ഇനി വച്ചുപൊറുപ്പിക്കില്ല, പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി അഫ്‌ഗാനിസ്ഥാന്‍, ആക്രമണത്തില്‍ പ്രതിഷേധം

കാബൂള്‍: പാക് വ്യോമാക്രമണത്തിന് പിന്നാലെ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ആക്രമണങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി അഫ്‌ഗാനിസ്ഥാന്‍ ആക്ടിംഗ് പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബ്.

പാക് ആക്രമണത്തില്‍ കുനാര്‍, ഖോസ്റ്റ് പ്രവിശ്യകളില്‍ അനേകം പേര്‍‌ കൊല്ലപ്പെട്ടുവെന്ന് അഫ്‌ഗാന്‍ ഭരണകൂടം ആരോപിച്ചിരുന്നു.

ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും അയല്‍രാജ്യങ്ങളില്‍ നിന്നും പ്രശ്നങ്ങളും വെല്ലുവിളികളും നേരിടുകയാണ്. കുനാര്‍ മേഖലയില്‍ നടന്ന ആക്രമണം ഇതിനുദാഹരണമാണെന്നും യാക്കൂബ് പറഞ്ഞു. താലിബാന്‍ സ്ഥാപകനും പിതാവുമായ മുല്ല മുഹമ്മദ് ഒമറിന്റെ ചരമവാര്‍ഷികത്തെ അനുസ്‌മരിച്ച്‌ കാബൂളില്‍ നടന്ന ചടങ്ങിലായിരുന്നു പരാമര്‍ശം. ദേശീയ താത്‌പര്യങ്ങള്‍ കണക്കിലെടുത്ത് ആക്രമണം സഹിച്ചു. എന്നാല്‍ ഇനി അതുണ്ടാകില്ലെന്നും യാക്കൂബ് വ്യക്തമാക്കി.

എന്നാല്‍ പാകിസ്ഥാനും അഫ്‌ഗാനും സഹോദര രാജ്യങ്ങളാണെന്നാണ് പാകിസ്ഥാന്‍ വക്‌താവ് വിഷയത്തില്‍ പ്രതികരിച്ചത്. ഇരുരാജ്യങ്ങളിലെയും ഭരണകൂടവും ജനങ്ങളും ഭീകരപ്രവര്‍ത്തനങ്ങളെ ഗുരുതര ഭീഷണിയായി കാണുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരത നേരിടാന്‍ ഇരു രാജ്യങ്ങളും സഹകരിക്കേണ്ടതുണ്ടെന്നും തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാക് വ്യോമാക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടുവെന്ന് അഫ്‌ഗാനിസ്ഥാന്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പാകിസ്ഥാന്‍ അംബാസിഡറെ വിളിച്ചുവരുത്തി അഫ്‌ഗാന്‍ ഭരണകൂടം ആക്രമണത്തിലെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.

prp

Leave a Reply

*