നിറഞ്ഞു തുളുമ്ബി, പക്ഷേ വൈദ്യുതി ഉല്‍പാദനം സീറോ

തൃശൂര്‍ : ചരിത്രത്തില്‍ കൂടുതല്‍ നേരം​ കൂടുതല്‍ വെള്ളം തുറന്നുവിട്ടെങ്കിലും,​ പീച്ചി വൈദ്യുത ഉല്‍പാദനകേന്ദ്രം ഒരു യൂണിറ്റ് വൈദ്യുതി പോലും ഉല്‍പാദിപ്പിക്കാനാകാതെ നോക്കുകുത്തി.

ഇതിനിടെ,​ വൈദ്യുതി ഉല്‍പാദനകേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടു.

തകരാറിലായ സ്ലൂയിസ് വാല്‍വ് പുന:സ്ഥാപിക്കാത്തതാണ് ഉല്‍പാദനം മുടങ്ങാന്‍ ഇടയാക്കിയത്. 2020 സെപ്തംബര്‍ 21ന് ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് വലതുകര കനാലിലേക്കും കെ.എസ്.ഇ.ബി വൈദ്യുതി ഉല്‍പാദന കേന്ദ്രത്തിലേക്കും വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ് ലൈനിന്റെ വാല്‍വ് തകരാറിലായിരുന്നു. ഇതേത്തുടര്‍ന്ന് അന്ന് കെ.എസ്.ഇ.ബിയുടെ സ്ലൂയിസിലൂടെയുള്ള ജലപ്രവാഹം നിയന്ത്രിക്കാനായില്ല. ഡാമിലെ വൈദ്യുതി ഉല്‍പാദന കേന്ദ്രത്തില്‍ ഉണ്ടായ ട്രിപ്പിംഗാണ് സ്ലൂയിസ് വാല്‍വിലെ തകരാറിന് കാരണമെന്നായിരുന്നു കണ്ടെത്തല്‍.

പുതിയ വാല്‍വ് സ്ഥാപിക്കാനുള്ള ശ്രമം നടക്കുകയാണെന്നും ഇതിന് 50 ലക്ഷം രൂപയോളം ചെലവ് വരുമെന്നും ഇറിഗേഷന്‍ വകുപ്പിന്റെ മെക്കാനിക്കല്‍ വിഭാഗം അറിയിച്ചു. വാല്‍വ് മാറ്റി സ്ഥാപിക്കാന്‍ ടെന്‍ഡര്‍ നടപടി തുടങ്ങിയിരുന്നു. എന്നാല്‍ വകുപ്പ് തലത്തില്‍ അനുവദിക്കുന്നതിനേക്കാള്‍ കൂടുതല്‍ തുകയാണ് ടെന്‍ഡറില്‍ പങ്കെടുക്കുന്നവര്‍ ആവശ്യപ്പെടുന്നത്. ഈ തുക സര്‍ക്കാര്‍ അനുവാദത്തോടെ മാത്രമേ പാസാക്കാനാകൂ.

വര്‍ഷം ഉല്‍പാദിപ്പിക്കാവുന്നത് 1.25 മെഗാവാട്ട്.

1.25 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്ന ജലവൈദ്യുത പദ്ധതിയാണ് പീച്ചിയിലേത്. പ്രതിദിനം മുപ്പതിനായിരം യൂണിറ്റ് വൈദ്യുതി ഇവിടെ ഉല്‍പാദിപ്പിക്കാം. ഈ വര്‍ഷം ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ അധികം മഴ ലഭിച്ചിരുന്നു. അതുകൊണ്ട് ജൂലായ് 26ന് തുറന്ന ഡാമിന്റെ ഷട്ടറുകള്‍ കഴിഞ്ഞ ദിവസമാണ് പൂര്‍ണ്ണമായി അടച്ചത്. പീച്ചി ഡാമിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ദിവസം ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കിയത്.

കൂടാതെ ഡിസംബര്‍ 15 വരെ മഴ ഉണ്ടായില്ലെങ്കില്‍ കനാലുകളില്‍ കൂടി വെള്ളം തുറന്നു വിടേണ്ടിയും വരും. ഇപ്രകാരം കനാലില്‍ കൂടി വെള്ളം തുറന്നു വിടുമ്ബോള്‍ ആ വെള്ളവും വൈദ്യുതി ഉല്‍പാദനത്തിന് ഉപയോഗിക്കാവുന്ന രീതിയില്‍ കനാലിലേക്ക് തുറന്നു വിടാനുള്ള സംവിധാനവും ഇവിടെയുണ്ട്. എന്നാല്‍ സ്ലൂയിസ് വാല്‍വ് തകരാര്‍ പരിഹരിക്കാത്തത് മൂലം അതിനും സാധിക്കില്ല.

prp

Leave a Reply

*