തിരുവനന്തപുരം: എല്‍.പി., യു.പി., എട്ട്, ഒമ്ബത് ക്ലാസുകളിലെ വാര്‍ഷികപ്പരീക്ഷയുടെ സമയക്രമം അശാസ്ത്രീയമാണെന്ന് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍(കെ.എസ്.ടി.യു.) പരാതിപ്പെട്ടു.
സമയക്രമം മാറ്റണമെന്നാവശ്യപ്പെട്ട് സംഘടന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിവേദനം നല്‍കി.
റമദാന്‍ നോമ്ബ്കാലത്ത് അഞ്ചു മണി വരെ പരീക്ഷ നടത്തുന്നത് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കും. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം ദൈര്‍ഘ്യമുള്ള പരീക്ഷകള്‍ ഒഴിവാക്കണം. എല്‍.പി., യു.പി. ക്ലാസുകളിലെ പരീക്ഷകള്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്ലാത്ത ദിവസങ്ങളിലും ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടക്കുന്ന ദിവസങ്ങളിലുമായി രാവിലെ നടത്തണം. എട്ട്, ഒമ്ബത് ക്ലാസുകളിലെ പരീക്ഷകള്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടക്കുന്ന ദിവസങ്ങളില്‍ രാവിലെയും ഉച്ചയ്ക്കുമായി നടത്തിയാല്‍ എസ്.എസ്.എല്‍.സി. ഡ്യൂട്ടിയുള്ള അധ്യാപകര്‍ക്ക് മാതൃസ്‌കൂളില്‍ അല്ലാതെ മറ്റു സ്‌കൂളുകളില്‍ ചെറിയ ക്ലാസുകളില്‍ പരീക്ഷ നടത്തേണ്ട സാഹചര്യമുണ്ടാവില്ല.
പല പ്രൈമറി സ്‌കൂളുകളിലും അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ഒരുമിച്ചുള്ള പരീക്ഷ സ്ഥലപരിമിതി സൃഷ്ടിക്കും. അതുകൊണ്ട് യു.പി.യില്‍ ഏതെങ്കിലും രണ്ടു ക്ലാസുകള്‍ക്കു മാത്രമേ ഒരേസമയം പരീക്ഷ നടത്താവൂവെന്നും കെ.എസ്.ടി.യു. ആവശ്യപ്പെട്ടു.

