നങ്ങള്‍ സംസാരിക്കാനും നേരിടാനും ഒരു ഫോറം രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് നടികര്‍ സംഘം. ഇത് സ്ഥാപിച്ച് കഴിഞ്ഞെന്നാണ് വിശ്വാസമെന്നും രജനീകാന്ത് വ്യക്തമാക്കി.

തമിഴ് സിനിമയില്‍ പ്രമുഖ ഗാനരചയിതാവ് വൈരമുത്തു, സംവിധായകന്‍ സുസി ഗണേശന്‍, ഗായകന്‍ കാര്‍ത്തിക് എന്നിവരുടെ പേരുകള്‍ മീടൂവില്‍ പെട്ടിരുന്നു, ഇതിന് പുറമെ ആരോപണം ഉന്നയിച്ച ഗായിക ചിന്മയിയെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് യൂണിയനില്‍ നിന്നും പുറത്താക്കിയാണ് പ്രതികരിച്ചത്.

prp

Related posts

Leave a Reply

*