ബാര്‍ജ് അപകടം: ഇനിയും തിരിച്ചറിയാതെ 17 മൃതദേഹങ്ങള്‍

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റില്‍ അറബിക്കടലില്‍ ബാര്‍ജ് മുങ്ങി മൂന്നാഴ്ച പിന്നിട്ടിട്ടും മരിച്ചവരില്‍ 17 പേരെ ഇനിയും തിരിച്ചറിഞ്ഞില്ല. ഇവയില്‍ 15 മൃതദേഹം മുംബൈയിലെ ജെജെ ആശുപത്രിയിലെ മോര്‍ച്ചറിയിലും രണ്ടെണ്ണം വല്‍സാദിലെ ആശുപത്രി മോര്‍ച്ചറിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. അപകടത്തില്‍പ്പെട്ട ബാര്‍ജ് പി 305 ന്റെ ക്യാപ്റ്റന്‍ രാകേഷ് ബല്ലവിന്റെ മൃതദേഹം തിങ്കളാഴ്ച ബന്ധുക്കള്‍ക്ക് കൈമാറി.

കഴിഞ്ഞ 17 നാണ് ചുഴലിക്കാറ്റില്‍പെട്ട് ‘പി 305’ ബാര്‍ജും ബാര്‍ജ് കെട്ടിവലിക്കാന്‍ ചെന്ന ‘വരപ്രദ’ എന്ന വെസലും മുങ്ങി എട്ട് മലയാളികള്‍ ഉള്‍പ്പെടെ 86 പേര്‍ മരിച്ചത്. ഓ എന്‍ ജി സിയുടെ എണ്ണ കിണറുകളില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെട്ട കരാര്‍ കമ്ബനിയുടെ ജീവനക്കാരാണ് അപകടത്തില്‍പെട്ടത്. ജീവനക്കാരുടെ താമസ കേന്ദ്രമായിരുന്നു ബാര്‍ജ്. അപകടസമയത്ത് 261 പേരാണുണ്ടായിരുന്നത്. മലയാളികള്‍ ഉള്‍പ്പെടെ 184 പേരെ നാവികസേനയും തീരദേശ സേനയും രക്ഷപ്പെടുത്തി.

അപകട മുന്നറിയിപ്പ് ലഭിച്ചിട്ടും കടലില്‍ തുടര്‍ന്നതിന് ഒഎന്‍ജിസിയും കരാര്‍ കമ്ബനിയായ അഫ്‌കോണും തമ്മില്‍ പരസ്പരം പഴിചാരുകയാണ്.

ബാര്‍ജിലെ ചീഫ് എഞ്ചിനീയര്‍ റഹ്മാന്‍ ശൈഖിന്റെ പരാതിയില്‍ ക്യാപ്റ്റന്‍ രാകേഷ് ബല്ലവിന് എതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ മരിച്ചതോടെ കമ്ബനി അധികൃതരെ പ്രതിചേര്‍ത്ത് കേസ് മുന്നോട്ടു കൊണ്ടുപോകുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിക്കുമ്ബോള്‍ കടലില്‍ 22 ബാര്‍ജുകളുണ്ടായിരുന്നുവെന്നും സുരക്ഷിത സ്ഥലങ്ങളിലേക്ക് പിന്മാറാന്‍ തങ്ങള്‍ ആവശ്യപ്പെട്ടതോടെ 19 ബാര്‍ജുകള്‍ അതനുസരിച്ച്‌ കരയടുപ്പിച്ചെന്നും ഒഎന്‍ജിസി പറയുന്നു. അഫ്‌കോണ്‍ കമ്ബനിയുടെ മൂന്നു ബാര്‍ജുകള്‍ മാത്രമാണ് കടലില്‍ തുടര്‍ന്നതെന്നും അതിനാല്‍ അഫ്‌കോണ്‍ കമ്ബനിയാണ് ദുരന്തത്തിന് ഉത്തരവാദിയെന്നും ഒഎന്‍ജിസി അവകാശപ്പെട്ടു.

അതേസമയം, സുരക്ഷാനടപടികള്‍ ആവശ്യപ്പെട്ടും മാര്‍ഗ്ഗനിര്‍ദ്ദേശം തേടിയും, അപകടത്തില്‍പ്പെട്ട പി 305 മാര്‍ജിന്റെ ക്യാപ്റ്റന്‍ ഒഎന്‍ജിസി അധികൃതര്‍ക്ക് അയച്ച ഇമെയില്‍ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പെട്രോളിയം മന്ത്രാലയം നിയോഗിച്ച അന്വേഷണ സമിതിയാണ് ഇത് കണ്ടെത്തിയത്. സമിതിയുടെ ശിപാര്‍ശയെ തുടര്‍ന്ന് 3 എക്സിക്യൂട്ടീവ് ഡയറക്ടര്‍ മാരെ ഒഎന്‍ജിസി സസ്പെന്‍ഡ് ചെയ്തു. നടപടിക്കെതിരെ ഒഎന്‍ജിസി ഉദ്യോഗസ്ഥന്മാരുടെ അസോസിയേഷന്‍ രംഗത്ത് വന്നിട്ടുമുണ്ട്.

prp

Leave a Reply

*