തിരുവനന്തപുരം: കലഞ്ഞൂരില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് കൈപ്പത്തി അറ്റുതൂങ്ങിയ നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച യുവതിയുടെ കൈപ്പത്തി ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു.
എട്ടുമണിക്കൂര്‍ നീണ്ട അതിസങ്കീര്‍ണ ശസ്ത്രക്രിയയ്ക്ക് ശേഷം പത്തനംതിട്ട സ്വദേശിയായ വിദ്യ(27) മള്‍ട്ടി ഡിസിപ്ളിനറി ഐ.സിയുവില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
അസ്ഥിരോഗ വിഭാഗത്തിലെയും പ്ലാസ്റ്റിക് സര്‍ജറിയിലെയും അനസ്‌തേഷ്യയിലെയും ഡോക്ടര്‍മാര്‍ ശനിയാഴ്‌ച രാത്രി 12 മുതല്‍ വിശ്രമമില്ലാതെ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഞരമ്ബുകളും അസ്ഥികളുമെല്ലാം തുന്നിച്ചേര്‍ത്ത് കൈപ്പത്തി പൂര്‍വസ്ഥിതിയിലാക്കിയത്. അസ്ഥികള്‍ കമ്ബിയിട്ട് ഉറപ്പിച്ചശേഷം ഞരമ്ബുകളും അറ്റുപോയ രക്തക്കുഴലുകളും മറ്റു സൂക്ഷ്‌മനാഡികളുമെല്ലാം തുന്നിച്ചേര്‍ക്കുന്നതിന് അതിസങ്കീര്‍ണ ശസ്ത്രക്രിയയാണ് വേണ്ടിവന്നത്.
ശനിയാഴ്ച രാത്രി എട്ടോടെയാണ് വിദ്യയെ ഭര്‍ത്താവ് സന്തോഷ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വെട്ടുകത്തി കൊണ്ടുള്ള വെട്ട് തടുക്കുന്നതിനിടെ വെട്ടേറ്റ് ഇടതു കൈപ്പത്തി അറ്റുതൂങ്ങി. വലതുകൈയ്യിലെ വിരലുകള്‍ക്കും പരിക്കുണ്ട്.മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വിദ്യയുടെ അച്ഛന്‍ വിജയനും മുതുകില്‍ വെട്ടേറ്റു.മുറിവില്‍ 12 തുന്നലുകളുണ്ട്. മാരകമായി പരുക്കേറ്റ ദിവ്യയെ ബന്ധുക്കള്‍ രാത്രി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശസ്ത്രക്രിയയ്ക്കായി പത്തരലക്ഷം രൂപ ചെലവാകുമെന്നും ശസ്ത്രക്രിയ നടന്നാല്‍ വിജയിക്കുന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതായി വിദ്യയുടെ അച്‌ഛന്‍ വിജയന്‍ പറഞ്ഞു. തുടര്‍ന്ന് മന്ത്രി വീണാജോര്‍ജ് ഇടപെട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലെത്തിച്ച് ശസ്ത്രക്രിയ നടത്തുകയായിരുന്നു.
അതേ സമയം യുവതിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ഭര്‍ത്താവ് സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപ്പെടുത്താനായാണ് ആക്രമണം നടത്തിയതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി.

