ആലുവ: അങ്കമാലി കഞ്ചാവ് കേസിലെ രണ്ടാംപ്രതിയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടിയുമായി റൂറല്‍ ജില്ല പൊലീസ്. തൊടുപുഴ പെരുമ്ബിള്ളിച്ചിറ ചെളിക്കണ്ടത്തില്‍ നിസാര്‍ (37) ഭാര്യയുടെ പേരില്‍ വാങ്ങിയ അഞ്ചുസെന്റ് സ്ഥലമാണ് കണ്ടുകെട്ടുന്നത്. ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക് നടത്തിയ അന്വേഷണത്തില്‍ ഈ സ്ഥലം കഞ്ചാവ് വില്പനയിലൂടെ നിയമവിരുദ്ധമായി നേടിയ പണംകൊണ്ട് വാങ്ങിയതാണെന്ന് കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് എം.ഡി.പി.എസ് ചട്ടം 68 (ഇ) പ്രകാരം നടപടി സ്വീകരിച്ചു. സബ് രജിസ്ട്രാര്‍ ഓഫിസില്‍നിന്ന് രേഖകള്‍ ശേഖരിച്ച് നടപടികളുമായി മുന്നോട്ടു പോകുന്നതിനിടയില്‍ ഇവര്‍ അപ്പീല്‍ നല്‍കിയെങ്കിലും അത് ചെന്നൈയിലുള്ള ഇതുമായി ബന്ധപെട്ട ഓഫിസ് തള്ളുകയായിരുന്നു. ജില്ലയില്‍ ആദ്യമായാണ് നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തി സമ്ബാദിച്ച വസ്തു കണ്ടുകെട്ടുന്നത്.
കഴിഞ്ഞ നവംബറിലാണ് ആന്ധ്രയില്‍നിന്ന് ആഢംബര കാറില്‍ കടത്തുകയായിരുന്ന 105 കിലോ കഞ്ചാവ് അങ്കമാലിയില്‍ പൊലീസ് പിടികൂടിയത്. മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു. കേരളത്തിലെ പ്രധാന കഞ്ചാവുകടത്ത് സംഘമായ ഇവര്‍ പലപ്പോഴായി ആയിരക്കണക്കിന് കിലോ കഞ്ചാവാണ് ഇടുക്കിയിലെത്തിച്ച് വില്പന നടത്തിയിരുന്നത്.
ഇവര്‍ക്ക് കഞ്ചാവ് നല്കുന്ന ആന്ധ്ര സ്വദേശിയുള്െപ്പടെ പത്തോളം പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ നടപടിയുണ്ടാകുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്കുന്ന എസ്.പി കെ. കാര്‍ത്തിക് പറഞ്ഞു.

