ന്യൂഡല്‍ഹി: പുതിയ വാക്സിന് നയം പ്രഖ്യാപിച്ചതിന് പിന്നാലെ ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. ജനസംഖ്യയും കോവിഡ് വ്യാപനത്തിെന്റ തോതും അടിസ്ഥാനമാക്കിയാവും സംസ്ഥാനങ്ങള്‍ക്ക് വാക്സിന് വിതരണം ചെയ്യുക. വാക്സിന് പാഴാക്കിയാല്‍ അത് സംസ്ഥാനങ്ങളുടെ ക്വാട്ടയെ നെഗറ്റീവായി സ്വാധീനിക്കും. ജൂണ്‍ 21 മുതല്‍ പുതിയ നയം നടപ്പാക്കി തുടങ്ങുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര പോരാളികള്‍, 45 വയസിന് മുകളിലുള്ളവര്‍, രണ്ടാം ഡോസ് ലഭിക്കാനുള്ളവര്‍ എന്നിവര്‍ക്കാവും വാക്സിനേഷനില്‍ മുന്‍ഗണന ലഭിക്കുക. സംസ്ഥാനങ്ങള്‍ക്ക് സ്വന്തംനിലക്കും മുന്‍ഗണന ക്രമം നിശ്ചയിക്കാം. കഴിഞ്ഞ ദിവസമാണ് പുതിയ വാക്സിന് നയം നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
സുപ്രീംകോടതിയില്‍ നിന്നും പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് വാക്സിന് നയം മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും സൗജന്യമായി വാക്സിന് നല്‍കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം.

