തിരുവനന്തപുരം
എത്ര ബുദ്ധിമുട്ടിയാലും അവശരുടെയും അശരണരുടെയും ഏക ആശ്രയമായ ക്ഷേമപെന്ഷന് മുടക്കില്ലെന്ന് ഉറപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍.
ക്ഷേമ പെന്ഷന് ഒരിക്കലും തടസ്സപ്പെടാതിരിക്കാനാണ് സീഫ് ഫണ്ട് (അടിസ്ഥാന നിധി) ബജറ്റിലൂടെ പ്രഖ്യാപിച്ചത്. എല്ലാ മാസവും ആവശ്യത്തിന് ട്രഷറിയില്‍ പണമില്ലെങ്കിലും പെന്ഷന് വിതരണം സാധ്യമാക്കാനാണിത്. മദ്യത്തിനും പെട്രോളിനും ഡീസലിനും ചെറിയ സെസ് ഏര്‍പ്പടുത്തുന്നതും ഇതിനാണ്. കേന്ദ്രം ഈടാക്കുന്ന സെസിന്റെ പത്തിലൊന്നുമാത്രമാണ് സംസ്ഥാന നിര്‍ദേശം.
പ്രതിമാസം 1600 രൂപവീതം 62 ലക്ഷം പേര്‍ക്ക് കേരളം ക്ഷേമ പെന്ഷന് നല്കുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രതിമാസ ക്ഷേമ പെന്‍ഷനു വേണ്ടത് 270 കോടി രൂപയായിരുന്നു. നിലവില്‍ 950 കോടിയും. യുഡിഎഫ് 33 ലക്ഷം പേര്‍ക്ക് മാസം 600 രൂപ നല്കി. എന്നിട്ടും 18 മാസം കുടിശ്ശികയാക്കി. പിന്നീട് എല്‍ഡിഎഫ് സര്‍ക്കാരാണ് ഇത് നല്‍കിയത്.
കേന്ദ്രം കഴുത്തുഞെരിക്കുമ്ബോഴും വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മുടക്കിയിട്ടില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളവും പെന്‍ഷനുമായി 70,000 കോടി രൂപ വേണം. ക്ഷേമ പെന്ഷന് 11,000 കോടി. വിലിക്കയറ്റം തടയാന്‍ 2190 കോടി. സ്റ്റൈപെന്‍ഡുകള്‍ക്കും സ്കോളര്‍ഷിപ്പുകള്‍ക്കും 1013 കോടി. മറ്റ് ക്ഷേമ, വികസന പദ്ധതികള്‍ക്കും അനേകം കോടി വേറെയും. ആശുപത്രികളുടെയും വിദ്യാലയങ്ങളുടെയും റോഡുകളുടെയുമൊക്കെ വികസനവും വന്‍കിട പദ്ധതികളും അതിവേഗം മുന്നേറുന്നു.
പ്രതീക്ഷിത വരുമാനം കുത്തനെ ഇടിയുമ്ബോള്‍ അധിക വിഭവസമാഹരണമില്ലാതെ പ്രതിസന്ധി മറികടക്കാനാകില്ല. കടമെടുക്കാനുള്ള അവകാശവും കേന്ദ്രം കവര്‍ന്നു. ബജറ്റിനു പുറത്ത് പെന്ഷന് കമ്ബനിയുടെ താല്‍ക്കാലിക കടത്തില്‍ പെന്ഷന് വിതരണം ഉറപ്പാക്കുന്നതും കേന്ദ്രം തടയിടുന്നു. താല്‍ക്കാലിക കടവും സര്‍ക്കാര്‍ കടമാക്കി, കടമെടുപ്പ് അവകാശം കുറയ്ക്കുന്നു. ഇത് വികസനാവശ്യങ്ങള്‍ക്കുള്ള കടമെടുപ്പിനെയും ബാധിക്കുന്നു.

