പാലക്കാട്: ആരുടെയും പരാതി പോലുമില്ലാതെ തന്നെ മാദ്ധ്യമങ്ങള്‍ അനാവശ്യമായി വേട്ടയാടുകയാണെന്ന് പീഡനക്കേസില്‍ ആരോപണ വിധേയനായ പി.കെ.ശശി എം.എല്‍.എ ആരോപിച്ചു. തെറ്റ് ചെയ്‌തിട്ടില്ലെന്ന് തനിക്ക് ഉത്തമ ബോധ്യമുണ്ട്. എന്നാല്‍ പിശക് പറ്റിയെന്ന് പാര്‍ട്ടി തന്നെ ബോധ്യപ്പെടുത്തിയാല്‍ എന്ത് ശിക്ഷാ നടപടിയും സ്വീകരിക്കാന്‍ താന്‍ ഒരുക്കമാണെന്നും അദ്ദേഹം ചെര്‍പ്പുളശേരിയില്‍ വച്ച് വ്യക്തമാക്കി.
യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടയിലാണ് ശശി ഏരിയാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ ഇവിടെയെത്തിയത്. പാര്‍ട്ടി അംഗത്തെക്കുറിച്ച് പരാതി ലഭിച്ചാല്‍ അത് അന്വേഷിക്കുകയെന്നത് സി.പി.എമ്മിലെ രീതിയാണ്. തനിക്കെതിരായ പരാതിയില്‍ പാര്‍ട്ടി നടത്തുന്ന അന്വേഷണത്തെ നേരിടാന്‍ തയ്യാറാണ്. അതിനുള്ള ആര്‍ജ്ജവം തനിക്കുണ്ട്. പിശകുണ്ടായതായി ബോധ്യപ്പെട്ടാല്‍ പാര്‍ട്ടി തീരുമാനിക്കുന്ന ഏത് നടപടിയും സ്വീകരിക്കാന്‍ താന്‍ തയ്യാറാണ്.
തന്‍റെ നിയോജക മണ്ഡലത്തിലെ എല്ലാവര്‍ക്കും തന്നെ നന്നായി അറിയാവുന്നതാണ്. തനിക്കെതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷ അംഗങ്ങള്‍ പോലും തന്നെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

