കൊച്ചി: ബലാത്സംഗക്കേസില്‍ വിജയ് ബാബുവിന് ജാമ്യം നല്‍കരുതെന്ന ആവശ്യവുമായി നടി ഹെെക്കോടതിയില്‍. പ്രതി ജാമ്യവ്യവസ്ഥ നിശ്ചയിക്കുന്ന സാഹചര്യം അനുവദിക്കരുതെന്നും നടി കോടതിയോട് ആവശ്യപ്പെട്ടു.
വിജയ് ബാബു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റിയിട്ടുണ്ട്.
വിജയ് ബാബു ആദ്യം കേരളത്തില്‍ എത്തട്ടെയെന്ന് കോടതി അറിയിച്ചു. ഈ മാസം 30 ന് കേരളത്തില്‍ തിരിച്ചെത്തിയില്ലെങ്കില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളുമെന്നും ജസ്റ്റിസ് പി ഗോപിനാഥ് വ്യക്തമാക്കി.
നിയമത്തിന് മുന്നില്‍ നിന്ന് ഒളിച്ചോടിയ ആളാണ് വിജയ് ബാബുവെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. വിജയ് ബാബു തിരിച്ചെത്തുന്നത് വരെ ഇടക്കാല ജാമ്യം നല്‍കിക്കൂടെയെന്ന് കോടതി വാക്കാല്‍ ചോദിച്ചെങ്കിലും പ്രോസിക്യൂഷന് എതിര്‍ത്തു.
അതേസമയം, നടിയുമായുളള ചാറ്റുകളുടെ പകര്‍പ്പുകള്‍ വിജയ് ബാബു കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഉഭയ സമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും പരാതിക്കാരിക്ക് താന്‍ പലപ്പോഴായി പണം നല്‍കിയിട്ടുണ്ടെന്നും വിജയ് ബാബു പറയുന്നു. സിനിമയില്‍ കൂടുതല്‍ അവസരം വേണമെന്ന ആവശ്യം താന്‍ നിരസിച്ചതോടെയാണ് ബലാത്സംഗ പരാതിയുമായി നടി രംഗത്തെത്തിയതെന്നും വിജയ് ബാബു വ്യക്തമാക്കിയിട്ടുണ്ട്.

