കേരള ജനത നല്‍കിയ കനത്ത തിരിച്ചടിയുമായി പിണറായി സർക്കാർ നാലാം വർഷത്തിലേക്ക്

തിരുവനന്തപുരം: അധികാരത്തിലേറ്റിയ ജനങ്ങൾ നൽകിയ തിരിച്ചടിയുടെ നിഴലിൽ പിണറായി സർക്കാർ നാലാം വർഷത്തിലേക്ക്. തിരിച്ചടിയുടെ ആഘാതം മറികടക്കുകയെന്നതാണ് സർക്കാരിനു മുന്നിലുള്ള അടിയന്തര വെല്ലുവിളി. പ്രളയാനന്തര കേരള പുനർനിർമാണമെന്ന കടമ്പയും സർക്കാരിനു മുന്നിലുണ്ട്.

 നൂറ്റാണ്ടിലെ പ്രളയം,നിപ,ശബരിമല യുവതീ പ്രവേശന വിധി തുടങ്ങിയവ പിണറായി സർക്കാരിന്‍റെ മൂന്നാം വർഷമായിരുന്നു. വികസന പ്രവർത്തനങ്ങൾ ഏറെ നടത്തിയെന്ന അവകാശവാദമാണ് സർക്കാരിന്‍റെത്. വെല്ലുവിളികൾ വിജയകരമായി അതിജീവിച്ചെന്ന ആത്മവിശ്വാസവും സർക്കാരിനുണ്ടായിരുന്നു. ഈ ആത്മവിശ്വാസം പക്ഷേ വോട്ടായില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഭരണകക്ഷിക്ക് കേരള ജനത കനത്ത തിരിച്ചടി നൽകി.

രാഷ്ട്രീയമായി മാത്രമല്ല, ഭരണപരമായും വലിയ വെല്ലുവിളികളാണ് മുഖ്യമന്ത്രിക്ക് മുന്നിലുള്ളത്. ഇതുവരെ പാർട്ടിയിലും സർക്കാരിലും അനിഷേധ്യനായിരുന്നു പിണറായി. തെരഞ്ഞെടുപ്പ് പരാജയത്തിലൂടെ ചോദ്യം ചെയ്യപ്പെട്ടത് മുഖ്യമന്ത്രിയുടെ നിലപാടുകളുമാണ്. ഈ വിശ്വാസത്തകർച്ചയാകും രാഷ്ട്രീയമായി പിണറായി നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി. ഭരണപരമായും നിരവധി കടമ്പകൾ മുഖ്യമന്ത്രിക്കു മുന്നിലുണ്ട്.

പ്രളയാനന്തര കേരള പുനർനിർമാണമാണ് പ്രധാനം. ഇതിന് 36,000 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നു. പുനർ നിർമാണം വേഗത്തിലാക്കാൻ ജനവിശ്വാസം ആർജിക്കേണ്ടത് അനിവാര്യമാണ്. ആറ് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും തദ്ദേശഭരണ തെരഞ്ഞെടുപ്പുമാണ് സർക്കാരിനു മുന്നിലുള്ള മറ്റു വെല്ലുവിളികൾ.

prp

Leave a Reply

*