പെട്രോളില്‍ എഥനോള്‍ കലര്‍ത്തി ഇന്ത്യ 50,000 കോടി ലാഭിച്ചതായി മോദി; ‘ആ തുക കിട്ടിയത് ഇവിടത്തെ കര്‍ഷകര്‍ക്ക്’

ന്യൂഡല്‍ഹി: എഥനോള്‍ കലര്‍ത്തി പെട്രോള്‍ വിറ്റതുവഴി കഴിഞ്ഞ ഏഴ്-എട്ട് വര്‍ഷത്തിനിടെ ഇന്ത്യ 50,000 കോടി രൂപയുടെ വിദേശനാണ്യം ലാഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

പാനിപ്പത്തില്‍ ബുധനാഴ്ച ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സെക്കന്‍ഡ് ജനറേഷന്‍ എഥനോള്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്യവെയാണ് മോദിയുടെ അവകാശവാദം. ആ 50,000 കോടി രൂപ കര്‍ഷകര്‍ക്കാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഫാമുകളിലെ വൈക്കോല്‍ കത്തിക്കുന്ന പ്രശ്‌നത്തിന് 900 കോടി രൂപയുടെ എഥനോള്‍ പ്ലാന്റ് ശാശ്വത പരിഹാരം നല്‍കുമെന്ന് വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. വൈക്കോലുകള്‍ കര്‍ഷകരുടെ വരുമാന സ്രോതസ്സായി മാറും. എട്ട് വര്‍ഷത്തിനുള്ളില്‍ എഥനോള്‍ ഉല്‍പാദനം 40 കോടി ലിറ്ററില്‍ നിന്ന് 400 കോടി ലിറ്ററായി ഉയര്‍ന്നതായും മോദി പറഞ്ഞു.

‘പാനിപ്പത്തിലെ എഥനോള്‍ പ്ലാന്റ് ഹരിയാനയിലും ഡല്‍ഹിയിലും മലിനീകരണം കുറയ്ക്കാന്‍ സഹായിക്കും. സെക്കന്‍ഡ് ജനറേഷന്‍ എഥനോള്‍ പ്ലാന്റില്‍ ജൈവ ഇന്ധനം ഉല്‍പാദിപ്പിക്കാന്‍ ഭക്ഷ്യേതര ജൈവ അവശിഷ്ടങ്ങളാണ് അസംസ്‌കൃതപദാര്‍ത്ഥമായി ഉപയോഗിക്കുന്നത്. പ്രതിവര്‍ഷം ഏകദേശം 3 കോടി ലിറ്റര്‍ എഥനോള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് 2 ലക്ഷം ടണ്‍ വൈക്കോല്‍ വേണ്ടിവരും. ഹരിതഗൃഹ വാതകം കുറയാനും ഇത് കാരണമാകും. ജൈവ ഇന്ധനങ്ങളുടെ ഉല്‍പ്പാദനവും ഉപയോഗവും വര്‍ധിപ്പിക്കാനും കര്‍ഷകരെ സഹായിക്കുന്നതിനും പ്ലാന്റ് ഉപകരിക്കും’ -അദ്ദേഹം പറഞ്ഞു.

prp

Leave a Reply

*