പ്ലസ് വണ്‍ ഒന്നാം അലോട്ട്മെന്‍റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; പ്രവേശനം 24 മുതല്‍ 27 വരെ

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്‍റെ ആദ്യ അലോട്ട്മെന്‍റ് ലിസ്റ്റ് പ്രസിദ്ധീകരണം ആരംഭിച്ചു. എസ്.എസ്.എല്‍.സി റീവാലുവേഷനിലൂടെ ഉയര്‍ന്ന ഗ്രേഡ് ലഭിച്ചവരുടെ ഗ്രേഡുകള്‍ പരീക്ഷാഭവനില്‍ നിന്ന് നേരിട്ട് ഉള്‍പ്പെടുത്തിയാണ് അലോട്ട്മെന്‍റ് പ്രക്രിയ നടത്തിയിട്ടുളളത്.

റീ-വാലുവേഷനില്‍ ഗ്രേഡ് വ്യത്യാസം വന്നിട്ടുളളവര്‍ പരീക്ഷാഭവന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നുളള റിസള്‍ട്ടിന്‍റെ പ്രിന്‍റ് ഔട്ട് പ്രവേശനസമയത്ത് ഹാജരാക്കണം. ആദ്യലിസ്റ്റ് പ്രകാരമുളള വിദ്യാര്‍ത്ഥി പ്രവേശനം 24 മുതല്‍ 27 വരെ നടക്കും. അലോട്ട്മെന്‍റ് വിവരങ്ങള്‍ www.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

അലോട്ട്മെന്‍റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായി അലോട്ട്മെന്‍റ് ലഭിക്കുന്ന സ്‌കൂളില്‍ മേയ് 27ന് വൈകിട്ട് നാല് മണിക്ക് മുമ്പ് പ്രവേശനം നേടണം. അലോട്ട്മെന്‍റ് ലഭിച്ചിട്ടും താല്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുളള അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല. ആദ്യ അലോട്ട്മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളില്‍ അലോട്ട്മെന്റ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താല്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം.

താല്ക്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ടതില്ല. താല്‍കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. ഇതിനുളള അപേക്ഷയും പ്രവേശനം നേടുന്ന സ്‌കൂളിലാണ് നല്‍കേണ്ടത്. ആദ്യ അലോട്ട്മെന്റില്‍ ഇടം നേടാത്തവര്‍ അടുത്ത അലോട്ട്മെന്റുകള്‍ക്കായി കാത്തിരിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ അപേക്ഷിച്ച ഓരോ സ്‌കൂളിലെയും കാറ്റഗറി തിരിച്ചുളള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാം.

അലോട്ടമെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികളെല്ലാം നിശ്ചിത സമയത്തിനുളളില്‍ സ്‌കൂളുകളില്‍ പ്രവേശനത്തിന് ഹാജരാകണമെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.
രണ്ടാമത്തെ അലോട്ട്മെന്റിനുശേഷം ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് സപ്ലിമെന്‍ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകള്‍ സ്വീകരിക്കും. സ്പോര്‍ട്സ് ക്വാട്ട സ്പെഷ്യല്‍ അലോട്ട്സമെന്‍റ് റിസള്‍ട്ടും ഇതിനോടൊപ്പം പ്രസിദ്ധീകരിക്കും. അഡ്മിഷന്‍ മേയ് 24 മുതല്‍ 27 വരെ ആയിരിക്കും. വെബ്സൈറ്റില്‍ അലോട്ട്മെന്‍റ് റിസല്‍ട്ടിനോടൊപ്പം പ്രസിദ്ധീകരിക്കുന്ന നിര്‍ദേശങ്ങളനുസരിച്ച് നിശ്ചിത സമയത്തിനുളളില്‍ പ്രിന്‍സിപ്പല്‍മാര്‍ പ്രവേശനനടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.

prp

Leave a Reply

*