ഇരിക്കൂര്‍: പെരുമണ്ണില്‍ വാഹനമിടിച്ച് പത്ത് പിഞ്ചു വിദ്യാര്‍ഥികള്‍ മരിച്ച കേസില്‍ പ്രതിക്ക് നൂറ് വര്‍ഷം തടവും പത്ത് ലക്ഷം രൂപ പിഴയും.
മലപ്പുറം കോട്ടൂര്‍ മണപ്പാട്ടില്‍ ഹൗസില്‍ എം അബ്ദുല്‍ കബീറിനെ (46)യാണ് കോടതി ശിക്ഷിച്ചത്. ഓരോ കുട്ടിയുടെ മരണത്തിനും പത്ത് വര്‍ഷം തടവും ഒരു ലക്ഷം പിഴയടക്കാനുമാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പി എന്‍ വിനോദ് വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ മുപ്പതു മാസം കൂടി തടവ് അനുഭവിക്കണം. പിഴയടച്ചാല്‍ ഓരോ ലക്ഷം വീതം കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് നല്‍കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ പത്ത് വര്‍ഷം തടവ് ശിക്ഷ മതിയാവും.
2008 ഡിസംബര്‍ നാലിന് വൈകിട്ട് 4.15നാണ് നാടിനെ നടുക്കിയ പെരുമണ്ണ് ദുരന്തം. പത്ത് വര്‍ഷത്തിനുശേഷമാണ് കേസില്‍ വിധി വരുന്നത്. പെരുമണ്ണ് നാരായണ വിലാസം എല്‍പി സ്കൂള്‍ വിട്ട് വിദ്യാര്‍ഥികള്‍ റോഡിന്റെ വലതു ഭാഗത്തുകൂടെ വരിയായി വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ പിറകു വശത്തുനിന്നു വന്ന ടെമ്പോ ട്രാക്സ് ക്രൂയിസര്‍ വാഹനം കുട്ടികളെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
പിറക് ഭാഗത്തായി നടന്ന കുട്ടികളാണ് അപകടത്തില്‍ മരിച്ചത്. പന്ത്രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു. ഒമ്പത് കുട്ടികള്‍ സംഭവ ദിവസവും ഒരു കുട്ടി ഒമ്പതാം ദിവസവുമാണ് മരിച്ചത്. പെരുമണ്ണ് പടിയൂര്‍ കുംഭത്തി ഹൗസിലെ രമേശന്റെ മക്കളായ അഖിന, അനുശ്രീ, ചിറ്റയില്‍ ഹൗസില്‍ സുരേന്ദ്രന്റെ മകള്‍ സാന്ദ്ര, കുംഭത്തി ഹൗസില്‍ നാരായണന്റെ മകള്‍ കാവ്യ, കൃഷ്ണാലയത്തില്‍ കുട്ടന്റെ മകള്‍ നന്ദന, പെരുമണ്ണിലെ വ്യാപാരി രാമകൃഷ്ണന്റെ മകള്‍ മിഥുന, ബാറുകുന്നുമ്മല്‍ ഹൗസില്‍ മോഹനന്റെ മകള്‍ സോന, സറീന മാന്‍സിലില്‍ ഇബ്രാഹിമിന്റെ മകള്‍ സി വി എന്‍ റംഷാന, സജീവന്റെ മകള്‍ സഞ്ജന, ബാറുകുന്നുമ്മല്‍ വീട്ടില്‍ വിജയന്റെ മകന് വൈഷ്ണവ് എന്നിവരാണ് മരിച്ചത്.
എ അതുല്‍, കെ അഭിനന്ദ്, കെ അഭിഷേക്, പി സ്നേഹ, പി പി സന്ദേഷ്ണ, പി മേഘ, കെ വര്‍ഷ, എം വി പ്രീയങ്ക, എം ടി അശ്വിന്, എം ടി അജയ്, പൂജാലക്ഷ്മി എന്നിവര്‍ക്കാണ് പരിക്കേറ്റത്. മരിച്ച 10 കുട്ടികളെയും ഇന്‍ക്വസ്റ്റ് നടത്തിയത് 10 എസ്ഐമാരായിരുന്നു. ഡിവൈഎസ്പിമാരായ പി സി ബാബു, പി എന്‍ വിശ്വനാഥന്, എം പി ബാലകൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.
മനഃപൂര്‍വമല്ലാത്ത നരഹത്യയാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. ആകെ 72 സാക്ഷികളാണുണ്ടായിരുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി കെ രാമചന്ദ്രന് ഹാജരായി.
