കൊച്ചി: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി ഓഫീസിനുമുന്നില്‍ ശവപ്പെട്ടിവെച്ചു പ്രതിഷേധിച്ചു. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടേയും ചിത്രങ്ങള്‍ പതിച്ച ശവപ്പെട്ടികളാണ് വെച്ചത്. ഓഫീസ് കൊടിമരത്തില്‍ കറുത്തകൊടികെട്ടിയ പ്രതിഷേധക്കാര്‍ ശവപ്പെട്ടിയില്‍ റീത്തും വെച്ചിട്ടുണ്ട്.
ഞങ്ങളുടെ മനസില്‍ നിങ്ങള്‍ മരിച്ചുവെന്നെഴുതിയ പോസ്‌റ്ററുകളും ഡിസിസി ഓഫിനുമുന്നില്‍ പതിച്ചു.. കോണ്‍ഗ്രസിനെ ഒറ്റികൊടുത്ത യൂദാസുകളുാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമെന്നും പാര്‍ടിയെ ഒറ്റിക്കൊടുത്തിട്ട് നിങ്ങള്‍ക്കെന്ത് കിട്ടി എന്നും പ്രതിഷേധക്കാര്‍ ചോദിക്കുന്നു. രാവിലെ ഡിസിസി ഓഫീസ് സ്‌റ്റാഫ് എത്തിയാണ് ഇവ നീക്കിയത്.
രാജ്യസഭാ സീറ്റ് വിഷയത്തില്‍ സംസ്‌ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരക്കെ പ്രതിഷേധത്തിലാണ്. മുതിര്‍ന്ന നേതാക്കളടക്കം തീരുമാനത്തെ എതിര്‍ത്ത് രംഗത്ത് വന്നു. കഴിഞ്ഞ ദിവസം മലപ്പുറം ഡിസിസി ഓഫീസിനുമുന്നില്‍ മുസ്‌ലീം ലീഗിന്റെ കൊടികെട്ടി പ്രതിഷേധിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളെക്‌സില്‍ കരിഓയില്‍ ഒഴിച്ചും കോലം കത്തിച്ചും നിരവധി പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു.
