ന്യൂഡല്‍ഹി: സമ്മതത്തോടെയുള്ള ലൈംഗികത്തൊഴില്‍ നിയമപരമാണെന്നും ഇടപെടാന്‍ പൊലീസിന് അധികാരമില്ലെന്നും സുപ്രീം കോടതി.
ലൈംഗിക തൊഴിലുമായി ബന്ധപ്പെട്ട് അവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ പൊലീസിന് അധികാരമില്ലെന്ന സുപ്രധാന ഉത്തരവാണ് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. വേശ്യാവൃത്തി ഒരു തൊഴിലാണെന്നും ലൈംഗിക തൊഴിലാളികള്‍ക്ക് നിയമപ്രകാരം, അന്തസ്സിനും തുല്യ പരിരക്ഷയ്ക്കും അര്‍ഹതയുണ്ടെന്നും ഉത്തരവില്‍ പറയുന്നു.
സുപ്രധാനമായ ആറ് നിര്‍ദ്ദേശങ്ങളാണ് ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ട വിധിയില്‍ പറയുന്നത്, ലൈംഗിക തൊഴിലാളികള്‍ക്ക് നിയമത്തിന്റെ തുല്യ സംരക്ഷണത്തിന് അര്‍ഹതയുണ്ടെന്ന് ബെഞ്ച് പറഞ്ഞു. പ്രായത്തിന്റെയും സമ്മതത്തിന്റെയും അടിസ്ഥാനത്തില്‍ എല്ലാ കേസുകളിലും ക്രിമിനല്‍ നിയമം ഒരുപോലെ ബാധകമാകണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
ലൈംഗിക തൊഴിലാളി പ്രായപൂര്‍ത്തിയായ ആളാണെന്നും സമ്മതത്തോടെയാണ് ഈ തൊഴില്‍ തിരഞ്ഞെടുത്തതെന്നും വ്യക്തമായാല്‍, അതില്‍ ഇടപെടാനോ, ക്രിമിനല്‍ നടപടിയെടുക്കാനോ പൊലീസ് ശ്രമിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. തൊഴില്‍ എന്തുതന്നെയായാലും, ഈ രാജ്യത്തെ ഓരോ വ്യക്തിക്കും ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരം മാന്യമായ ഒരു ജീവിതത്തിന് അവകാശമുണ്ടെന്ന് പ്രത്യേകം എടുത്തുപറയേണ്ട ആവശ്യമില്ലെന്നും ബെഞ്ച് അറിയിച്ചു. ലൈംഗിക തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയോ, ശിക്ഷിക്കുകയോ, ഉപദ്രവിക്കുകയോ, വേശ്യാലയങ്ങളിലെ റെയ്ഡുകളില് ഇരയാക്കുകയോ ചെയ്യരുതെന്നും ബെഞ്ച് ഉത്തരവിട്ടു.

