പാകിസ്ഥാന്റെ വീരവാദത്തിന് അല്‍പ്പായുസ്; ജനവാസകേന്ദ്രത്തില്‍ മിസൈല്‍ പരീക്ഷണം നടത്തി തകര്‍ത്തത് നിരവധി വീടുകള്‍

ഏറ്റവും വലിയ ബാലിസ്റ്റിക് മിസൈലായ ഷഹീന്‍ -3 പരീക്ഷണം വിജയകരമായി പൂര്‍ത്തീകരിച്ചുവെന്ന പാകിസ്ഥാന്റെ അവകാശവാദം പൊളിച്ച്‌ ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. പാകിസ്ഥാന്‍ നിര്‍മിച്ച മിസൈല്‍ പരീക്ഷണത്തിനിടെ നിരവധി വീടുകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. ജനവാസകേന്ദ്രമായ ബലൂചിസ്ഥാനിലായിരുന്നു പാകിസ്ഥാന്റെ മിസൈല്‍ പരീക്ഷണം.

2750 കിലോമീറ്റര്‍ ദൂരെ വരെ ചെന്നെത്താനാവുന്ന ബാലിസ്‌റ്റിക് മിസൈല്‍ ‘ഷഹീന്‍ -3 ‘ വിജയകരമായി പരീക്ഷിച്ചുവെന്നായിരുന്നു പാകിസ്താന്റെ അവകാശവാദം . പാക് ആര്‍മിയുടെ പ്രചാരണ വിഭാഗമായ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് ഷഹീന്‍ -3 മിസൈല്‍ വിജയകരമായി വിക്ഷേപണം നടത്തിയതായി പ്രസ്താവനയിറക്കിയിരുന്നു. എന്നാല്‍, ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഇതിന്റെ സത്യാവസ്ഥ വെളിച്ചത്ത് കൊണ്ടുവന്നിരിക്കുകയാണ്.

ബലൂചിസ്ഥാന്‍ മേഖലയിലെ രാഖി പ്രദേശത്ത് നിന്നായിരുന്നു പരീക്ഷണം. കൊട്ടിഘോഷിച്ച മിസൈല്‍ പരീക്ഷണം പരാജയപ്പെടുകയും മിസൈല്‍ വന്ന് പതിച്ചത് ദേരാ ബുഗ്തി മാറ്റ് മേഖലയിലെ ജനവാസ മേഖലയിലാണെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബലൂചിസ്ഥാനിലെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ പാര്‍ട്ടികളിലൊന്നായ ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്.

സ്‌ഫോടനത്തില്‍ നിരവധി വീടുകള്‍ നശിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബലൂചിസ്ഥാനെ പാകിസ്ഥാന്‍ സൈന്യം ഒരു പരീക്ഷണ ശാലയാക്കി മാറ്റിയതായി ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി കേന്ദ്ര വക്താവ് ഷേര്‍ മുഹമ്മദ് ബുഗ്തി ആരോപിച്ചു. പാകിസ്ഥാനിലെ മിസൈല്‍ പരീക്ഷണത്തിലെ യഥാര്‍ത്ഥ ചിത്രം എന്താണെന്ന് ലോകം തിരിച്ചറിയണമെന്ന് അദ്ദേഹം വ്യക്തമാക്കി.

prp

Leave a Reply

*