സൗമ്യയുടെ ഡയറിക്കുറിപ്പിലെ ‘അവന്‍’ ആര്? വട്ടംകറങ്ങി പൊലീസ്

കണ്ണൂര്‍: പിണറായിയില്‍ മകളെയും മാതാപിതാക്കളെയും വിഷംനല്കി കൊലപ്പെടുത്തിയ കേസിലെ ഏകപ്രതി പടന്നക്കരയിലെ വണ്ണത്താന്‍ വീട്ടില്‍ സൗമ്യ ജയില്‍ വളപ്പില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ജയില്‍ ഉത്തരമേഖല ഡി.ഐ.ജി എസ്. സന്തോഷ് വനിതാ ജയിലിലെത്തി അന്വേഷണം തുടങ്ങി.

റീജിയണല്‍ വെല്‍ഫെയര്‍ ഓഫീസര്‍, ജയില്‍ സൂപ്രണ്ട് എന്നിവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പഠിച്ച ശേഷമാണ് ഡി.ഐ.ജി കണ്ണൂരിലെത്തിയത്. റിമാന്‍റ് പ്രതിയായ സൗമ്യ തൂങ്ങി മരിക്കാനിടയാക്കിയ സംഭവത്തില്‍ ജയില്‍ ജീവനക്കാരുടെ ഭാഗത്ത്നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോയെന്നാണ് ഡി.ഐ.ജി പരിശോധിക്കുന്നത്. റിമാന്‍റ് പ്രതിയുടെ മരണത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡി.ഐ.ജി പറഞ്ഞു.

അതിനിടെ സൗമ്യയുടേതെന്ന് പറഞ്ഞ് പ്രചരിക്കുന്ന ഡയറിയിലെ വാക്കുകള്‍ ആത്മഹത്യ സംബന്ധിച്ച്‌ അന്വേഷണം നടത്തുന്ന പൊലീസിനെ കുഴയ്ക്കുകയാണ്. ‘അവന്‍’ എന്നു പറഞ്ഞ് ഒരു വ്യക്തിയെക്കുറിച്ച്‌ ഡയറി കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന വിവരമാണ് പുറത്തുവന്നത്. മൂത്ത മകള്‍ ഐശ്വര്യയെ അഭിസംബോധന ചെയ്താണ് കുറിപ്പ്.

അതേസമയം, കൂട്ടക്കൊല കേസില്‍ നേരത്തെ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനും, കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ച സി.ഐയും മരണശേഷം കേസ് അന്വേഷിക്കുന്ന എസ്.ഐയും പറയുന്നത് ഇത്തരത്തിലുള്ള ഒരു കുറിപ്പ് ഇല്ലെന്നാണ്. എന്നാല്‍ ജയിലിലെത്തിയ ശേഷം സൗമ്യ ഒട്ടനവധി കുറിപ്പുകളും കവിതകളും എഴുതിയിട്ടുണ്ട്. സൗമ്യയുടെ സെല്ലില്‍ നിരവധി കുറിപ്പുകള്‍ ഉണ്ടെന്നും ഇത് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നുണ്ട്. ജയില്‍ അധികൃതര്‍ അനുവദിച്ചതിന് പുറമെ നോട്ട്ബുക്കുകള്‍ സൗമ്യ പണം കൊടുത്ത് വാങ്ങിയിരുന്നു.

കുറിപ്പ് ശരിയാണെങ്കില്‍ പ്രതിക്കൂട്ടിലാകുന്നത് പൊലീസായിരിക്കും. ആരെ സഹായിക്കാനാണ്, ആരുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് പ്രവര്‍ത്തിച്ചതെന്ന സത്യം പുറത്തുകൊണ്ടുവരേണ്ടിവരും. പൊലീസ് എന്തിന് ഇക്കാര്യങ്ങള്‍ മറച്ചു വച്ചു എന്നതും സംശയത്തിന് ഇടയാക്കും. പ്രദേശത്തെ ഒരു മുന്‍ സി.പി.എം പ്രവര്‍ത്തകനായ ഇപ്പോള്‍ മത സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരാളുടെ പേരും മറ്റ് രണ്ട് പേരുകളും നേരത്തെ സൗമ്യയുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നു. ഇവരെ ഉള്‍പ്പെടെ നിരവധി ആളുകളെ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു.

എന്നാല്‍ സൗമ്യ അന്ന് താന്‍ മാത്രമാണ് കുറ്റവാളിയെന്ന് പറയുകയും ചെയ്തിരുന്നു. പൊലീസ് ഇതാണ് ശരിവച്ചത്. അങ്ങനെയെങ്കില്‍ ജയിലിലെത്തിയ സൗമ്യയുടെ മനംമാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതാര് എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. റിമാന്‍റിലായതിന് ശേഷം കോടതിയിലെത്തിക്കുമ്പോള്‍പോലും സൗമ്യയെ ആരും കാണാനോ സംസാരിക്കാനോ വരാറില്ലെന്നാണ് പൊലീസ് പറയുന്നത്.

prp

Related posts

Leave a Reply

*