റോജിന്‍ തോമസ് സംവിധാനം ചെയ്ത മലയാള ചിത്രം ഹോം പ്രേക്ഷകര്‍ക്കിടയില്‍ ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ചിത്രത്തില്‍ ഇന്ദ്രന്‍സിന്റേയും മഞ്ജു പിള്ളയുടേയും അഭിനയത്തെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയത്. ഇപ്പോഴിതാ ചിത്രത്തെ ഹിന്ദിയിലേക്ക് റിമേക്ക് ചെയ്യുകയാണെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മ്മാതാവ് വിജയ് ബാബു.
വിജയ് ബാബു നിര്‍മ്മിച്ച അങ്കമാലി ഡയറീസ് റീമേക്ക് ചെയ്ത അബര്ടന്ഷ്യ എന്റര്ടെയ്ന്മെന്റ് തന്നെയാണ് ഹോമും റീമേക്ക് ചെയ്യുന്നത്. 21 വര്‍ഷങ്ങള്‍ക്ക് മുമ്ബ് മുംബൈയില്‍ തന്റെ കരിയര്‍ തുടങ്ങുമ്ബോള്‍ മുംബൈ ടൈംസിന്റെ ഫ്രണ്ട് പേജില്‍ എന്നെ കുറിച്ച് ഫീച്ചര്‍ വരുന്നത് സ്വപ്നം കണ്ടിരുന്നു. ഒപ്പം ബോളിവുഡ് സിനിമയുടെ ഭാഗമാകണമെന്ന ആഗ്രഹവും ഉണ്ടായിരുന്നു. ഹോം ആ സ്വപ്നങ്ങള്‍ യാഥാര്ത്ഥ്യമാക്കുകയാണെന്നാണ് വിവരം പങ്കുവെച്ച് വിജയ് ബാബു കുറിച്ചത്.
വിദ്യാ ബാലന് നായികയായെത്തിയ ഷെര്‍ണി, ശകുന്തള ദേവി, എയര്‍ലിഫ്റ്റ്, ടോയ്ലറ്റ് ഏക് പ്രേം കഥ, ഷെഫ്, നൂര്‍ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചത് അബര്ടന്ഷ്യ എന്റര്ടെയ്ന്മെന്റ് ആണ്. ഹോം എന്ന വളരെ മനോഹരമായ സിനിമ റീമേക്ക് ചെയ്യാന്‍ അവസരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് അബന്‍ടന്‍ഷ്യ എന്റര്‍ടെയിന്‍മെന്റ് സിഇഓ വിക്രം മല്‍ഹോത്ര പറഞ്ഞു.

