ബി.വി. അരുണ്‍ കുമാര്‍
തിരുവനന്തപുരം: കഴിഞ്ഞ ദിവസം മുതല്‍ സംസ്ഥാനത്ത് അപ്രതീക്ഷിത പവര്‍കട്ട്.
വിവിധ ജില്ലകളില്‍ അനൗദ്യോഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടാണ് വൈദ്യുതി വകുപ്പിന്റെ മിന്നലാക്രമണം.പ്രധാനമായും രാത്രികാലങ്ങളിലാണ് അരമണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ഈ ചതി.വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത സമയങ്ങളിലാണ് വൈദ്യുതി കട്ട് ചെയ്യുന്നത്. ഇതുസംബന്ധിച്ച് സെക്ഷന്‍ ഓഫീസുകളില്‍ വിളിച്ചവര്‍ക്കാകട്ടെ ലഭിക്കുന്നത് ഇപ്പ ശരിയാക്കാം എന്ന് ‘പപ്പു മോഡല്‍ ‘മറുപടിയും. രാത്രികാലങ്ങളിലുള്ള പവര്‍ക്കട്ട് ഏറെ ദുരിതം വിതയ്ക്കുന്നത് ഗ്രാമീണ മേഖലകളിലാണ്. പവര്‍കട്ടിന്റെ കാരണം വീണ്ടും അന്വേഷിച്ചു വിളിച്ചവരില്‍ ചിലര്‍ക്ക് ജീവനക്കാരുടെ ശകാരവും കിട്ടി.തങ്ങള്‍ക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്കേ കാര്യങ്ങള്‍ അറിയാവൂ എന്നുമായിരുന്നു ജീവനക്കാരുടെ നിലപാട് വേനല്‍ കടുത്തതോടെ വൈദ്യുതി ഉപഭോഗം ഇരട്ടിയോളമായ സാഹചര്യത്തിലാണ് രഹസ്യമായി നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്.
ഔദ്യോഗികമായി വൈദ്യുതി വകുപ്പ് ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ വൈദ്യുതി വിതരണ മേഖലയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് രഹസ്യ സന്ദേശം നല്‍കിയിട്ടുണ്ട്. യുക്തമായ രീതിയില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് അനൗദ്യോഗിക നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതതു ജില്ലയുടെ ചുമതലയലുള്ള വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ കീഴുദ്യോഗസ്ഥര്‍ക്ക് ഈ വിവരം കൈമാറിയിട്ടുണ്ട്. ഇതനുസരിച്ചാണ് മിനിയാന്നു മുതല്‍ ജനങ്ങളെ സര്‍ക്കാര്‍ വിയര്‍പ്പിക്കുന്നത്. സംസ്ഥാനത്ത് റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗമാണ് ഇപ്പോഴുള്ളത്. രാത്രികാലങ്ങളിലാണ് സ്വാഭാവികമായും ഉപഭോഗം കൂടുതല്‍. പകലും ഉപയോഗം കുറവല്ല. എയര്‍ കണ്ടിഷണര്‍, കൂളര്‍, ഫാന്‍ തുടങ്ങിയവയുടെ ഉപയോഗം ഇക്കാലയളവില്‍ മറ്റു മാസങ്ങളെ അപേക്ഷിച്ച് ഏറെ കൂടുതലാണ്. ഇതു മറികടക്കാനുള്ള ഉത്പാദനം ഉണ്ടാകുന്നില്ല. ഇതാണ് അനൗദ്യോഗിക പവര്‍കട്ടിന് വഴിയൊരുക്കിയത്.
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരില്ലെന്നും കാര്യമായ നിരക്കു വര്‍ദ്ധന ഉണ്ടാകില്ലെന്നും ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രി എം.എം. മണി പലതവണ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലയളവില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയതുമില്ല. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി വൈദ്യുതി വകുപ്പിന്റെ ചുമതല ഏറ്റെടുത്തതോടെ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. കേരളത്തിലെ ജനങ്ങള്‍ക്ക് എം.എം. മണി നല്‍കിയ വാഗ്ദാനം കൃഷ്ണന്‍കുട്ടി കാറ്റില്‍പ്പറത്തി. ഇതിന്റെ ആദ്യഘട്ടമാണ് അപ്രഖ്യാപിത പവര്‍കട്ട്. ഏറെ വൈകാതെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന പ്രഖ്യാപനം മന്ത്രി കെ. കൃഷ്ണന്‍കുട്ടി നടത്തുമെന്നാണ് അറിയുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 89.75 ദശലക്ഷം യൂണിറ്റിലെത്തി. കെഎസ്‌ഇബി നേരത്തെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ഉപഭോഗം മാര്‍ച്ച് 15-നായിരുന്നു, 89.62 ദശലക്ഷം യൂണിറ്റ്. 24 മണിക്കൂറും വൈദ്യുതി ലഭിക്കുന്ന ഒരേയൊരു ദക്ഷിണേന്ത്യന്‍ സംസ്ഥാനമാണ് കേരളമെന്നാണ് പൊതുവെ അറിയപ്പെടുന്നത്. എന്നാല്‍ ഉപഭോഗം കൂടിയതോടെ വൈദ്യുതി ബോര്‍ഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങുകയാണെന്നാണ് സൂചന. സംസ്ഥാനത്ത് കുറവുള്ള വൈദ്യുതി പുറമെ നിന്നു വാങ്ങാനുള്ള നീക്കത്തിന് കല്‍ക്കരിക്ഷാമം തിരിച്ചടി നല്‍കിയിരിക്കുകയാണ്.

