പാകിസ്താനില്‍ സേവനം നിര്‍ത്തുമെന്ന ഭീഷണിയുമായി ഫേയ്‌സ്ബുക്കും ട്വിറ്ററും ഗൂഗിളും

ഇസ്ലാമാബാദ് : ഓണ്‍ലൈന്‍ സേവനങ്ങളെ നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ അംഗീകരിച്ച പുതിയ നിയമങ്ങള്‍ പുനഃപരിശോധന നടത്താന്‍ തയ്യാറായില്ലെങ്കില്‍ പാകിസ്താനില്‍ സേവനം അവസാനിപ്പിക്കേണ്ടി വരുമെന്ന ഭീഷണിയുമായി ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നീ മുന്‍നിര കമ്ബനികള്‍ ഉള്‍പ്പെടുന്ന ഏഷ്യ ഇന്റര്‍നെറ്റ് കോലിഷന്‍ (എഐസി). പാകിസ്താന്‍ പുതിയതായി കൊണ്ടുവന്ന സിറ്റിസന്‍സ് പ്രൊട്ടക്ഷന്‍ റൂളിനെതിരെയാണ് കമ്ബനികള്‍ രംഗത്ത് വന്നത്.

നിയമങ്ങള്‍ പുനഃപരിശോധിക്കണെമന്നാവശ്യപ്പെട്ട് ഫെബ്രുവരി ആദ്യം എഐസി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കത്തെഴുതിയിരുന്നു. നിലവിലെ നിയമങ്ങളനുസരിച്ച്‌ പാകിസ്താനി ഉപയോക്താക്കള്‍ക്കും വ്യവസായങ്ങള്‍ക്കും സേവനമെത്തിക്കുന്നത് വളരെ പ്രയാസകരമാക്കുമെന്ന് കത്തില്‍ പറയുന്നു.

പുതിയ നിയമം അനുസരിച്ച്‌ കമ്ബനികള്‍ ഇസ്ലാമാബാദില്‍ ഓഫീസ് തുടങ്ങണം, ഡാറ്റാ സെര്‍വറുകള്‍ പാകിസ്താനില്‍ തുടങ്ങുകയും വിവരങ്ങള്‍ ശേഖരിക്കുകയും സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുകയും വേണം.

അവ്യക്തവും ഏകപക്ഷീയവുമായ സ്വഭാവമാണ് നിയമത്തിനുള്ളതെന്ന് എഐസി പറയുന്നു. ഉപഭോക്താക്കളുടെ സ്വകാര്യതയുടേയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും സ്ഥാപിത മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി നിയമം തങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും എഐസി പറഞ്ഞു.

സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ സര്‍ക്കാര്‍ നിയന്ത്രണം കര്‍ശനമാക്കും വിധമാണ് പാകിസ്താന്‍ നിയമം നിര്‍മിച്ചിരിക്കുന്നത്. സര്‍ക്കാരിനെതിരെയുള്ള അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്ന രാജ്യത്തിനകത്തും പുറത്തുമുള്ള പാകിസ്താനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഈ നിയമം പിന്തുണ നല്‍കുന്നു.

നിയമം പാലിക്കാന്‍ കമ്ബനികള്‍ തയ്യാറായില്ലെങ്കില്‍ കമ്ബനികളുടെ സേവനങ്ങള്‍ വിലക്കുമെന്നും 50 കോടി പാകിസ്താന്‍ രൂപ പിഴയായി നല്‍കേണ്ടി വരുമെന്നും നിയമം പറയുന്നു. എന്നാല്‍ നിയമങ്ങള്‍ പുനഃപരിശോധിച്ചില്ലെങ്കില്‍ തങ്ങള്‍ സേവനം നിര്‍ത്താന്‍ തയ്യാറാണ് എന്ന നിലപാടിലാണ് കമ്ബനികള്‍.

prp

Leave a Reply

*