തിരുവനന്തപുരം: ”അഴിമതി മുക്തമായ ഭരണമാണ് ഞാന്‍ ലക്ഷ്യമിടുന്നത്. ഭരണരംഗത്തേക്ക് കടന്നുവരുന്നവര്‍ക്ക് പ്രായമെന്നത് പക്വതയെ തീരുമാനിക്കുന്ന ഘടകമായി കണക്കാക്കുന്നില്ല.
പ്രായക്കുറവിന്റെ പേരില്‍ വിമര്‍ശിക്കുന്നവര്‍ ചെറുപ്പത്തിലേ മേയറാകാന്‍ കഴിയാത്തവരാണ്. അവര്‍ക്ക് വാക്കുകൊണ്ടല്ല വികസന പ്രവര്‍ത്തനങ്ങളിലൂടെ മറുപടി നല്‍കുക”. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന ബഹുമതിയുമായി ചുമതലയേറ്റ ശേഷം ആര്യാ രാജേന്ദ്രന്‍ പറഞ്ഞ വാക്കുകളാണിത്. എന്നാല്‍ തുടക്കം മുതലേ അഴിമതി വിവാദങ്ങള്‍ ഏറ്റു വാങ്ങാനായിരുന്നു മേയറുടെ നിയോഗം.
ഇരുപത്തിയൊന്ന് വയസുകാരി ഒരു കോര്‍പ്പറേഷന്റെ അമരത്ത് എത്തുന്നത് രാജ്യമൊട്ടാകെ പ്രകീര്‍ത്തിക്കപ്പെട്ടു. യുവജനങ്ങള്‍ക്ക് ഭരണച്ചുമതല കൈമാറിയെന്ന സന്ദേശത്തിന്റെ മുഖപടത്തില്‍ സിപിഎം ആര്യയുടെ നിയമനത്തെ കൊട്ടിഘോഷിക്കുകയും ചെയ്‌തു. പക്ഷേ മേയറെ കാത്തിരുന്നത് അഴിമതിയാരോപണങ്ങളുടെ ശരമാരിയായിരുന്നു. ആറ്റുകാല്‍ പൊങ്കാലയില്‍ തുടങ്ങി ഇന്ത്യ കണ്ട ഏറ്റവും വലിയ നിയമന വിവാദങ്ങളിലേക്ക് ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതി എത്തി നില്‍ക്കുന്നു.
ആറ്റുകാല്‍ പൊങ്കാല വിവാദം
ആറ്റുകാല്‍ പൊങ്കാല ശുചീകരണത്തിന് ടിപ്പര്‍ ലോറികള്‍ വാടകയ്‌ക്കെടുത്ത സംഭവത്തിലായിരുന്നു ആദ്യ വിവാദം. കൊവിഡ് കൊടുമ്ബിരി കൊണ്ടിരുന്ന കാലത്ത് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വീടുകളിലാണ് ഭക്തര്‍ പൊങ്കാലയര്‍പ്പിച്ചത്. പൊങ്കാലയ്ക്കുശേഷം മാലിന്യം നീക്കം ചെയ്യാനെന്ന പേരില്‍ 21 ടിപ്പര്‍ ലോറികള്‍ വാടകയ്ക്ക് എടുത്തതായാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ രേഖകളിലുള്ളതെന്നാണ് ആരോപണം. ലോറികള്‍ക്ക് വാടകയായി 3,57,800 രൂപ ചെലവഴിച്ചതായാണ് പറയപ്പെടുന്നത്.
ഇതേ ദിവസം ശുചീകരണ തൊഴിലാളികള്‍ക്ക് പൊറോട്ടയും ചിക്കനും വാങ്ങി നല്‍കിയെന്ന പേരിലും അര ലക്ഷത്തോളം രൂപയുടെ ബില്ലുണ്ടാക്കി. വിവാദമായതോടെ ബില്ലുകള്‍ പാസാക്കുന്നത് തടഞ്ഞു വച്ചു.
പൊങ്കാല വിവാദം കടുത്തതോടെ വിശദീകരണവുമായി മേയര്‍ ആര്യ രാജേന്ദ്രന്‍ രംഗത്തെത്തി. പൊങ്കാലക്കുശേഷം 28 ലോഡ് മാലിന്യം കോര്‍പ്പറേഷന്‍ നീക്കം ചെയ്തുവെന്നും, ഇതിനാണ് 3,57,800 രൂപ ചെലവഴിച്ചതെന്ന് മേയര്‍ ന്യായീകരിച്ചു. ക്ഷേത്രവളപ്പില്‍ 5000 പേരെ പങ്കെടുപ്പിച്ച് പൊങ്കാല നടത്താനായിരുന്നു ആദ്യ തീരുമാനം. അതിനനുസരിച്ചുള്ള മുന്‍കരുതലെന്ന നിലയിലാണ് 21 ലോറികള്‍ ഏര്‍പ്പെടുത്തിയതും അതിന് വാടക മുന്‍കൂര്‍ അനുവദിച്ചതും. ഏറ്റവും ഒടുവിലാണ് വീടുകളില്‍ പൊങ്കാല മതിയെന്ന് തീരുമാനിച്ചത്. അതോടെയാണ് പൊങ്കാല മാലിന്യങ്ങള്‍ക്കൊപ്പം പൊതുമാലിന്യങ്ങളും ഈ ലോറി ഉപയോഗിച്ച് നീക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു ആര്യ രജേന്ദ്രന്റെ വിശദീകരണം.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വീണ എസ്.നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഈ പ്രശ്‌നത്തില്‍ പരാതികള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയെങ്കിലും നടപടിയൊന്നും കൈകൊണ്ടില്ല.

പട്ടികജാതി ഫണ്ട് തട്ടിപ്പ്
പട്ടികജാതി വിഭാഗക്കാര്‍ക്ക് വിവാഹ, വിദ്യാഭ്യാസ പദ്ധതികള്‍ക്കായി അനുവദിച്ച തുക മറ്റ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിനല്‍കി തട്ടിയെടുത്തു എന്നതായിരുന്നു അടുത്ത അഴിമതി. ക്രൈംബ്രാഞ്ചിന് കൈമാറിയ കേസിന്റെ അന്വേഷണത്തില്‍ 1.04 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. എന്നാല്‍ ഇതിലുമധികം തുകയുടെ തട്ടിപ്പ് നടന്നതായാണ് ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പൊലീസ് കൃത്യമായി അന്വേഷിക്കാത്തതിനാലാണ് ഇത് കണ്ടെത്താനാകാത്തത് എന്നാണ് ആക്ഷേപം. 10 പദ്ധതികള്‍ക്കുള്ള ആനുകൂല്യങ്ങളില്‍ നിന്നാണ് തട്ടിപ്പ് നടന്നത്. കൂടുതല്‍ തട്ടിപ്പ് നടന്നത് പഠനമുറി, ഭൂരഹിത പുനരധിവാസ പദ്ധതികളിലാണ്. അപേക്ഷകളില്ലാതെയും, വ്യാജ അപേക്ഷ വഴിയും, തട്ടിപ്പ് നടത്തുവരുടെ സ്വന്തം അക്കൗണ്ട് നമ്ബര്‍ വഴിയുമാണ് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്.
പട്ടികജാതി ഓഫീസിലെ ക്ലാര്‍ക്കും തട്ടിപ്പ് കേസിലെ മുഖ്യപ്രതിയുമായ യു. രാഹുലിനെ തുടരന്വേഷണത്തിന്റെ ഭാഗമായി അന്വേഷണസംഘം വേണ്ടവിധത്തില്‍ ചോദ്യം ചെയ്തില്ലെന്ന ആക്ഷേപവും ഉയരുന്നിരുന്നു. 35 പേരുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയെന്ന് കണ്ടെത്തിയെങ്കിലും അതേപ്പറ്റിയുള്ള അന്വേഷണം നടന്നില്ല. തട്ടിപ്പ് നടത്താന്‍ പ്രതി ഉപയോഗിച്ച ലാപ്‌ടോപ്പ് മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെത്താന്‍ സാധിക്കാത്തതും തിരിച്ചടിയായി. കൂടാതെ ഡി.വൈ.എഫ്.ഐ, സി.പി.എം ബന്ധമുള്ളവര്‍ കൂടി പ്രതിപ്പട്ടികയില്‍ വരാന്‍ സാദ്ധ്യതയുള്ളതിനാല്‍ അന്വേഷണത്തിന് രാഷ്ട്രീയ സമ്മര്‍ദ്ദവും ഏറെയായിരുന്നു.11 പേര്‍ക്കെതിരേ പൊലീസെടുത്ത കേസില്‍ അറസ്റ്റ് കഴിഞ്ഞ് വിജിലന്‍സിന് കൈമാറിയെങ്കിലും തുടരന്വേഷണം നിലച്ചു. സസ്‌പെന്‍ഷനിലായവര്‍ തിരികെ സര്‍വീസില്‍ കയറുകയും ചെയ്‌തു.
കെട്ടിട നമ്ബര്‍ തട്ടിപ്പ്
ഉദ്യോഗസ്ഥരുടെ പാസ്‌വേഡും യൂസര്‍ നെയിമും ഉപയോഗിച്ച് കോര്‍പ്പറേഷനിലെ താല്‍ക്കാലിക ജീവനക്കാരാണ് തട്ടിപ്പ് നടത്തിയത്. സഞ്ചയ സോഫ്റ്റ്‌വെയറില്‍ കെട്ടിടത്തിന്റെ വിവരങ്ങള്‍ രേഖപ്പെടുത്താനും പരിശോധിക്കാനും ഏത് കമ്ബ്യൂട്ടറില്‍ നിന്നും കഴിയും. ഇതിന് ഉദ്യോഗസ്ഥരുടെ യൂസര്‍നെയിമും പാസ്‌വേഡും മാത്രം മതിയാകും. എന്നാല്‍ അനുമതി നല്‍കാനുള്ള ഡിജിറ്റല്‍ ഒപ്പ് കോര്‍പ്പറേഷനിലെ കമ്ബ്യൂട്ടറില്‍ നിന്ന് മാത്രമേ നല്‍കാനാകൂ.
കേശവദാസപുരത്ത് നടന്ന തട്ടിപ്പില്‍, വിവരങ്ങള്‍ രേഖപ്പെടുത്തിയതും പരിശോധിച്ചതും പിടിയിലായ ബീനാകുമാരിയും സന്ധ്യയും ചേര്‍ന്നാണ്. ഇവര്‍ സ്വന്തം മൊബൈല്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. എന്നാല്‍ ഡിജിറ്റല്‍ ഒപ്പ് രേഖപ്പെടുത്തി അനുമതി നല്‍കിയത് റവന്യു ഓഫീസറുടെ യൂസര്‍നെയിമും പാസ്‌വേഡും അറിയാവുന്ന കോര്‍പ്പറേഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനാണ്. തട്ടിപ്പിന് കോര്‍പ്പറേഷനിലെ കമ്ബ്യൂട്ടര്‍ ഉപയോഗിച്ചതിന് ചില താത്കാലിക ജീവനക്കാരെ ജോലിയില്‍ നിന്ന് മാറ്റി നിറുത്തി. പൊലീസിന് അന്വേഷണം കൈമാറിയെന്നും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പ്രഖ്യാപനമല്ലാതെ കാര്യമൊന്നുമുണ്ടായില്ല.

നികുതി തട്ടിപ്പ്
നികുതിയടക്കം വിവിധ കാര്യങ്ങള്‍ക്കായി പൊതുജനം ഓഫീസുകളിലൊടുക്കിയ പണം ബാങ്കിലടയ്‌ക്കാതെ ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തതാണ് ഈ അഴിമതി. നേമം സോണല്‍ ഓഫീസില്‍ നിന്ന് 26.74 ലക്ഷവും ആറ്റിപ്ര സോണലില്‍ നിന്ന് 1.09 ലക്ഷവും ശ്രീകാര്യം സോണലില്‍ നിന്ന് 5.12 ലക്ഷവുമാണ് നഷ്ടമായത്. നഗരസഭയിലെ നികുതി തട്ടിപ്പ് പുറത്തുകൊണ്ടുവരാന്‍ മുന്നില്‍നിന്ന ഉദ്യോഗസ്ഥരെ കുറ്റക്കാരാക്കി നഗരസഭ നിയോഗിച്ച ആഭ്യന്തര അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് നല്‍കി. നേമം സോണലിലെ റവന്യൂ ഇന്‍സ്‌പെക്ടറായ സുധീര്‍കുമാര്‍, ശ്രീകാര്യം സോണലിലെ റവന്യൂ ഇന്‍സ്‌പെക്ടറായ സുനില്‍കുമാര്‍,ആറ്റിപ്ര സോണലിലെ കാഷ്യറായ അഖില ചന്ദ്രന്‍ എന്നിവരെ കുറ്റക്കാരാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
തട്ടിപ്പ് പുറത്തുകൊണ്ടുവരാന്‍ മുന്നില്‍ നിന്ന സുനില്‍കുമാറാണ് പിരിക്കുന്ന നികുതിപ്പണം അക്കൗണ്ടിലെത്തുന്നില്ലെന്ന് ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് ലോക്കല്‍ഫണ്ട് ഓഡിറ്റ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. നേമം സോണലില്‍ സൂപ്രണ്ടായിരുന്ന ശാന്തി നടത്തിയ തട്ടിപ്പിനെതിരെ നഗരസഭാ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം സുധീര്‍കുമാറാണ് പൊലീസില്‍ മൊഴി നല്‍കിയത്. മറ്റ് പല ഉദ്യോഗസ്ഥരും ശാന്തിക്കെതിരെ മൊഴി നല്‍കാന്‍ മടിച്ചുനിന്നപ്പോഴാണ് സുധീര്‍ ഇതിന് തയ്യാറായത്. നേരത്തെ നടന്ന പൊലീസ് അന്വേഷണത്തിലൊന്നും ഇവര്‍ പ്രതിയായിരുന്നില്ല. എന്നാല്‍ മൊഴി പോലും രേഖപ്പെടുത്താതെ നഗരസഭയുടെ ആഭ്യന്തര അന്വേഷണ കമ്മിഷന്‍ ഉദ്യോഗസ്ഥരെ കുറ്റക്കാരാക്കുകയായിരുന്നു. വാദികളെ പ്രതികളാക്കി യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് നഗരസഭയുടേതെന്നാണ് ആക്ഷേപം.
സ്വകാര്യ ഹോട്ടലിന് പൊതുമരാമത്ത് റോഡ്
തലസ്ഥാന നഗരത്തിലെ ഏറെ തിരക്കേറിയ എം ജി റോഡില്‍ സ്വകാര്യ ഹോട്ടലിന് പാര്‍ക്കിംഗിനായി സ്ഥലം വാടകയ്ക്ക് നല്‍കിയ സംഭവമായിരുന്നു അടുത്ത പുലിവാല്. പാര്‍ക്കിംഗിന് സ്ഥലം അനുവദിച്ച കോര്‍പറേഷന്റെ നടപടി ഏറെ വിവാദമായിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ റോഡാണ് പ്രതിമാസം 5,000 രൂപ വാടക ഈടാക്കി സ്വകാര്യ ഹോട്ടലിന് നല്‍കിയത്. മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ട്രാഫിക് ഉപദേശക സമിതിയാണ് എം ജി റോഡില്‍ ആയുര്‍വേദ കോളേജിന് എതിര്‍വശത്ത് ദേവസ്വം ബോര്‍ഡ് കെട്ടിടത്തില്‍ പുതുതായി തുടങ്ങിയ സ്വകാര്യ ഹോട്ടലിന് റോഡ് വാടകയ്ക്കുനല്‍കാന്‍ തീരുമാനമെടുത്തത്. കോര്‍പ്പറേഷന്‍ സെക്രട്ടറിയും ഹോട്ടലുടമയും ചേര്‍ന്ന് ഇതിനായി 100 രൂപയുടെ പത്രത്തില്‍ കരാറുണ്ടാക്കി ഒപ്പും വയ്ക്കുകയും ചെയ്തു.റോഡ് സുരക്ഷാ നിയമപ്രകാരം പാര്‍ക്കിംഗിന് റോഡ് അനുവദിക്കാന്‍ സര്‍ക്കാരിനുപോലും അനുവാദമില്ലെന്നിരിക്കെയാണ് പൊതുമരാമത്ത് വകുപ്പ് റോഡ് സ്വന്തം ഭൂമിയെന്നപോലെ സ്വകാര്യ ഹോട്ടലിന് പാര്‍ക്കിംഗിനായി മേയര്‍ വാടകയ്ക്ക് നല്‍കിയത്.
സംഭവം പതിവുപോലെ വിവാദമായതോടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ടു. റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയറോട് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് തേടുകയും കോര്‍പ്പറേഷന്‍ നല്‍കിയ അനുമതി റദ്ദാക്കുകയുമായിരുന്നു.
കത്തില്‍ കുടുങ്ങുമോ മേയര്‍?
നഗരസഭയിലെ താല്‍ക്കാലിക നിയമനത്തിന് പാര്‍ട്ടിക്കാരുടെ പട്ടിക ചോദിച്ച് മേയര്‍ സി.പി.എം ജില്ലാ സെക്രട്ടറിക്ക് അയച്ചതായി പ്രചരിക്കുന്ന വിവാദ കത്തിനെ സംബന്ധിച്ച ദുരൂഹത നീങ്ങുന്നില്ല. കത്ത് തന്റേതല്ലെന്നും ഉറവിടമന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രന്‍ മുഖ്യമന്ത്രിയെ സമീപിച്ചെങ്കിലും, കത്ത് വ്യാജമാണോയെന്ന് തെളിച്ച് പറയാതെ ഉരുളുകയാണ് മേയറും പാര്‍ട്ടിയും.
കത്ത് വ്യാജമാണോയെന്നതടക്കം അന്വേഷിക്കട്ടെയെന്നാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ ശേഷം വാര്‍ത്താസമ്മേളനത്തില്‍ മേയര്‍ പറഞ്ഞത്. പിന്‍വാതില്‍ നിയമനം പാര്‍ട്ടി രീതിയല്ലെന്ന് വ്യക്തമാക്കിയ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും, കത്തെങ്ങനെ രൂപപ്പെട്ടെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തട്ടെയെന്നാണ് പറഞ്ഞത്. താല്‍ക്കാലിക നിയമനത്തിന് ആളുകളെ നിശ്ചയിച്ച് നല്‍കുന്നത് പാര്‍ട്ടി ജില്ലാ സെക്രട്ടറിയാണെന്ന പ്രതിപക്ഷ ആക്ഷേപമുണ്ടാക്കുന്ന ക്ഷീണം മറികടക്കാന്‍ കൊണ്ടുപിടിച്ച ശ്രമത്തിലാണ് സി.പി.എം. ഇതിന്റെ ഭാഗമായാണ്, അന്വേഷണമാവശ്യപ്പെട്ടുള്ള പരാതി. എന്നാല്‍, നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടിയറിയാതെ ഇങ്ങനെയൊരു കത്തെങ്ങനെ പോയെന്ന ചോദ്യവും ദുരൂഹമാണ്.വിവാദത്തില്‍ മേയറെ സംരക്ഷിക്കാനാണ് സി.പി.എം നീക്കം. സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവുമാരോപിച്ച് മേയറുടെ രാജിക്കായി പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയാണെങ്കിലും മേയറെ തള്ളിപ്പറയുന്നത് കൂടുതല്‍ ക്ഷീണമാകുമെന്ന് പാര്‍ട്ടി വിലയിരുത്തുന്നു.
കത്തില്ലെങ്കിലും ജില്ലാ സെക്രട്ടറിയെ അറിയിക്കുന്ന പതിവുണ്ട്
നഗരസഭയില്‍ ഒഴിവുള്ള താത്കാലിക നിയമനങ്ങളുടെ വിവരങ്ങള്‍ മേയര്‍ ജില്ലാ സെക്രട്ടറിയെ അറിയിക്കുന്ന പതിവുണ്ട്. എന്നാല്‍ അത് ഔദ്യോഗകമായി കത്തുവഴി അറിയിക്കണമെന്നില്ല. ഇത് കാലങ്ങളായുള്ള പതിവാണ്. നഗരസഭയിലെ താത്കാലിക നിയമനത്തില്‍ ഒരു പരിധി വരെ പാര്‍ട്ടിയും യൂണിയനും ഇടപെടുന്നുണ്ട്. ഈ ഭരണസമിതിയുടെ കാലത്ത് നടത്തിയ സുതാര്യമായ നിയമനത്തില്‍ യൂണിയന് അതൃപ്‌തിയുണ്ടായിരുന്നു. ജില്ലാ ഘടകത്തിന് പരാതിയെത്തിയ ശേഷമാണ് താത്കാലിക നിയമനങ്ങള്‍ പാര്‍ട്ടിയെയും അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ചത്. അതനുസരിച്ച് മേയര്‍ തന്നെ സെക്രട്ടറിയോട് കാര്യങ്ങള്‍ വിശദീകരിക്കാറുണ്ട്.
പൊലീസ് അന്വേഷണം പൊല്ലാപ്പാകും
കത്ത് വ്യാജമാണെന്ന് തെളിയിക്കുകയാണ് ആദ്യ ഘട്ടത്തിലെ ശ്രമം. താന്‍ അറിയാതെ തന്റെ പേരില്‍ തന്റെ ഒപ്പുപോലുമല്ലാത്ത കത്താണ് പ്രചരിക്കുന്നതെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ തന്നെ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. ആ സാഹചര്യത്തിലാണ് കത്തിന്റെ ഉറവിടം കണ്ടെത്തണമെന്നാവശ്യപ്പെട്ട് മേയര്‍ പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പൊലീസ് അന്വേഷണം ഭരണസമിതി അംഗത്തിലെത്തുമെന്നത് വേറെ പൊല്ലാപ്പുണ്ടാക്കും. അന്വേഷണം ആവശ്യപ്പെട്ടില്ലെങ്കില്‍ മേയര്‍ തന്നെ വെട്ടിലാകും. മേയറെ രക്ഷിച്ച് കൂടുതല്‍ വഷളാകുന്ന കാര്യത്തിലേക്ക് കാര്യങ്ങളെത്തിക്കുന്നത് തടയാനാണ് പാര്‍ട്ടിയുടെ ഈ നീക്കമെന്നും സൂചനയുണ്ട്.

