പാലക്കാട്: പ്ലസ്വണ് ഏകജാലക പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റില്‍ ജില്ലയില്‍ സീറ്റുറപ്പായത് 24232 പേര്‍ക്ക് മാത്രം. ഇനി ജില്ലയില്‍ 41 മെറിറ്റ് സീറ്റുകള്‍ മാത്രമേ അലോട്ട് ചെയ്യാന്‍ ബാക്കിയുള്ളു. ജില്ലയില്‍ പ്ലസ്വണ് പ്രവേശനത്തിന് അപേക്ഷിച്ച 43,010 വിദ്യാര്‍ഥികളില്‍ പകുതിയോളം പേര് സീറ്റ് കിട്ടാതെ പുറത്താണ്.
സീറ്റ്ക്ഷാമം രൂക്ഷമായതോടെ എയ്ഡഡില്‍ മാനേജ്മെന്റ് സീറ്റിന് പിടിവലി തുടങ്ങി. ജില്ലയില്‍ ആകെയുള്ളത് 24,345 മെറിറ്റ് സീറ്റുകള്‍ മാത്രം. ഒന്നാംഅലോട്ട്മെന്റില് 20,096 പേര്‍ക്കാണ് സീറ്റുറപ്പായത്. ബുധനാഴ്ച നടന്ന രണ്ടാം അലോട്ട്മെന്റില്‍ 4249 പേര്‍ക്ക്കൂടി അഡ്മിഷന് ലഭിച്ചു. സര്‍ക്കാര്‍ സ്കൂളുകളിലെ മുഴുവന്‍ സീറ്റും എയ്ഡഡിലെ കമ്യൂണിറ്റി, മാനേജ്മെന്റ് സീറ്റുകള്‍ ഒഴികെയുള്ളതുമാണ് മെറിറ്റ് സീറ്റുകളായി കണക്കാക്കുന്നത്. ആനുപാതിക വര്‍ധനയിലൂടെ വരുത്തിയ സീറ്റുകള്‍ ഉള്‍പ്പെടുത്തിയാണ് അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചത്. ജില്ലയില്‍ 133 സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലായി 483 ബാച്ചുകളിലായി ആകെ 28,267 പ്ലസ്വണ് സീറ്റുകളാണുള്ളത്. 20 ശതമാനം ആനുപാതിക വര്‍ധനയിലൂടെ 4830 സീറ്റുകളാണ് സര്‍ക്കാര്‍ കൂട്ടിയത്. ഇതുപ്രകാരം നിലവില്‍ 33,097 സീറ്റുകളുണ്ട്. കഴിഞ്ഞ വര്‍ഷം പ്ലസ്വണ് പ്രവേശനം കിട്ടാതെപോയ ജില്ലയിലെ 6274 കുട്ടികളാണ് സ്കോള്‍ കേരളയില്‍ ചേര്‍ന്ന് പഠിച്ചത്. ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 99.35 ശതമാനം കുട്ടികളാണ് ജില്ലയില്‍ വിജയിച്ചത്. ജില്ലയില്‍ 25 വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ 69 ബാച്ചുകളിലായി 2070 സീറ്റുണ്ട്. അത് ഒഴിച്ചുനിര്ത്തിയാലും എട്ടായിരത്തോളം കുട്ടികള്‍ ക്ലാസ്മുറിക്ക് പുറത്തിരിക്കേണ്ടിവരും. വര്‍ഷങ്ങളായി തെക്കന്‍ ജില്ലകളില്‍ ഹയര്‍ സെക്കന്‍ഡറി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുേമ്ബാഴാണ് മലബാറില്‍ സീറ്റ് ലഭിക്കാതെ വിദ്യാര്‍ഥികള്‍ പുറത്തിരിക്കുന്നത്.
അണ് എയ്ഡഡില്‍ ഉയര്‍ന്ന ഫീസ്
-സീറ്റില്ലാത്തതിനാല്‍ പഠനം പ്രതിസന്ധിയിലായി ജില്ലയില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍. അണ് എയ്ഡഡില്‍ സീറ്റ് വര്‍ധിപ്പിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനംകൊണ്ട് പ്രശ്നം പരിഹരിക്കപ്പെടുകയില്ല. ജില്ലയിലെ 24 അണ് എയ്ഡഡ് വിദ്യാലയങ്ങളില്‍ 83 ബാച്ചുകളും 4117 സീറ്റുകളും ഉണ്ടെങ്കിലും ഇതില്‍ ചേര്‍ന്ന് പഠിക്കാന്‍ ഉയര്‍ന്ന ഫീസ് നല്‍കണം. പാവപ്പെട്ട കുട്ടികള്‍ക്ക് ഇത് താങ്ങാന്‍ പറ്റാത്തതാണ്. ഇതുമൂലം അണ് എയ്ഡഡ് സ്കൂളുകളില്‍ മുന്‍വര്‍ഷങ്ങളിലും സീറ്റ് ഒഴിഞ്ഞുകിടന്നിരുന്നു. അണ് എയ്ഡഡില്‍ സീറ്റ് വര്‍ധിപ്പിച്ച് തടിതപ്പാനാണ് സര്‍ക്കാര്‍ നീക്കം.
വേണം പുതിയ ബാച്ചുകള്‍
-20 ആനുപാതിക സീറ്റ് വര്‍ധന ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് ചെയ്യുന്നത്. 50 കുട്ടികള്‍ പഠിക്കേണ്ട ക്ലാസില്‍ ഇതോടെ 60 പേരാണ് ഇരുന്നു പഠിക്കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കുകയാണ് ഏക പരിഹാരം. കഴിഞ്ഞ വര്‍ഷം പ്ലസ്വണ് പ്രവേശനം കിട്ടാതെപോയ ജില്ലയിലെ 6274 കുട്ടികളാണ് സ്കോള്‍ കേരളയില്‍ ചേര്‍ന്ന് പഠിച്ചത്. ഇത്തവണയും അഡ്മിഷന് കിട്ടാത്ത കുട്ടികള്‍ക്ക് ഒാപണ്‍ സ്കൂളില്‍ അഭയം തേടേണ്ടിവരും.പോളിടെക്നിക്, ഐ.ടി.ഐ ഉള്‍െപ്പടെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടി പരിഗണിച്ചാല്‍ എസ്.എസ്.എല്‍.സി വിജയികളുടെ ഉപരിപഠനത്തിന് മതിയായ സീറ്റുകള്‍ ജില്ലയില്‍ ഉണ്ട്. എല്ലാവരും നഗരകേന്ദ്രീകൃത വിദ്യാലയങ്ങളില്‍ ഉപരിപഠനത്തിന് ശ്രമിക്കുന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്ന പ്രധാന കാരണങ്ങളില്‍ ഒന്ന്. ഇതോടെ എ പ്ലസ് ലഭിച്ച വിദ്യാര്‍ഥികള്‍ക്കുപോലും വിദ്യാലങ്ങളില്‍ പ്രവേശനം കിട്ടാതെ പോകുകയാണ്. വിദ്യാര്‍ഥികളില്‍ പലരും ഓപ്ഷനുകള്‍ പൂര്‍ണമായി നല്‍കിയില്ല. എന്നാല്‍, സപ്ലിമെന്റ് അലോട്ട്മെന്റില്‍ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.
– എം.ആര്. മഹേഷ്കുമാര്‍ (കെ.എസ്.ടി.എ ജില്ല സെക്രട്ടറി).
അഡ്മിഷന് പോര്ട്ടലിെന്റ സെര്‍വര്‍ ശക്തി വര്‍ധിപ്പിക്കണം-എച്ച്.എസ്.എസ്.ടി.എ
പാലക്കാട്: പ്ലസ് വണ്‍ ഏകജാലക പ്രവേശന പ്രകിയ നിയന്ത്രിക്കുന്ന അഡ്മിഷന് പോര്ട്ടലിെന്റ സെര്‍വര്‍ ശക്തി വര്‍ധിപ്പിക്കാത്തത് വിദ്യാര്‍ഥികളെയും സ്കൂള്‍ അധികൃതരെയും ഒരുപോലെ വലക്കുന്നു. സെര്‍വര്‍ ശക്തിയില്ലായ്മ കാരണം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ വിദ്യാര്‍ഥികള്‍ക്കോ സ്കൂള്‍ അധികൃതര്‍ക്കോ സൈറ്റില്‍ പ്രവേശിക്കാനാവുന്നില്ല. പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റിലും ഒന്നാം അലോട്ട്മെന്റിലും ഒരുദിവസത്തെ കാത്തിരിപ്പിനുശേഷം മാത്രമാണ് കുട്ടികള്‍ക്ക് സൈറ്റില്‍ പ്രവേശിക്കാനായത്.
രണ്ടാം അലോട്ട്മെന്റ് പരിശോധിക്കാനും കുട്ടികള്‍ക്ക് പ്രയാസം നേരിട്ടു. അഡ്മിഷന് പ്രക്രിയ ആരംഭിച്ചതോടു കൂടി നിരന്തരം പണിമുടക്കുന്ന സെര്‍വറിലേക്ക് പരീക്ഷ ജോലികള്‍കൂടി വന്നതോടെ രണ്ടു ജോലികളും തകരാറിലാവുന്ന അവസ്ഥയാണ് വന്നിരിക്കുന്നതെന്ന് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി പറഞ്ഞു. പ്രവേശനം തേടുന്ന വിദ്യാര്‍ഥികളുടെയും പ്രവേശന പ്രക്രിയകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെയും ദുരിതം അവസാനിപ്പിക്കാന്‍ സെര്‍വര്‍ ശക്തി വര്‍ധിപ്പിക്കുന്നതടക്കം അടിയന്തര നടപടി കൈക്കൊള്ളമെന്ന് എച്ച്.എസ്.എസ്.ടി.എ സംസ്ഥാന സെക്രട്ടറി അനില്‍ എം. ജോര്‍ജ് ആവശ്യപ്പെട്ടു.ജില്ലതലത്തില്‍ കൃത്യമായ അവലോകനത്തിന് ശേഷമാണ് നിലവില്‍ അഡ്മിഷന് ക്രമീകരിച്ചതെന്ന വാദം തെറ്റാണ്. പഠിച്ചുവന്നിരുന്ന സ്കൂളില്‍ സീറ്റ് ലഭിക്കാത്തതും, പഠനത്തില്‍ ഏറെ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പോലും ആഗ്രഹിച്ച ഒാപ്ഷന്‍ ലഭിക്കാത്തതുമായ സാഹചര്യം തീര്‍ത്തും അനഭിലഷണീയമാണ്. ജില്ല അതിര്‍ത്തികളില്‍ താമസിക്കുന്ന വിദ്യാര്‍ഥികളില്‍ പലര്‍ക്കും അഡ്മിഷന് സമയത്ത് വെയ്റ്റേജ് പ്രതിസന്ധിയാവുന്നതോടെ അയല്‍ജില്ലയില്‍ അടുത്തുള്ള സ്കൂളുകളില്‍ പ്രവേശനം തേടാനാവില്ല. എല്ലാ സ്കൂളുകളിലും 10 ശതമാനം സീറ്റ് വര്‍ധിപ്പിക്കണമെന്നാണ് കെ.പി.എസ്.ടി.എയുടെ ആവശ്യം. വിഷയം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ പ്രതിഷേധപരിപാടികളുമായി സംഘടന രംഗത്തുവരും.
-എം. വിജയരാഘവന് (കെ.പി.എസ്.ടി.എ ജില്ല സെക്രട്ടറി)

